മനുഷ്യമാംസം തിന്നുന്നവർ
text_fieldsഒരു സമൂഹം ആരോഗ്യപരമായി വളരണമെങ്കിലും നിലനിൽക്കണമെങ്കിലും ധാർമികവും സദാചാരപരവുമായ നിയമങ്ങൾ അനിവാര്യമാണ്. അതോടൊപ്പം പരസ്പര സ്നേഹവും വിശ്വാസവും അത്യാവശ്യവുമാണ്. മറ്റുള്ളവരെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ സമൂഹത്തിൽ ശത്രുതയുടെ വിത്തുകളാണ് വിതറുന്നത്. മറ്റുള്ളവരുടെ കുറ്റവും കുറവും തേടി നടക്കുന്നവർ സമൂഹത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യൻ ദൈവത്താൽ ആദരിക്കപ്പെട്ടവനാണ്. അവന്റെ അഭിമാനം ധനം പോലെ തന്നെ സംരക്ഷിക്കപ്പെടേണ്ട ഒന്നാണ്. അല്ലാഹു പറയുന്നു.
ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു. (വിശുദ്ധ ഖുർആൻ 17: 70)
സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായേക്കാം. സ്ത്രീകള്‍ സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ഉത്തമകളായേക്കാം. നിങ്ങളന്യോന്യം കുത്തുവാക്ക് പറയരുത്. പരിഹാസപ്പേരുകളുപയോഗിച്ച് പരസ്പരം അപമാനിക്കരുത്. സത്യവിശ്വാസം സ്വീകരിച്ചശേഷം അധര്‍മത്തിന്റെ പേരുപയോഗിക്കുന്നത് വളരെ നീചം തന്നെ. ആര് പശ്ചാത്തപിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍. (വിശുദ്ധ ഖുർആൻ 49 : 11)
ഒരാളുടെ ഉള്ള കുറ്റങ്ങൾ അയാളുടെ അസാന്നിധ്യത്തിൽ പറയുന്നതാണ് പരദൂഷണം. ഇല്ലാത്ത കുറ്റങ്ങൾ പറയുന്നത് കളവായിട്ടാണ് പരിഗണിക്കപ്പെടുക എന്ന് നബി തിരുമേനി വിശദീകരിച്ചതായി കാണാം. രണ്ടും ഇസ്ലാമിക വീക്ഷണത്തിൽ ഗുരുതരമായ തെറ്റാണ്. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞു രസിക്കുന്നവർ മരിച്ചു കിടക്കുന്ന മനുഷ്യന്റെ മാംസം തിന്നുന്നവരെ പോലെയാണ് എന്നാണ് അല്ലാഹു ഉപമിക്കുന്നത്.
വിശ്വസിച്ചവരേ, ഊഹങ്ങളേറെയും വര്‍ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെപ്പറ്റി അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്. മരിച്ചുകിടക്കുന്ന സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ.
(വിശുദ്ധ ഖുർആൻ 49:12).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.