നോമ്പിന്റെ വിശുദ്ധി
text_fieldsമോക്ഷ പ്രാപ്തിക്കുള്ള ഏക ഉപായം സർവശക്തനായ തമ്പുരാനെക്കുറിച്ചുള്ള സ്മരണ മാത്രമാണെന്ന് നമ്മെ ഓർമിപ്പിക്കുന്ന പുണ്യമാസമാണിത്. ശാസ്ത്രത്തിന്റെ അനുക്രമമായ പുരോഗതിയില്‍ നാം അഭിമാനം കൊള്ളുമ്പോഴും നമുക്ക് അപ്രാപ്യമായ മേഖലകളെക്കുറിച്ചുള്ള ഭയത്തില്‍ നിന്നാണ് ഒരു പരിധിവരെ ഈശ്വരാരാധന ഉടലെടുക്കുന്നത്. അരൂപനും അദൃശ്യനും സര്‍വവ്യാപിയുമായ ഈശ്വരന്റെ മഹിമകളാണ് സര്‍വ മതഗ്രന്ഥങ്ങളും ഉദ്ഘോഷിക്കുന്നത്. സര്‍വമതസാരവും ഒന്നാണെന്ന് നമ്മെ പഠിപ്പിച്ച പ്രവാചകനും അവതാരപുരുഷന്മാരും നമുക്ക് മാര്‍ഗദര്‍ശികളായി നിലനില്ക്കുന്നു.
മനുഷ്യ ഹൃദയം വിശുദ്ധിയാര്‍ജിക്കാന്‍ നിരന്തരമായ ത്യാഗപരിശീലനങ്ങളില് കൂടി മാത്രമേ കഴിയൂ. ആ ത്യാഗമാർഗമാണ് റമദാന് മുസ്ലിംകളില് കാഴ്ചവെക്കുന്നത്. നമ്മുടെ കർമ മണ്ഡലത്തെ ബാധിച്ചിരിക്കുന്ന സകല ജീര്‍ണതകളും തുടച്ചുമാറ്റി, പുതിയ ഓജസും തേജസും പ്രദാനം ചെയ്ത് ജീവിതത്തെ പ്രകാശമാനമാക്കാനും ആ പ്രഭാകിരണങ്ങളാല്‍ ആത്മീയ തേജസ് കൈവരിക്കാനും അവസരം നല്കുന്ന പുണ്യമാസമാണിത്.
പ്രപഞ്ചനാഥന്റെ ഇഷ്ടദാസന്മാരായി, ജീവിതം നയിക്കുന്നതിന് തടസ്സമായിരിക്കുന്ന പൈശാചിക പ്രേരണകളുടെ ആക്രമണത്തില്‍നിന്ന് മനുഷ്യനെ മോചിപ്പിച്ച് സ്വഭാവവൈശിഷ്ട്യങ്ങളാല് സ്ഫുടംചെയ്ത മനസ്സിന്റെ ഉടമയാക്കാന്‍ ആത്മീയചിന്ത ഉപകരിക്കും. മനുഷ്യന്റെ ഉല്‍ക്കടമായ ധിക്കാര പ്രവണതകളെയും പാപപ്രേരണകളെയും കടിഞ്ഞാണിടാന്‍ ഈശ്വരചിന്ത ഉപകരിക്കുമെന്നതില്‍ സംശയമില്ല. ധിക്കാര പ്രവണതകളില്‍ നിന്ന് അവനെ മോചിപ്പിച്ച് ഉത്തമവാസനകളെ പോഷിപ്പിച്ച് ഉല്‍കൃഷ്ടമായ ആശയങ്ങളുടെ വിളനിലമായി മനസ്സിനെ മാറ്റാനും നോമ്പ് ഉപകരിക്കുന്നു.
ആരാധനാദി കർമങ്ങളിലൂടെയും, ദാനധർമങ്ങളിലൂടെയും പശ്ചാത്താപങ്ങളിലൂടെയും ജീവിത പരിശുദ്ധി നേടി സ്രഷ്ടാവുമായി കൂടുതല്‍ അടുക്കാന്‍ സത്യവിശ്വാസികള്‍ക്ക് വഴിയൊരുക്കുന്ന പുണ്യമാസമാണിത്. മാനവജീവിതത്തില്‍ മഹത്തായ പരിവര്‍ത്തനത്തിന് വഴിയൊരുക്കാനും കര്‍മമണ്ഡലത്തെ പുഷ്ടിപ്പെടുത്താനും നോമ്പ് ഉപകരിക്കുകതന്നെ ചെയ്യും. അതുകൊണ്ട് തന്നെയാണ് നോമ്പിന്റെ പ്രാധാന്യവും മേന്മയും എക്കാലത്തും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.