ജീവിക്കുക; നമ്മളായിത്തന്നെ
text_fieldsജീവിതം കൈവിട്ടുപോയവരുടെ വാര്‍ത്തകള്‍ മാത്രമാണ് നമ്മള് കുറച്ചു ദിവസമായി വായിക്കുന്നത്. കൊലപാതകങ്ങൾ, ലഹരി, ആത്മഹത്യ, മാനസിക പിരിമുറുക്കം അങ്ങനെയങ്ങനെ നീളും ഈ കൈവിട്ടുപോക്കിന്റെ കാരണങ്ങൾ. ചുറ്റുപാടുകളാണ് നമ്മുടെ ജീവിതപാഠം രൂപപ്പെടുത്തുന്നത്.
നമ്മള് കാണുന്നത്, വായിക്കുന്നത്, കേള്‍ക്കുന്നത്, ചിന്തിക്കുന്നത് എല്ലാം നമ്മുടെ സ്വഭാവ രൂപവത്കരണത്തെ വ്യത്യസ്ത രൂപത്തില്‍ സ്വാധീനിക്കുന്നുണ്ട്. വേണ്ടവിധത്തില്‍ നമ്മുടെ ചുറ്റുപാടുകളെ നിയന്ത്രിക്കാനും വരുതിയിലാക്കാനും സാധിക്കാത്തതാണ് ജീവിതം കൈപ്പിടിയിലൊതുങ്ങാത്തതിന്റെ പ്രധാന ഹേതു . വിശുദ്ധ റമദാനിലാണ് നമ്മള്. നല്ല സ്വഭാവങ്ങളെ പരിശീലിക്കാനും ജീവിതത്തിന്റെ ഭാഗമാക്കാനും അനുയോജ്യമായ സമയം. ഉത്തമ ബോധത്തോടെ നാം ഈ സമയത്തെ വിനിയോഗിക്കണം.
വ്യക്തിപരമായി ജീവിതത്തില്‍ ഒരിക്കലും സാധ്യമല്ലായെന്ന് ഞാനുറപ്പിച്ച കാര്യങ്ങള്‍ ദൃഢനിശ്ചയംകൊണ്ടും അല്ലാഹുവിന്റെ തൗഫീഖുകൊണ്ടും നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. കടലുണ്ടിയില്‍നിന്ന് കോഴിക്കോട് താണ്ടി ഓമശ്ശേരിയിലെ ദര്‍സിലേക്ക് ആത്മീയ വിദ്യ നുകരാനെത്തുമ്പോള് യാത്രകളിലും ചുറ്റുപാടുകളിലും കണ്ട, പറഞ്ഞുകേട്ട പേക്കൂത്തുകളില്നിന്നും മൂന്ന് തീരുമാനങ്ങളിലെത്തി.
ഒന്ന്, ജീവിതത്തില്‍ ഒരിക്കലും ഒരവിഹിത ബന്ധത്തിലും ഏര്‍പ്പെടില്ല. രണ്ട്, ഒരിക്കലും താടി വടിക്കില്ല. മൂന്ന്, പുകവലിക്കില്ല. 1970ലെ ഈ മൂന്ന് പ്രതിജ്ഞകളും ലംഘിക്കാതെ ജീവിക്കാൻ സാധിച്ചു. ജീവിതത്തില്‍ അഭിമാനപൂർവം ഓര്‍ക്കാന്‍ സാധിക്കുന്ന ചിലത് പങ്കുവെച്ചുവെന്ന് മാത്രം. കൊച്ചു കുട്ടിയായിരിക്കുമ്പോൾ ഞാനെടുത്തത് ശരിയായ തീരുമാനമായിരുന്നുവെന്ന് അന്നും ഇന്നും എനിക്ക് തോന്നിയവ.
‘‘ഏതൊരു ജനപദവും സ്വന്തം നിലപാടുകള്‍ പരിവര്‍ത്തന വിധേയമാക്കുന്നതുവരെയും അല്ലാഹു അതില്‍ മാറ്റംവരുത്തില്ല തന്നെ’’ എന്ന വിശുദ്ധ ഖുര്‍ആനിന്റെ സൂക്തത്തെ നാം മനസ്സിലേക്ക് ആവാഹിക്കേണ്ട സമയമാണിത്. നന്മയായാലും തിന്മയായാലും, സുഖമാണെങ്കിലും ദുഃഖമാണെങ്കിലും എല്ലാം സംഭവിക്കുന്നത് നമ്മുടെ പ്രവര്‍ത്തനങ്ങളുടെ അനന്തര ഫലമായിട്ടാണ്.
ഇതുപോലെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നന്മയുടെ പക്ഷത്താവുക എന്നതാണ് ജീവിത വിജയം. ചുറ്റുപാടുകളില്‍ വേണ്ടാദീനങ്ങള് നടക്കുന്നുണ്ട്. കൂട്ടുകാരും കുടുംബക്കാരും എല്ലാം അതിന്റെ ഭാഗമാകുന്നുമുണ്ട്. എന്നാല്‍, ഞാനും അവരോടൊപ്പം കൂടിയേക്കാം എന്നല്ല കരുതേണ്ടത്. ഞാനിവിടെ മാറ്റത്തിന്റെ ധ്വജവാഹകനാവണം എന്നാണ് ചിന്തിക്കേണ്ടത്. എങ്കില്‍ തീര്‍ച്ചയായും സുഖപര്യവസാനമുള്ള ഒരു ജീവിതം ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.