‘പടച്ചവൻ ഞങ്ങളുടെ കൂടെത്തന്നെയുണ്ടായിരുന്നു’; റമദാൻ ഓർമകളുമായി ഗസ്സ സ്വദേശിനി
text_fieldsആയിശ ഖാലിദ് അൽ ബത്വഷ്
‘കഴിഞ്ഞ റമദാനിൽ നിങ്ങൾ എങ്ങനെയാണ് നോമ്പ് നോറ്റത്? കുബ്ബൂസും ടൊമാറ്റോ സോസും മാലോ സാലഡും മാത്രം ഉപയോഗിച്ച് ഒരു മാസം മുഴുവൻ നിങ്ങൾ എങ്ങനെയാണ് നോമ്പ് തുറന്നത്? ഷെല്ലുകളുടെ ശബ്ദവും രൂക്ഷമായ ക്ഷാമവും യുദ്ധവിമാനങ്ങളുടെ ഭയാനകമായ ഇരമ്പലും അതിജീവിച്ച് ലക്ഷക്കണക്കിന് ഗസ്സക്കാരോടൊപ്പം അത്രമേൽ കഠിനമായ നാളുകളിൽ ഒരുമാസം മുഴുവൻ നിങ്ങളെങ്ങനെയാണ് തള്ളിനീക്കിയത്?’ ഈ ചോദ്യങ്ങൾ പലരും ചോദിക്കുമ്പോൾ ഒറ്റ ഉത്തരമേയുള്ളൂ. ക്ഷീണിച്ച ശരീരങ്ങൾക്കും ഭയന്ന ഹൃദയങ്ങൾക്കും ശക്തി പകർന്ന് ഞങ്ങളെ നോമ്പ് നോൽക്കാൻ പ്രാപ്തനാക്കിയ പടച്ചവൻ ഞങ്ങളുടെ കൂടെത്തന്നെയുണ്ടായിരുന്നു. ഇതല്ലാത്ത എന്ത് വിശദീകരണം മെനഞ്ഞുണ്ടാക്കിയാലും അത് നിരർഥകവും യുക്തിരഹിതവുമായിരിക്കും.
തൂഫാനുൽ അഖ്സക്ക് ശേഷമുള്ള റമദാൻ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിച്ചേക്കാവുന്ന അത്യപൂർവമായ അനുഭവമായിരുന്നു. റമദാൻ വന്നാൽ എങ്ങനെ നോമ്പെടുക്കുമെന്നും പ്രാർഥിക്കുമെന്നുമുള്ള വല്ലാത്ത ഭയപ്പാടിലായിരുന്നു റമദാനിന് മുമ്പ് ഞങ്ങൾ. എന്നാൽ, റമദാൻ വന്നപ്പോൾ, ഞങ്ങൾ മതിമറന്ന് ആസ്വദിച്ച് നോമ്പെടുക്കുകയും പ്രാർഥിക്കുകയും ചെയ്തു. റമദാൻ ഞങ്ങളിൽനിന്ന് വിടപറഞ്ഞപ്പോൾ ഞങ്ങൾ കണ്ണീർ വാർത്തു. വളരെ പ്രയാസകരമായിരുന്നിട്ടും ഇതെല്ലാം എങ്ങനെ സാധിച്ചു എന്നുപോലും ഞങ്ങൾക്കറിയില്ല.
ഭക്ഷണം വളരെ കുറവായിരുന്നു. പലപ്പോഴും കഴിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ഉണങ്ങിയ കുബ്ബൂസും സഅതറും മാത്രമായിരുന്നു ചിലപ്പോൾ അത്താഴത്തിനുണ്ടായിരുന്നത്. ചിലപ്പോഴൊക്കെ ഒന്നുമില്ലാത്തതിനാൽ അത്താഴം കഴിക്കാതെയാണ് നോമ്പെടുത്തത്. ഗസ്സയിൽ ശൈത്യകാലത്ത് വളരുന്ന കാട്ടുചെടിയായ മാലോ ചെടികളുടെ ഇലകൾ പറിച്ചെടുത്ത് സാലഡ് പോലെയാക്കി നോമ്പുതുറക്കും. ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ ഫൂല് (പയറ്) കിട്ടും. ടിന്നുകളിൽ വരുന്ന കൂൺ ആയിരുന്നു അന്ന് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും ആർഭാടപൂർണമായ ഭക്ഷണം. കൂൺ ഉള്ള ദിവസം എല്ലാവർക്കും പെരുന്നാൾപോലെ ആയിരുന്നു.
ഖലീൽ ഹൊസരിയുടെയും അബ്ദുൽ ബാസിത്തിന്റെയും വശ്യസുന്ദരമായ ഖുർആൻ പാരായണം ശ്രവിച്ചുകൊണ്ടും സൈദ് നഖ്‌ഷബന്ദിയുടെ പ്രാർഥനഗീതങ്ങൾ ഉരുവിട്ടുകൊണ്ടും ലോകത്ത് എല്ലായിടത്തും അനുഗൃഹീതമായ റമദാൻ ജനങ്ങൾ ആഘോഷിക്കുമ്പോൾ മരണവും വിശപ്പും ഭയവും ഞങ്ങളെ വലിച്ചിഴക്കുകയായിരുന്നു. വളരെ നാമമാത്രമായ ഭക്ഷണവും മുന്നിൽവെച്ച് നോമ്പുതുറക്കാൻ ഇരിക്കുന്ന സന്ദർഭങ്ങളിൽ പലപ്പോഴും ചുറ്റും ബോംബുകൾ വന്നുവീഴും. ഉള്ള ഭക്ഷണവും അവിടെയിട്ട് എത്ര തവണയാണെന്നോ അവിടെനിന്ന് ഓടിമറഞ്ഞത്. ഓരോ അത്താഴ നേരത്തും വെടിയുതിർക്കുന്ന പീരങ്കികളുടെ ശബ്ദങ്ങൾ ഞങ്ങളുടെ കൂട്ടത്തിലെ ദുർബല ഹൃദയരെ വല്ലാതെ പേടിപ്പിച്ചുകളയും.
