വറുതികാലത്തെ നോമ്പോർമകൾ
text_fieldsമകന്റെ കുടുംബത്തിനൊപ്പം നോമ്പു കൂടാൻ ഖത്തറിലെത്തിയതാണ് ഞങ്ങൾ. രണ്ടുവർഷമായി നോമ്പുകാലത്ത് ഇതാണ് പതിവ്. ഒരു കാൽ നഷ്ടമായി വീൽചെയറിൽ കഴിയുന്ന ഭർത്താവിന്റെ സൗകര്യം പരിഗണിച്ചാണ് റമദാനിൽ ഖത്തറിലെത്തി മകൾക്കൊപ്പം നിൽക്കാമെന്ന് തീരുമാനിച്ചത്. എന്തുകൊണ്ടും നോമ്പുകാലം ഇവിടെ സുഖകരമാണ്.
വിഭവ സമൃദ്ധമായ ഇഫ്താറുകളും സുഖസൗകര്യവുമെല്ലാമുള്ള നാളുകൾക്ക് സാക്ഷിയാവുമ്പോൾ എന്റെ നോമ്പോർമകൾ അരനൂറ്റാണ്ട് പിന്നിലേക്കാണ് പോകുന്നത്. ഞങ്ങളുടെയൊക്കെ കുട്ടിക്കാലം. നോമ്പുതുറക്കാൻ ഇന്നത്തെ പോലെ പലതരം ഈത്തപ്പഴങ്ങളൊന്നുമില്ലായിരുന്നു. ഉണങ്ങിയ കാരക്കയാണ് നോമ്പിന്റെ വരവ് അറിയിക്കുന്നത്. നേരത്തെ തന്നെ എല്ലാ കടകളിലും എത്തും. ഇഷ്ടം പോലെ കഴിക്കാനൊന്നുമുണ്ടായിരുന്നില്ല. ഒരു കാരക്ക നാലായി ചീന്തിയെടുത്ത് ഓരോ കീറ് കാരക്കയും കുറച്ച് പച്ചവെള്ളവും കൊണ്ട് നോമ്പ് തുറക്കും. പിന്നെ, കപ്പപ്പുഴുക്കും മീൻകറിയും. അന്നൊക്കെ വീട്ടിൽ നോമ്പ് തുറക്കാൻ ഒന്നോ രണ്ടോ അതിഥികൾ ഉണ്ടാകും. വീട്ടുകാരെ അറിയിക്കാതെയെത്തുന്ന ഇവരെ കൂടി കണക്കിലെടുത്താവും നോമ്പ് തുറയൊരുക്കുന്നത്. വീടുകളിൽ അത്താഴച്ചോറിന്റെ പണി രാത്രി വൈകിയേ ആരംഭിക്കൂ. നേരത്തെ ഉണ്ടാക്കിവെച്ചാൽ ചൂട് ആറിപ്പോകുമെന്നതിനാലാണിത്. ചോറും കറിയും ആയിക്കഴിഞ്ഞാൽ അതും കഴിച്ച് നോമ്പിലേക്ക് പ്രവേശിക്കും. കഴിക്കാതെ കിടന്നാൽ ചിലപ്പോൾ നേരംവെളുത്ത്, കോഴി കൂവുന്നത് കേട്ടായിരിക്കും ഉണരുക. അന്നൊക്കെ ക്ലോക്ക് ആഡംബരമായിരുന്നു. പണക്കാരുടെ മാത്രം വീടുകളിലേ സമയമറിയാനുള്ള ഈ ഉപകരണമുണ്ടാകൂ.
ഉമ്മയുടെ നാടായ കൊയിലാണ്ടിയിൽ അത്താഴ സമയം അറിയിക്കാൻ ‘നഗാരം’ മുട്ടിക്കൊണ്ട് എല്ലാ വീടിന്റെയും പരിസരത്തെത്തും. അവരുടെ മുട്ടു കേട്ടായിരിക്കും അത്താഴത്തിന് എഴുന്നേൽക്കുന്നത്. പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂരാണ് ഞങ്ങളുടെ നാട്. അവിടെ ഈ പതിവില്ല, പള്ളി ദൂരെ ആയതിനാൽ ബാങ്കും കേൾക്കില്ല. ആകാശത്ത് നോക്കി വെള്ള മാഞ്ഞു ചുവപ്പ് രാശി കലർന്നാൽ മഗ്രിബായന്ന് തിരിച്ചറിയും. ളുഹ്റും അസറും അടിക്കണക്കിലൂടെ മനസ്സിലാക്കും. ഒരാളുടെ നിഴലിന്റെ വലുപ്പത്തിനനുസരിച്ചു അടയാളം വെക്കും. അടിക്കണക്ക് ഓരോ മാസവും മാറി മാറി വരും. അസർ സമയം ചില മാസം എട്ടടി, ഒമ്പത്, പത്ത് എന്നിങ്ങനെ വ്യത്യാസപ്പെടും. സൂര്യൻ നേരെ മുകളിൽ എത്തുമ്പോൾ ളുഹ്റ് നമസ്കരിക്കും.
