പട്ടിണിയറിഞ്ഞ നോമ്പുകാലം!
text_fieldsപത്തുവർഷം മുമ്പ് ഗൾഫ് ജീവിതത്തിലെ ഉഷ്ണച്ചൂടിൽ ഒരു നോമ്പുകാലം വന്നണഞ്ഞു. ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിൽ ഒന്നുപോലും തരണം ചെയ്യാനാവാതെ കുഴങ്ങിക്കിടക്കുന്ന അവസരത്തിലായിരുന്നു നോമ്പിനെ വരവേറ്റത്.
പ്രഭാതം മുതൽ പ്രദോഷം വരെ പട്ടിണി കിടന്ന് ഉപവാസമനുഷ്ഠിക്കുന്ന വേളയിൽ പട്ടിണിയുടെ പ്രാധാന്യവും കൂടി അറിയാനാണ് സൂക്ഷ്മതയിലധിഷ്ഠിതമായ നോമ്പ് മുസ്ലിം ലോകം നിർവഹിക്കുന്നത്. എന്നാൽ, ശരിക്കും പട്ടിണി അറിഞ്ഞ രാവും പകലുമായിരുന്നു എന്റേത്.
സുൽത്താൻ ഖാബൂസ് മസ്ജിദിൽനിന്ന് ഇഫ്താറിന് ബിരിയാണി കിട്ടിയിരുന്നില്ലെങ്കിൽ എന്റെ ഇഫ്താർപോലും പച്ചവെള്ളത്തിൽ മാത്രം ഒതുങ്ങുമായിരുന്നു. ഇഫ്താർ തുറക്കാൻ വേണ്ടി പള്ളിയിലേക്ക് നേരത്തെ പുറപ്പെടും. പാകിസ്താനികളും ബംഗാളികളും ഇന്ത്യക്കാരും വിശിഷ്യാ മലയാളികളുമടങ്ങുന്ന നോമ്പുകാരുടെ ഒരു തിരക്ക് തന്നെയാണ് പള്ളിയിൽ. ഭക്ഷണത്തളികക്ക് ചുറ്റുമിരിക്കാനുള്ള തിക്കുംതിരക്കും. ആ തിരക്കിനിടയിൽ സ്ഥലം പിടിക്കാൻ വേണ്ടിയാണ് നേരത്തെ പള്ളിമുറ്റത്തെത്തുന്നത്. മേലെയും ചൂട് അടിയിലും ചൂട് എന്ന അവസ്ഥയിലാണ് ഇരിപ്പ്.
മഗ്രിബ് ബാങ്ക് കേട്ടതോടെ നോമ്പ് മുറിക്കാനും ബിരിയാണി അകത്താക്കാനുമുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. കഷ്ടിച്ച് കിട്ടിയ ഭക്ഷണം അകത്താക്കുമ്പോൾ തെല്ലുവേദനയോടെ കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരികെ നടക്കും. എന്തായിരുന്നു ആ കാലഘട്ടം? കുടുംബവുമായി സമൃദ്ധിയോടെ കഴിഞ്ഞ കാലഘട്ടം. ഒരു സംഘത്തിന്റെ പ്രവർത്തകനായതിനാൽ അന്ന് ചുറ്റിലും വേണ്ടപ്പെട്ടവരായി അവരാണ് ഉണ്ടായിരുന്നത്. അന്ന് ഒന്നിച്ച് നോമ്പ് തുറക്കാനും നോമ്പുതുറപ്പിക്കാനുമുള്ള ആത്മബന്ധം നിലനിന്നിരുന്നു. ഇന്ന് കൂടെ കുടുംബമില്ല. നാട്ടിലാണ്. പ്രസ്ഥാനക്കാരില്ല. ചില വീഴ്ചകളാൽ അവരെല്ലാം അകന്നുപോയി. മര്യാദക്ക് ഒരു ജോലിയില്ല. ഭക്ഷണത്തിന് പോലും നന്നേ ബുദ്ധിമുട്ട്. പണ്ട് കൂടെ കൂടിയവർ ഇന്നും കുടുംബവുമായി കഴിയുന്നു. അവരിൽ ഏതെങ്കിലും ഒരു കുടുംബം എന്നെ ഓർത്തിരുന്നെങ്കിൽ? എന്നാശിച്ചുപോയി. എങ്കിൽ അവരൊക്കെ ക്ഷണിക്കുന്നതിനനുസരിച്ച് നോമ്പുതുറയിൽ പങ്കെടുത്ത് നാട്ടിന്റെ നോമ്പ് വിഭവങ്ങൾ കഴിക്കാമായിരുന്നു. ആശ നിരാശയായി. ഒന്നും ഇല്ലാത്ത അവസ്ഥയിൽ സങ്കടം ഉള്ളിൽ ഒതുക്കി നാഥനിലേക്ക് മടങ്ങി പ്രാർഥനാനിരതനാകും. പിന്നീട് തറാവീഹ് നമസ്കാരം കഴിഞ്ഞ് പള്ളിയിൽനിന്ന് റൂമിലേക്ക് പോകും രാത്രി വെള്ളം കുടിച്ചുറങ്ങും. ഒരുനേരത്തെ ആഹാരം കൊണ്ട് ജീവിച്ച ആ റമദാൻ മാസത്തിലെ ദിനരാത്രങ്ങളാണ് ഇന്നേവരെ ഞാനെടുത്ത നോമ്പുകളിൽ ഏറ്റവും വലിയ നോമ്പനുഭവം.
വാൽക്കഷണം
പ്രിയ വായനക്കാരെ, നന്നായി വേഷവിധാനത്തിൽ കഴിയുന്ന (ഞാൻ അങ്ങനെയായിരുന്നു) ചുരുക്കം ചിലരെങ്കിലും ചിലപ്പോൾ പട്ടിണിയിലായിരിക്കും. അവരെ കണ്ടെത്തി ചേർത്തു പിടിക്കുമ്പോഴാണ് നാം നോമ്പിന്റെ പുണ്യം നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.