പ്രതിസന്ധികൾക്കകത്തുണ്ട് പ്രത്യാശയുടെ വഴികൾ
text_fieldsറമദാൻ ദിവ്യഗ്രന്ഥത്തിന്റെ അവതരണ മാസമാണ്. പ്രതിസന്ധികൾക്കകത്തുതന്നെ പ്രതീക്ഷകൾക്ക് വകയുമുണ്ടെന്ന കാഴ്ചപ്പാടിനെയാണ് ഖുർആൻ മുന്നോട്ടുവെക്കുന്നത്. അതാണല്ലാഹു പറഞ്ഞത്: ‘‘നിശ്ചയം എല്ലാ പ്രയാസത്തോടൊപ്പവും ഒരു എളുപ്പം ഉണ്ടായിരിക്കും’’.
‘‘അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങൾ നിരാശരാവരുത്. നിശ്ചയം, നിഷേധികളല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് നിരാശരാവുകയില്ല’’. രൂക്ഷമായ പ്രതിസന്ധിയിലും ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോവുന്നതിൽ ഫലസ്തീൻ ജനത തന്നെയാണ് നമ്മുടെ സമകാലിക മാതൃക. ചരിത്രത്തിൽ പ്രവാചകന്മാരെ നയിച്ചതും ഇതേ പ്രതീക്ഷയാണ്.
എല്ലാ ഭൗതിക സഹായങ്ങളുടെയും നൂലിഴകൾ അറ്റുപോകുന്ന സന്ദർഭത്തിലാണ് അല്ലാഹുവിന്റെ സഹായം ലഭിക്കുന്നത്. മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പോകുന്ന ഘട്ടത്തിൽ പ്രവാചകൻ മുഹമ്മദ് നബി പ്രിയപ്പെട്ട ശിഷ്യൻ അബൂബക്ർ സ്വിദ്ദീഖിനൊപ്പം സൗർ ഗുഹയിൽ അഭയം തേടിയിരിക്കവെ, പ്രവാചകന്റെ ജീവനെയോർത്ത് ആശങ്കയിലായ അബൂബക്ർ കരഞ്ഞു കൊണ്ട് പറഞ്ഞു: ‘‘ആരെങ്കിലുമൊന്ന് കുനിഞ്ഞുനോക്കിയാൽ നമ്മെ കണ്ടതുതന്നെ’’. പ്രവാചകൻ അദ്ദേഹത്തോട് പറഞ്ഞു: ‘‘താങ്കൾ വ്യസനിക്കേണ്ട; അല്ലാഹു നമ്മോടൊപ്പമുണ്ട്’’.
പ്രതീക്ഷിച്ചപോലെതന്നെ പ്രവാചകനും സ്വിദ്ദീഖും ആരുടെയും പിടിയിൽ പെടാതെ സുരക്ഷിതമായി മദീനയിൽ എത്തി.പ്രസ്ഥാനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും വിജയം പ്രതീക്ഷയെ ആശ്രയിച്ചിരിക്കുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടയാൾ ആയുധമില്ലാത്ത പോരാളിയെപ്പോലെയാണ്. പ്രവാചകൻ മുഹമ്മദ് നബി മക്കയിൽ പതിമൂന്ന് വർഷക്കാലം സ്വജനതയെ സത്യത്തിലേക്ക് ക്ഷണിച്ചു. ഖുറൈശികളുടെ പീഡനം അസഹ്യമായപ്പോൾ അനുയായികളോട് അബിസീനിയയിലേക്ക് പലായനം ചെയ്യാൻ ആവശ്യപ്പെട്ടു. പക്ഷേ, അപ്പോഴും ആത്മവിശ്വാസത്തോടെ അവരോട് പറഞ്ഞു: ‘‘നിങ്ങൾ ഭൂമിയിൽ ചിതറിക്കൊള്ളുക; നിശ്ചയമായും അല്ലാഹു നിങ്ങളെ ഒരുനാൾ ഒരുമിച്ചുകൂട്ടും’’.
ലോകത്തും രാജ്യത്തും മുസ്ലിംകൾ വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. സയണിസവും ഫാഷിസവും വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, നാഥൻ ഇതിനെല്ലാം ആത്യന്തിക പരിഹാരവും നിശ്ചയിച്ചിട്ടുണ്ടെന്ന് പ്രത്യാശിക്കാൻ നമുക്കുമാവണം. റമദാൻ പ്രത്യാശയുടെയും വിജയത്തിന്റെയും പാഠങ്ങൾ പകരുന്ന മാസംകൂടിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.