ഈ ഓർമകളും കടന്ന് കുറേ പിറകിലേക്ക് പോയാൽ ആറോ ഏഴോ വയസ്സുള്ള കാലമെത്തും. അന്ന് ഉപ്പയുടെ നല്ല ആരോഗ്യ കാലം കൂടിയായിരുന്നു. പള്ളിയിലെ ഖാദിയായിരുന്ന ഉപ്പ ആഴ്ചയിൽ ഒരിക്കലൊക്കെയാണ് വീട്ടിൽ വരുക. ഞാൻ നോമ്പ് നോറ്റ് പഠിക്കുന്ന കാലം. ഉപ്പ വരുമ്പോൾ മുറ്റത്ത് എത്തിയാൽ ഒരു വിളിയുണ്ട്. ‘ആയിശാ...’ അത് കേൾക്കുമ്പോൾ ഓടിച്ചെല്ലും. ‘നോമ്പുണ്ടോ..’ എന്ന് ഉപ്പ ചോദിക്കും. ‘ഉണ്ട്’ എന്ന് പറഞ്ഞാൽ പ്രത്യേകമായി കൊണ്ടുവരുന്ന ചെറിയൊരു കാരക്ക പൊതിയുണ്ട്. അതെനിക്ക് സ്വന്തമാണ്. പിന്നെ കുറച്ചൊക്കെ നോമ്പു ക്ഷീണം അഭിനയിച്ച് ഉപ്പയുടെ പ്രിയപ്പെട്ടവളായി മാറും. മടിയിൽ തലവെച്ചുകിടക്കുമ്പോൾ മന്ത്രിച്ചൂതി തരും. അനുജത്തി ആസ്യ അന്ന് ചെറിയകുഞ്ഞാണ്. മൂന്ന് വയസ്സിന് മൂത്ത ഇക്കാക്കയാണ് പിന്നെയുള്ളത്. വേണ്ടത്ര വികൃതികൾ ഒപ്പിക്കുന്നതിനാൽ, ഉപ്പയെത്തുന്നതോടെ മൂപ്പര് പതുങ്ങും.
വീട്ടിലെ പെണ്ണുങ്ങൾക്ക് എപ്പോഴും അടുക്കളയിലെ തിരക്ക് തന്നെയായിരിക്കും. ഉമ്മാക്ക് സഹായിയായി കുഞ്ഞാമിന എന്നവരുണ്ട്. ഉമ്മാന്റെ പ്രായമുണ്ടങ്കിലും പേര് തന്നെയാണ് ഞങ്ങളും വിളിക്കാറ്. അന്ന് ഇത്ത, ഇക്ക എന്നൊക്കെ കൂടപ്പിറപ്പുകളെ മാത്രമേ വിളിക്കൂ. ഉപ്പ അസുഖ ബാധിതനായതോടെ വീട്ടിലെ കാര്യങ്ങൾ കുറച്ചു കഷ്ടത്തിലായി. എന്നാൽ, ഭക്ഷണത്തിനെല്ലാം ഞങ്ങളേക്കാൾ പ്രയാസപ്പെടുന്ന ഒരു പാട് പേരുണ്ടായിരുന്നു.
നോമ്പ് പത്തിലെത്തുന്നതോടെ സകാത്തിനായി ആളുകൾ വന്നുതുടങ്ങും. ഈ സമയം പണക്കാരുടെ വീടുകളിൽ ചില്ലറ കരുതിവെക്കും. എട്ടണയോ (50 പൈസ), നാലണയോ ആണ് ഒരാൾക്ക് സകാത്തായി കൊടുക്കുക. വീട്ടിലെ ഉമ്മമാർ അവർക്ക് അരിയും, തേങ്ങ, പച്ചക്കായ, കപ്പ എന്നിങ്ങനെയും നൽകും. അക്കാലത്ത് അതെല്ലാം വലിയ ആശ്വാസമായിരുന്നു. ഒരു നേരത്തെ നോമ്പുതുറക്കുള്ളതാവുമ്പോൾ എത്ര വിശപ്പുകൾ മാറും. ആ കാലമൊക്കെ മാറി. ഇന്ന് നാട്ടിലൊന്നും ഭക്ഷണത്തിന് ക്ഷാമമില്ല. ആരും പട്ടിണി കിടക്കുന്നില്ലെന്നത് അനുഗ്രഹമാണ്. വഴിയോരങ്ങളിലും പള്ളിയിലും വരെ ഭക്ഷണം വിളമ്പുന്ന കാലമായി മാറി റമദാൻ.
ഖത്തറിലെ നോമ്പുകാലം ഹൃദ്യമായ അനുഭവങ്ങളുടേതാണ്. എല്ലാത്തിനും ഇവിടെ ഒരു മിതത്വമുണ്ട്. സുഹൃത്തുക്കളും കുടുംബങ്ങളും പാർക്കുകളിൽ ഒത്തുചേർന്ന് നോമ്പുതുറക്കുന്നു. ഒന്നിച്ചു ചേർന്ന് കുടുംബ-സുഹൃദ്ബന്ധങ്ങൾ കൂട്ടിയിണക്കുന്നു. വീട്ടിലെ സ്ത്രീകൾക്ക് നോമ്പ് തുറയെന്ന വലിയ ഭാരം നൽകാതെ, എല്ലാവരും പങ്കുവെച്ച് ലളിതമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.