അസ്വസ്ഥമായ പകലുകൾ അത്താഴത്തോടുകൂടി തന്നെ ആരംഭിക്കും. ഗസ്സ പൂർണമായും വളരെയധികം ക്ഷീണിച്ചിട്ടുണ്ടെങ്കിലും, തൂഫാനുൽ അഖ്സക്ക് ശേഷമുള്ള റമദാൻ വടക്കൻ ഗസ്സക്കാരെ സംബന്ധിച്ചിടത്തോളം അതികഠിനമായിരുന്നു. പക്ഷേ, ഞങ്ങൾ പോരാട്ടം തുടർന്നുകൊണ്ടേയിരുന്നു. വടക്കൻ ഗസ്സ വിട്ടുപോകാൻ അധിനിവേശ സൈന്യം ഞങ്ങൾക്കെതിരെ എല്ലാവിധ ക്രൂരതകളും ചെയ്തുകൊണ്ടിരുന്നു. അതിനായി കൂട്ടക്കൊലയും ഭീഷണിയും പട്ടിണിക്കിടലും അവർ തുടർന്നു. ഞങ്ങളെ എത്രത്തോളം പ്രയാസപ്പെടുത്തിയോ അതിനെക്കാളധികം ഞങ്ങൾക്ക് നാടിനോടുള്ള കൂറ് കൂടിക്കൊണ്ടേയിരുന്നു. വടക്കൻ ഗസ്സ വിട്ടുപോകാതിരിക്കാനുള്ള എല്ലാ വഴികളും ഞങ്ങളും ചെയ്തുകൊണ്ടിരുന്നു.
യുദ്ധത്തിനിടയിലെ കഴിഞ്ഞ റമദാനിൽ ഞാൻ എന്റെ കുഞ്ഞുമക്കളോടൊപ്പം ഒറ്റക്കായിരുന്നു. ഏഴ് വയസ്സിൽ താഴെ പ്രായമുള്ള സൽമയും നാല് വയസ്സിൽ താഴെ പ്രായമുള്ള ലൈലയും. ഭർത്താവ് തെക്കൻ ഗസ്സയിൽ പത്രപ്രവർത്തക ജോലിയിൽ വലിയ തിരക്കിലായിരുന്നു. എന്റെ എല്ലാ ബലഹീനതയും ഉള്ളതോടൊപ്പം സകലശക്തിയും ആവാഹിച്ച് ഞാനെന്റെ കുഞ്ഞുമക്കളെ ചേർത്തുപിടിച്ചു.
ഗസ്സയിലെ എല്ലാ ജനങ്ങൾക്കും മാനസികമായ കരുത്ത് നൽകിയതുപോലെ പടച്ചവൻ മാനസികമായ വല്ലാത്ത കരുത്ത് നൽകി എന്നെയും സഹായിച്ചു. ഇപ്പോഴിതാ നാം വീണ്ടും റമദാന്റെ പടിവാതിൽ നിൽക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക സന്നാഹങ്ങളുള്ള ഈ അധിനിവേശ രാജ്യത്തെ ദുർബലമായ ശരീരങ്ങളാലും വിശ്വാസത്തിൽ പടുത്തുയർത്തിയ ഹൃദയങ്ങളാലും ഞങ്ങൾ പരാജയപ്പെടുത്തിയിരിക്കുന്നു.
ഗസ്സ ഇപ്പോഴും ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും ഉപരോധത്തിന്റെയും ആഴങ്ങളിൽ മുങ്ങിത്താഴുകയാണ്. ഞങ്ങളുടെ കുട്ടികൾക്ക് സുരക്ഷിതത്വമോ മാന്യമായ ജീവിതമോ ലഭിക്കുന്നില്ല, ഒരു കുട്ടിക്ക് അർഹമായ മാന്യമായ ജീവിതത്തിന് വേണ്ട ഏറ്റവും കുറഞ്ഞ ആവശ്യങ്ങൾപോലും അവർക്ക് നൽകാൻ ഞങ്ങൾക്ക് കഴിയുന്നില്ല. മറ്റെല്ലാവരെയും പോലെ ഞാനും തെക്കൻ ഗസ്സയിൽനിന്ന് തിരിച്ചുവന്ന ഭർത്താവും ഇക്കാര്യത്തിൽ പൂർണമായും നിസ്സഹായരാണ്. അധിനിവേശ സൈന്യം ഗസ്സയെ പൂർണമായും നശിപ്പിച്ചതിനുശേഷം അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റാൻ കഴിയാത്തതിനാൽ ജീവിതം ഇന്നിവിടെ നരകതുല്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.