പട്ടുതെരുവ് തളർന്നുറങ്ങിയ ഇഫ്താർ ദിനങ്ങൾ...
text_fields2020 മേയ് 16. സമയം വൈകീട്ട് 6.20 ആകുകയാണ്. പത്തുപതിനഞ്ച് മിനിറ്റ് കൂടി കഴിഞ്ഞാൽ തൊട്ടടുത്തെ പള്ളികളിൽനിന്ന് പ്രാസമൊപ്പിച്ച് വരുന്ന നീട്ടിയുള്ള ബാങ്ക് വിളിയാണ് മനസ്സിൽ. മൂന്നാലിങ്ങലെ പഴയ കോർപറേഷൻ ഓഫിസിനടുത്ത് സ്കൂട്ടർ നിർത്തി. പതുക്കെ കോഴിക്കോടിന്റെ പഴയ വാണിജ്യ പ്രതാപത്തിന്റെ സ്മാരകശിലകൾ ഇപ്പോഴും ഒരു പരിധിവരെ സൂക്ഷിച്ചിരിക്കുന്ന പട്ടുതെരുവിലേക്കുള്ള നടത്തം തുടങ്ങി. അന്ന് ലോക് ഡൗൺ ഇളവുകളുള്ള ദിവസമായിരുന്നു. പതുക്കെ നടക്കുമ്പോഴും ചുറ്റും ആരെയും കാണാനില്ല. തെരുവ് അപ്പോഴും തളർന്നുറങ്ങുകയാണ്. ഇടക്ക് റോഡിലൂടെ കടന്നുപോകുന്ന സ്കൂട്ടറോ അതുപോലുള്ള ചെറിയ വാഹനങ്ങളോ ആണ് നിശബ്ദതക്ക് ഭംഗംവരുത്തിയിരുന്നത്.
ഭക്ഷണക്കടകൾ മിക്കതും അടഞ്ഞു കിടക്കുകയാണ്. അതും ഏഴിനോ എട്ടിനോ താഴിടണം. നൂറ്റാണ്ടുകൾ പഴക്കമുള്ള പല കെട്ടിടങ്ങളും ഇപ്പോഴും നഷ്ടപ്രതാപത്തിന്റെ ഓർമകളും പേറി ഇപ്പോഴും ഈ തെരുവിന്റെ പല ഭാഗങ്ങളിലുമുണ്ട്. വിദേശവ്യാപാരികളുമായി വാണിജ്യ ഇടപാടുകൾ നടന്ന പ്രധാന കേന്ദ്രങ്ങളിലൊന്നും ഇവിടെയായിരുന്നു. പട്ടും ഹൽവയുമടക്കം അറബികൾ ഉരുവിലേക്ക് കയറ്റിയത് സൗത്ത് ബീച്ച് ഭാഗത്തുനിന്നായിരുന്നു.
എന്നാൽ, ഈ തെരുവും സമീപത്തെ പോക്കറ്റ് റോഡുകളുമെല്ലാം പുതുതലമുറയുടെ ഇഷ്ട കേന്ദ്രമായി മാറിയത് ചരിത്രബോധം കൊണ്ടെന്നുമല്ല, മറിച്ച് ഇവിടത്തെ രുചിയിടങ്ങൾകൊണ്ടാണ്. മൂന്നാം ഗെയിറ്റു കഴിഞ്ഞാലുള്ള മൂന്നാലിങ്ങൽമുതൽ രുചിവൈഭവം തുടങ്ങുകയായി. പുതുതലമുറക്ക് താൽപര്യം കൂടിയതോടെ ഈ പഴയ വാണിജ്യതെരുവ് അങ്ങനെ ഒരു ഭക്ഷണതെരുവായി മുഖം മിനുക്കുകയായിരുന്നു. പട്ടുതെരുവിൽ തൊട്ടടുത്തെ മൂന്നാലിങ്ങലിൽ തുടങ്ങി സൗത്ത് ബീച്ചിലെ രുചി വൈഭവങ്ങളിലാണ് അത് എത്തിനിൽക്കുന്നത്. ബീച്ചിലേക്കുള്ള ഒരു സവാരി എന്നതിനപ്പുറം പലഹാരങ്ങൾ വായിലാക്കുവാനുള്ള ഒരു നഗര സായാഹ്ന സവാരിയായത് ക്രമേണ മാറുകയായിരുന്നു. ഇതിന്റെ ഉച്ചസ്ഥായി ഭാവമാണ് റമദാൻ മാസത്തിലെ വൈകുന്നേരങ്ങളിൽ ഇവിടെ കാണുക.
