റമദാൻ; നന്മകളുടെ കുളിർമഴ
text_fieldsപതിനഞ്ചു വർഷമായി ഒമാനിൽ എത്തിയിട്ട്. അഞ്ചു വർഷം യു.എ.ഇയിലും താമസിച്ചിട്ടുണ്ട്. ജീവിതത്തിന്റെ മുഴുസമയവും ജീവിച്ചു തീർത്തത് വിദേശത്താണ്. ക്രിസ്തീയ കുടുംബത്തിൽ ജനിച്ചതിനാൽ പൊതുവെ നോമ്പ് അനുഷ്ഠിക്കുക എന്നത് മതപരമായിതന്നെ ഒരു പുണ്യ കർമമായി കരുതുന്നവരാണ് ഞങ്ങൾ. പാപത്തിന്റെ ശക്തികളെ തകർത്ത് യേശു മനുഷ്യസമൂഹത്തിനുവേണ്ടി മരണമടഞ്ഞു.
യേശു മനുഷ്യർക്കുവേണ്ടി വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നതിന്റെ ആഘോഷമാണ് ഈസ്റ്റർ. ഇതിന്റെ ഭാഗമായി 50 ദിവസം ക്രിസ്തീയ വിശ്വാസികൾ നോമ്പ് നോൽക്കുന്നു. മുസ്ലിംകളിലെ വ്രതാനുഷ്ഠാനത്തെ മനസ്സിലാക്കാനായി ഞാനും കുടുംബവും വർഷങ്ങളായി റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുന്നു. അനുഗ്രഹങ്ങളുടെ ആയിരം വസന്തമാണ് റമദാൻ മാസത്തിന്റെ രാപ്പകലുകൾ എന്നു കേട്ടപ്പോൾ മുതലാണ് അതിനെക്കുറിച്ചു കൂടുതൽ അറിയാൻ തോന്നിയത്. ആത്മീയവും ശാരീരികവുമായ പരിശുദ്ധി വ്രതാനുഷ്ഠാനത്തിലൂടെ ലഭിക്കുന്നു. ദാന ധർമങ്ങളുടെ പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമദാനിൽ പശ്ചാത്താപവിശുദ്ധിയിലൂടെ തെറ്റുകുറ്റങ്ങളെ കരിച്ചുകളഞ്ഞ് വിശ്വാസികളെ സ്ഫുടം ചെയ്തെടുക്കുന്ന ആത്മീയ അനുഭവമാണെന്ന് പറയപ്പെടുന്നത് ശരിയാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. നോമ്പനുഷ്ഠിക്കാൻ തുടങ്ങിയപ്പോഴാണ് നോമ്പിനെ ശരീരത്തിന്റെ അനുഷ്ഠാനമെന്ന് പറയാമെങ്കിലും അതിന്റെ പ്രതിഫലനവും പ്രതികരണവും മനസ്സിനെ കൂടെ കേന്ദ്രീകരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ഒരുമാസത്തോളം മനുഷ്യൻ അവന്റെ ശാരീരിക ഇച്ഛകളെ നിയന്ത്രിക്കുന്നു.അതോടൊപ്പം അന്നപാനീയങ്ങൾ ഒരു നിശ്ചിതസമയം വരെ വർജിക്കുന്നു. അതുകൊണ്ടുതന്നെ മനസ്സ് ആജ്ഞാപിക്കുന്നിടത്തു ശരീരം അനുസരണയോടെ കീഴ്പ്പെടുന്നു.
തെറ്റിലേക്ക് നയിക്കുന്ന ശരീരത്തെ മനസ്സ് നന്മകളിലേക്കുനടത്തുന്നു. നന്മകൾ പെയ്തിറങ്ങുന്ന ഉത്സവകാലം വിശ്വാസികളുടെ ഹൃദയത്തിൽ നന്മകളുടെ കുളിർമഴയായി വർഷിക്കുന്ന മാസമാണ് റമദാനെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. മിക്ക ദിവസങ്ങളിലും സുഹൃത്തുക്കളോടൊപ്പമാണ് റമദാനിൽ നോമ്പ് തുറക്കാറുള്ളത്.അതിലൂടെ ബന്ധിതമാകുന്ന സൗഹൃദം വാക്കുകൾക്കതീതമാണ്. ഓരോ റമദാൻ ദിനവും നമ്മിൽനിന്നും കൊഴിഞ്ഞുപോകുമ്പോൾ നമ്മളിലേക്ക് വന്ന ഒരു അതിഥിയെ പെരുന്നാൾദിനം ആഘോഷിച്ച് സന്തോഷത്തോടെ യാത്രയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.