ഞാൻ തൊട്ടറിഞ്ഞ നന്മയാണ് റമദാൻ
text_fieldsകുട്ടിക്കാലത്ത് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്, കൂടെയുള്ള കൂട്ടുകാരായ ഷമീറും ഷിഹാബും എങ്ങനെയാണ് പകൽ മുഴുവൻ ഒരിറ്റ് വെള്ളം പോലും കുടിക്കാതിരിക്കുന്നതെന്ന്. കഴിഞ്ഞ ദിവസം ഫോണിൽ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ പഴയകാല ഓർമകൾ എന്റെ മനസ്സിൽ തെളിഞ്ഞുവന്നു. വേനലവധിക്കാലത്താണ് റമദാനെങ്കിൽ പരീക്ഷ കഴിയുമ്പോഴേ കൂട്ടുകാരൻ പറയും, ചെറിയ പെരുന്നാളിന് വീട്ടിൽ വരണമെന്ന്. ഷമീറിന്റെ ഉമ്മയും ബാപ്പ കരീം ഹാജിയും സഹോദരങ്ങളും ഒരു കുടുംബമായിട്ടേ എനിക്കും അവർക്കും തോന്നിയിട്ടുള്ളൂ, അന്നും ഇന്നും.
കൂട്ടുകാർക്ക് കൂട്ടായി ഞാനും നോമ്പ് പിടിച്ചിട്ടുണ്ട്. എന്റെ നോമ്പ് അതു തുറക്കലിന്റെ സമയത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. നോമ്പ് തുറപ്പിക്കുന്നതിലും വൈശിഷ്ട്യമുണ്ടെന്നും രണ്ടിനും ഒരേ പ്രതിഫലമാണെന്നും അവന്റെ ബാപ്പ കരീം ഹാജി പറഞ്ഞുതരുമായിരുന്നു. അന്ന് കഴിച്ച ഭക്ഷണത്തിന്റെ രുചി ജന്മനാടായ ചേർത്തലയിൽനിന്നും തിരുവനന്തപുരത്ത് വന്നപ്പോഴും കിട്ടിയിട്ടില്ല.
കാലം കടന്നുപോയെങ്കിലും സൗഹൃദങ്ങൾക്ക് ഇന്നും മങ്ങലേറ്റിട്ടില്ല. നിയോഗം പോലെ എനിക്ക് ലഭിച്ച മഞ്ഞവസ്ത്രം മതത്തിനതീതമായ പല കൂട്ടായ്മകളിലേക്കും എന്നെ എത്തിച്ചു. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മഹിത സന്ദേശം വിളമ്പുന്ന നിരവധി ഇഫ്താർ വിരുന്നുകളിൽ ഇന്ന് ഞാൻ പങ്കെടുക്കാറുണ്ട്. അവിടെയൊക്കെ ഊട്ടിയുറപ്പിക്കപ്പെടുന്നത് മതസൗഹാർദമല്ല, അതിനപ്പുറം മനുഷ്യൻ തമ്മിലുള്ള സൗഹാർദമാണ്. പണ്ട് കൂട്ടുകാരന്റെ തലയിൽനിന്നും എടുത്തുവെച്ച തൊപ്പിയുടെ സ്ഥാനത്ത് ഈയിടെ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ സ്നേഹത്തിന്റെ ഹൃദയ അടയാളമായി തലപ്പാവ് ചാർത്തിത്തന്നു. ബാല്യത്തിന്റെ നിഷ്കളങ്കതയിൽ ഞാൻ തൊട്ടറിഞ്ഞ നന്മകൾ തന്നെയാണ് റമദാൻ എനിക്കിപ്പോഴും.
കാലം എത്ര കഴിഞ്ഞാലും നാടിന് എന്തൊക്കെ മാറ്റംവന്നാലും ആത്മീയ ആനന്ദത്തിന്റെ നിർവൃതി നുകരുന്നതാണ് റമദാൻ കാലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.