പട്ടുതെരുവടക്കമുള്ളവ റമദാൻ രാവുകളിൽ പുലർച്ച കോഴി കൂവുന്നതുവരെ ഉണർന്നിരിക്കും. പ്രത്യേകിച്ച് റമദാനിലെ അവസാന പത്തു ദിനങ്ങളിൽ ഇവിടെ ഇഫ്താർ സംഗമങ്ങൾ അഥവാ നോമ്പുതുറപ്പിക്കൽ ആഘോഷമാണ്. വൈകീട്ട് അഞ്ചോടുകൂടി അടുക്കാൻ സാധിക്കാത്തവിധം വാഹനങ്ങളുടെ പ്രളയമാണ്. 2019ലെ മേയ് മാസത്തിലാണ് സുഹൃത്ത് രഞ്ജിത്ത് ഞങ്ങൾ സുഹൃത്തുകൾക്ക് ഈ തെരുവിൽവെച്ച് ഇഫ്താർ വിരുന്ന് നൽകാൻ തീരുമാനിച്ചത്. അകത്ത് കയറിയ അത്രയും പേർ പുറത്തുമുള്ളതുകൊണ്ട് ആദ്യം ചെന്ന കടയിൽനിന്ന് പിൻവാങ്ങി നടത്തംതുടങ്ങി.
നേരെ, കോഴിക്കോട്ടുകാർക്ക് ചട്ടിപ്പത്തിരിയുടെയും നെയ് പത്തിരിയുടെയുമെല്ലാം രുചി പരിചയപ്പെടുത്തിയ ഹോട്ടലിലേക്ക്. ആ പരിസരത്തും സൂചി കുത്താൻ ഇടമില്ലായിരുന്നു. പിന്നീട് പോയ സ്ഥലത്ത് നോ എൻട്രി ബോർഡ്. മഗ് രിബ് ബാങ്ക് സമയമായ ആറേ നാൽപതിലേക്ക്, ഇനി കഷ്ടിച്ച് പത്തുമിനിട്ടു മാത്രം. നേരെ മുന്നോട്ടുതന്നെ നടന്നു. മറ്റൊരിടം, ഹോട്ടലാണെന്ന് മനസ്സിലായതോടെ അങ്ങോട്ട് കയറി. ഭാഗ്യത്തിന് അത്ര തിരക്കില്ല. രണ്ടുപേർ ഒഴിവുള്ള ഒരു മേശയിലിരുന്നു. രണ്ടുപേർ കൈകഴുകാൻ പോയി. ഉള്ളിലെ കൗണ്ടറിൽനിന്ന് ഒരു വെയിറ്റർ പുറത്തേക്ക് വന്നു. ‘സോറി, ഇതു ബുക്കു ചെയ്ത ടേബിളാണ്. ഒരു മണിക്കൂർ കഴിഞ്ഞാലേ ഫ്രീയാകൂ’. എന്ന്!
പിന്നീട് സൗത്ത് ബീച്ചിലേക്കായി നടത്തം. ഗുജറാത്തി സ്ട്രീറ്റിനടുത്തുള്ള എല്ലായിടത്തും കയറിയിറങ്ങിയപ്പോൾ മനസ്സിലായി, അന്നത്തെ നോമ്പുതുറക്ക് ഒരു കാരക്കചീളു പോലും ഈ തെരുവിൽനിന്ന് കിട്ടില്ലെന്ന്. അവസാനം പള്ളിയിൽനിന്ന് ബാങ്കുവിളിയുമുയർന്നു. അവിടെ എവിടെയെങ്കിലും ഒഴിവുള്ള ഹോട്ടലുകളിലൊന്നിൽ ഇടംപിടിക്കാൻ ആതിഥേയനായ രഞ്ജിത്തിനെയും ഒപ്പമുണ്ടായിരുന്ന അജീഷ് അത്തോളിയെയും ഏൽപിച്ച് ഞാനും സുഹൃത്ത് വി.കെ. ജാബിറും തൊട്ടടുത്തെ ഖലീഫാ മസ്ജിദിലേക്കോടി. നോമ്പുതുറക്കാൻ ഒരു ചീളു കാരക്കയെങ്കിലും കിട്ടുമോയെന്ന ആശങ്കയുമായി.
***
‘ഹലോ, ഒന്ന് സൈഡാക്കണേ’, പിന്നിൽനിന്ന് വന്ന ഒരു കാറുകാരന്റെ വിളിയാണ് 2019ൽനിന്ന് എന്നെ വീണ്ടും 2020ലെ കോവിഡ് കാലത്തെ യഥാർഥ്യത്തിലേക്ക് മടക്കിയെത്തിച്ചത്. എന്റെ സ്കൂട്ടർ അപ്പോഴേക്കും റസ്റ്റാറന്റ് എന്ന വലിയ ബോർഡിന്റെ മുന്നിലെത്തിയിരുന്നു. എന്നാൽ, ബോർഡിനെക്കാൾ വലിയ പൂട്ടിട്ട് ഹോട്ടലിന്റെ പുറത്തേക്കുള്ള പ്രധാന ഗെയിറ്റും പൂട്ടിയിട്ടുണ്ടായിരുന്നു! രണ്ടു മാസം മുമ്പ് തുടങ്ങിയ കോവിഡ് ലോക് ഡൗണിന് മുമ്പേ അടച്ചതാണിതെന്ന് പൂച്ച പ്രസവിച്ചുകിടക്കുന്നത് കണ്ടാൽ മനസ്സിലാകും.
