സുന്ദരമായ വ്രതകാലങ്ങൾ
text_fieldsനോമ്പെടുത്തതിന്റെയും നോമ്പു തുറന്നതിന്റെയുമെല്ലാം മധുരിക്കുന്ന ഓർമകൾ ഏറെയുണ്ട് എനിക്ക്. രണ്ടുവർഷം റമദാനിലെ മുഴുവൻ നോമ്പും പിടിച്ചിരുന്നു. നോമ്പ് വലിയ അനുഭൂതിയാണ് നൽകിയിരുന്നത്. ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്ന് മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഏറെ പ്രിയമാണ് എനിക്ക് നോമ്പ്. പക്ഷേ, പിന്നീട് പ്രാക്ടീസും ക്യാമ്പുകളും കാരണം തുടർന്നു കൊണ്ടുപോകാൻ കഴിഞ്ഞില്ല. വയനാട് ചൂട്ടക്കടവിലെ ഞങ്ങളുടെ അയൽക്കാരായ പാത്തുമ്മ താത്തയും അലീക്കയും നോമ്പുകാല വിഭവങ്ങൾ ഞങ്ങൾക്ക് നിത്യവും എത്തിക്കും. ഞാൻ നോമ്പെടുക്കുന്ന സമയങ്ങളിൽ സന്തോഷപൂർവം അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി രുചിയേറും വിഭവങ്ങളൊരുക്കി നോമ്പുതുറപ്പിക്കും. ആ രുചികളാണിപ്പോൾ മിസ് ചെയ്യുന്നത്. നോമ്പ് തുടർന്നു പോകണമെന്ന് എല്ലാവർഷവും ആഗ്രഹിക്കും പക്ഷേ, ക്യാമ്പുകളിലും പ്രാക്ടീസിലും പങ്കെടുക്കേണ്ടതുകാരണം അതിന് സാധിക്കാറില്ല. ജനപ്രതിനിധിയായ അമ്മയുടെ കൂടെ റമദാൻ കാലത്ത് ആളുകളെ കാണാൻ പോകുമ്പോൾ പലരും ഏറെ സ്നേഹത്തോടെ സ്വീകരിക്കും. എനിക്ക് നോമ്പാണ് എന്നറിയുമ്പോൾ പലരും വീടുകളിലേക്ക് ക്ഷണിക്കും.
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വലിയൊരു സന്ദേശം കൂടിയാണ് നോമ്പ് നൽകുന്നത്. ഈയടുത്ത് തലശ്ശേരിയിൽ നടന്ന കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ടൂർണമെന്റ് നോമ്പുകാലത്തായിരുന്നു. അന്ന് നോമ്പുതുറ സമയത്ത് ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് നോമ്പുതുറക്കുമായിരുന്നു. അങ്ങനെ ഒരുപാട് സുന്ദരമായ ഓർമകളാണ് റമദാൻ കാലം എനിക്കെപ്പോഴും തരുന്നത്.
തയാറാക്കിയത്: എസ്. മൊയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.