അരീക്കോട്ടുകാരൻ കാക്കയുടെ നോമ്പുമിഠായി
text_fieldsബാല്യകാലത്തിന്റെ കൗതുക ഓർമകളിലൊന്നാണ് ഉമ്മയുടെ തറവാട്ടിൽ വല്ലപ്പോഴും വരാറുണ്ടായിരുന്ന പേരറിയാത്ത ആ സാധുമനുഷ്യൻ. ‘അരീക്കോട്ടുകാരൻ കാക്ക’ എന്നാണ് അയാളെപ്പറ്റി ഉമ്മയും മറ്റും പറയാറ്. മോണ കാട്ടിയുള്ള അദ്ദേഹത്തിന്റെ നിഷ്കളങ്കമായ നിറചിരിയിൽ സകല മനുഷ്യനന്മകളും അടങ്ങിയിരുന്നു.
കരയില്ലാത്ത വെള്ളമുണ്ടും വെള്ളക്കുപ്പായവും വേഷം. കുപ്പായക്കോളറിനടിയിൽ ചുറ്റിവെച്ച ഇളം നീലക്കളറുള്ള ഉറുമാൽ. കാലിൽ സാമാന്യം തേഞ്ഞൊട്ടിയ ഹവായ് ചെരിപ്പ്. കൈയിൽ അല്ലറ ചില്ലറ സാധനങ്ങളിട്ട് ചുരുട്ടിപ്പിടിച്ച, ഏതോ ജൗളിക്കടയുടെ മുദ്രയുള്ള മുഷിഞ്ഞ കവർ. ഇത്രയുമായിരുന്നു അയാൾ.
ഞങ്ങൾ കാക്കമ്മ എന്ന് വിളിച്ചിരുന്ന ഉമ്മുമ്മ കൊടുക്കുന്ന ചായയും ചോറുമെല്ലാം കഴിക്കും. കുട്ടികൾക്ക് നബിമാരെക്കുറിച്ചുള്ള പാട്ടു പാടിത്തരും. സഞ്ചിയിൽ കരുതിയ ‘ദോസഞ്ചർ’ മിഠായി തരും.
വീണ്ടും വീണ്ടും മിഠായി കിട്ടാൻ ഞങ്ങൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി നിൽക്കും. ഉച്ചതിരിഞ്ഞ് അദ്ദേഹം തിരിച്ചു പോവുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തെപ്പറ്റി മറ്റൊന്നും ആർക്കും അറിയുമായിരുന്നില്ല.
ഉമ്മയുടെ നെല്ലിക്കോട്ട് പറമ്പത്ത് വീട്ടിൽ ഓരോ നോമ്പുകാലത്തും ഞങ്ങൾ കുടുംബാംഗങ്ങൾ അടപടലം ഒത്തുകൂടുന്ന വലിയ നോമ്പുതുറകൾ ഉണ്ടാകുമായിരുന്നു. സുബ്ഹിക്കുശേഷം മുതൽതന്നെ നോമ്പുതുറയുടെ ഒരുക്കങ്ങൾ തുടങ്ങും. രാവിലെതന്നെ പോത്തിറച്ചിയും കോഴിയിറച്ചിയും പച്ചക്കറികളും മറ്റു പലചരക്ക് സാധനങ്ങളും അങ്ങാടിയിൽനിന്ന് മുതിർന്നവർക്കൊപ്പം ഞങ്ങൾ പിള്ളേരും ചേർന്ന് വീട്ടിലെത്തിച്ച് കൊടുത്താൽ പിന്നെ അടുക്കളയും പരിസരവും പെണ്ണുങ്ങൾ കൈയടക്കും.
ഇടിക്കലും പൊടിക്കലും കറിക്കരിയലും ഇറച്ചി കഴുകലുമായി ബഹളമയം. ഉച്ചതിരിഞ്ഞാൽ പത്തിരി ചുടലും കറിവെക്കലും ചായയും തരിക്കഞ്ഞിയും തയാറാക്കലുമായി ബഹുജോറാവും. റോഡിലൂടെ നടന്നുപോകുന്ന പരിചയക്കാർ പലരുമായി പൂമുഖത്തിരിക്കുന്നവർ ലോഹ്യം പുതുക്കും. നടവഴിയിലേക്ക് നടന്നുചെന്ന് ‘ഇക്കാക്ക’ എന്ന് വിളിക്കുന്ന മാമനും ബാപ്പയും മൂത്താപ്പയും അവരോട് കുശലം പറയും. സ്നേഹബന്ധങ്ങൾക്ക് ഇന്നത്തേക്കാൾ വിലയും നിലയുമുണ്ടായിരുന്ന കാലമായതിനാൽ, നോമ്പ് തുറക്കാനുള്ള ക്ഷണം സ്വീകരിച്ച് ചിലരൊക്കെ അവിടെത്തന്നെ നിൽക്കുകയും പതിവുണ്ട്.
സ്ഥിരമായി നോമ്പെടുക്കാത്ത കുട്ടികളും തറവാട്ടിലെ നോമ്പുതുറ ദിവസം നോമ്പെടുത്തിരുന്നു. അസ്വർ കഴിയുമ്പോഴേക്ക് അവശരായ ആ കുഞ്ഞുനോമ്പുകാരെ അവരുടെ ഉമ്മമാർ ‘താളുവാട്ടിയതുപോലായിട്ടോ, ന്റെ കുട്ടി..’യെന്ന് വാത്സല്യം കൂറുമായിരുന്നു.
വിശാലമായ തറവാട്ടു മുറ്റത്തിന്റെ മൂലയിൽ മെടഞ്ഞ തെങ്ങോലയിലിരുന്ന്, ഞങ്ങൾ കുഞ്ഞുനോമ്പുകാരെ ശ്രദ്ധിക്കും. അതിനിടയിലാണ്, സലാം നീട്ടിയെറിഞ്ഞ് പ്രായാധിക്യം കൊണ്ട് വളഞ്ഞ ആ മനുഷ്യൻ വീട്ടുമുറ്റത്തേക്ക് വന്നുകയറിയത്. അതയാൾതന്നെ, അരീക്കോട്ടുകാരൻ കാക്ക.
സലാം മടക്കി എല്ലാവരും അയാളെത്തന്നെ നോക്കി; പല്ലു കൊഴിഞ്ഞ് തീർന്ന മോണ കാട്ടി അപ്പോഴും അയാൾ ചിരിച്ചു കൊണ്ടിരുന്നു. മുതിർന്നവരും വലിയ കുട്ടികളും അയാളെ തിരിച്ചറിഞ്ഞു. ലോഹ്യം പറഞ്ഞു. ചെറിയ കുട്ടികൾ കൗതുകത്തോടെ അയാളെത്തന്നെ നോക്കിനിന്നു. വൈകാതെ കുട്ടികളുമായി അയാൾ അടുപ്പം കൂടി. കഥ പറഞ്ഞും പാട്ടുപാടിയും അവരെ രസിപ്പിച്ചു. നോമ്പ് തുറന്നിട്ട് കഴിക്കാനായി സഞ്ചിയിലെ മിഠായിപ്പൊതി തുറന്ന് അവർക്ക് മിഠായി നൽകി. അന്നത്തെ, തളർന്നുപോയ കുട്ടിനോമ്പുകാർക്ക് നോമ്പുതുറ സമയം എത്തിപ്പിടിക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നിരുന്നില്ല.
ഓരോ നോമ്പുകാലമെത്തുമ്പോഴും ആരെന്നറിയാത്ത ആ അരീകോട്ടുകാരൻ കാക്ക ഞങ്ങളുടെ നോർമ്പോർമയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.