റോഡ് അപ്പോഴും വിജനമായിരുന്നു. അതുണ്ടാക്കുന്ന പേടിപ്പെടുത്തുന്ന ഒറ്റപ്പെടൽ മലയാളികളിൽ ഭൂരിഭാഗവും ഒരു പക്ഷേ ഏറ്റവും കൂടുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകുക, ഈ കോവിഡ് കാലത്തായിരിക്കും. ആലോചന കാടുകയറി ചെന്നുനിന്നത് അടുത്ത റസ്റ്ററന്റിന് മുന്നിലായിരുന്നു. അങ്ങോട്ടു വരുന്നവരെയെല്ലാം ഏറെ ഹൃദ്യമായി സ്വാഗതം ചെയ്യുന്ന ‘കേറിക്കോളീ...’ ബോർഡ് കണ്ട് അകത്തേക്ക് പോകുന്ന ആളെ വീണ്ടും മറ്റൊരു ബോർഡാണ് സ്വാഗതം ചെയ്യുക. ‘TAKE AWAY COUNTER’. എടുക്കുക, കൊണ്ടുപോകുക, എവിടെ നിന്നെങ്കിലും കഴിക്കുക എന്നർഥം. പട്ടുതെരുവിലെ രുചിതേടി എത്തുന്ന ഇടങ്ങളിലെല്ലാം വരവേൽക്കുന്നത് ഇത്തരം ബോർഡ് തന്നെ.
ഇവിടെ തന്നെയാണോ ഇഫ്താർ വിരുന്നിന്റെ ഒരു കാരക്ക ചീളിനായി കഴിഞ്ഞവർഷം ഞാൻ ഓടിനടന്നത്? ഓർമകളിങ്ങനെ വർഷങ്ങൾ പിന്നോട്ട് പോയതിൽനിന്ന് തിരിച്ച് പുതിയ കാലത്തേക്കുതന്നെ തിരികെവന്നു.
നിന്നുതിരിയാൻ ഇടമില്ലാതെ തിങ്ങിനിറഞ്ഞ ഒരു ഇഫ്താർ തെരുവ്. നടന്നുപോകുന്നവരെ പോലും ഭീതിപ്പെടുത്തുന്ന രീതിയിലേക്കും ഇപ്പോൾ വീണ്ടും പഴയ സജീവതയിലേക്ക് തന്നെ തിരിച്ചുവന്നതും പട്ടുതെരുവിന്റെ ചരിത്രത്തിന്റെ ഭാഗമാണിപ്പോൾ. എന്നാലിപ്പോഴും റമദാനിന്റെ സായാഹ്നങ്ങളിൽ ഇതിലേ കടന്നുപോകുമ്പോൾ, വർണാഭമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന, ഗമയോടെ തലയുയർത്തി നിൽക്കുന്ന ഈ തെരുവിലെ കെട്ടിടങ്ങളെ നോക്കി വെറുതെ ചോദിക്കാൻ തോന്നും, ‘ഓർമയുണ്ടോ ആ കോവിഡ് കാലം?’ എന്ന്.
ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തപോലും മാറ്റിമറിച്ച കാലമായിരുന്നു അത്. ജീവൻ നിലനിർത്താൻ ഭക്ഷണം കഴിക്കുകയെന്നതിൽനിന്ന് ഭക്ഷണം കഴിക്കാനായി ജീവിക്കുകയെന്നതിലേക്ക് വഴിമാറിനടന്ന മനുഷ്യന്, അന്നത്തിന്റെ വിലയെന്തെന്ന തിരിച്ചറിവ് ഒരു പരിധിവരെ മനസ്സിലാക്കിക്കൊടുക്കാൻ കോവിഡ് കാലത്തെ ഭക്ഷണശാലകളുടെ ലോക് ഡൗൺ കാരണമായിട്ടുണ്ട്. ഇതേപോലെ തന്നെ റമദാൻ അവസാന പത്തിൽ സൗഹൃദ, കുടുംബ ഇഫ്താർ വിരുന്നുകളുടെ കാർണിവലുകളൊരുക്കിയ പട്ടുതെരുവിനെയും കോവിഡ് പല പാഠങ്ങളും സമൂഹത്തിനെ പഠിപ്പിച്ചിട്ടുണ്ട്, അതുകൊണ്ട് തന്നെയാണ് തളർന്നുറങ്ങിയ ഈ തെരുവിന്റെ കോവിഡ് കാല കാഴ്ച കോഴിക്കോടിന്റെ ചരിത്രത്തിലെ ഒരധ്യായമായി മാറുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.