ലക്ഷ്യം സാംസ്കാരിക ഉന്നമനം
text_fieldsനോമ്പിന്റെ ഒരു ഭാഗം ഭൗതികതലമാണ്. അതാണ് ഒരാൾ അന്നപാനീയങ്ങളുപേക്ഷിച്ച് പട്ടിണി കിടക്കുക എന്നത്. അത് പുറമേനിന്ന് കാണാനാകും. രണ്ടാമത്തേത് ആത്മീയതലമാണ്. സ്വയം നിയന്ത്രണമേർപ്പെടുത്തി അല്ലാഹുവിന്റെ കൽപനകൾ ശിരസ്സാവഹിച്ച് സംസ്കാരത്തോടുകൂടി നല്ല മനുഷ്യനായി ജീവിക്കുക എന്നതാണ്. ‘‘ഏതൊരാൾ മോശമായ വാക്കുകളും പ്രവർത്തനങ്ങളും ഉപേക്ഷിക്കുന്നില്ലയോ, അവൻ ഭക്ഷണപാനീയം ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒരു താൽപര്യവുമില്ല’’ എന്ന് ഹദീസിലുണ്ട്.
അതിൽനിന്ന് മനസ്സിലാകുന്നത്, വ്രതാനുഷ്ഠാനത്തിന്റെ ബാഹ്യമായ രൂപത്തേക്കാൾ പ്രധാനം ആന്തരികവും ആത്മീയവുമായ തലമാണ്. മോശം വാക്കുകളും പ്രവർത്തനങ്ങളും സ്വയം ഉപേക്ഷിക്കുക മാത്രമല്ല, ആരെങ്കിലും മോശമായി പെരുമാറിയാൽ, അവനോട് അങ്ങനെ പെരുമാറാതെ നോമ്പാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറണമെന്നും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.പറഞ്ഞതിന് പകരം പറയലും ചെയ്തതിന് പകരം ചെയ്യലുമാണ് സാധാരണ ജീവിതത്തിൽ കാണുന്നത്. അങ്ങനെ ചെയ്യുന്നതിൽ അഭിമാനം കൊള്ളുകയും ചെയ്യും.
തോറ്റുകൊടുക്കില്ലെന്ന മനുഷ്യ സമീപനം സംസ്കാരമില്ലാത്ത പെരുമാറ്റമാണ്. ഞങ്ങളോട് മോശമായത് പറഞ്ഞാലും നല്ലതേ പറയൂ എന്ന ഒരു സാംസ്കാരിക വളർച്ച നോമ്പുകൊണ്ട് ഉണ്ടാകേണ്ടതുണ്ട്. മുഹമ്മദ് നബിയുടെ ഉത്തരവാദിത്തവും ജോലിയുമായി പറഞ്ഞത് മനുഷ്യനെ സംസ്കരിക്കുക എന്നതാണ്. റമദാനിൽ ധാരാളം ദാനം ചെയ്യുക എന്നത് നബിയുടെ ശീലമായിരുന്നു. സമ്പത്ത് വിനിയോഗത്തിൽ അടിസ്ഥാനപരമായി ഉണ്ടാവേണ്ട ഒരു വീക്ഷണം ഇതിലൂടെ രൂപപ്പെടുത്തിയെടുക്കുന്നുണ്ട്.
നാമുണ്ടാക്കുന്ന പണം നമുക്കും കുടുംബത്തിനും ഉപയോഗിക്കാനുള്ളതാണ്, മറ്റാർക്കും കൊടുക്കേണ്ടതില്ല എന്നാണ് പലരും കരുതുന്നത്. ഇത് അജ്ഞതയാണ്. ഈ പ്രപഞ്ചത്തിലെ എല്ലാം അല്ലാഹുവിന്റെതാണ്. നമ്മുടെ ശരീരവും ആയുസ്സും പണവും അതിൽ ഉൾപ്പെടും. അല്ലാഹു കണക്കാക്കിയ അത്രയേ നമുക്കത് ഉപയോഗിക്കാനാകൂ. അതേ നാഥനാണ് സമ്പത്ത് ചെലവഴിക്കാനും നമ്മോട് പറഞ്ഞിരിക്കുന്നത്.
റമദാനിലെ നോമ്പുതുറ സൽക്കാരങ്ങൾ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ കൊടിയടയാളമാണ്. അത് പാവപ്പെട്ടവൻ ആകണമെന്ന് നിർബന്ധമില്ല. വിദേശ രാജ്യങ്ങളിലെ പള്ളികളിലും മറ്റും നോമ്പുതുറ സമയമാവുമ്പോൾ ആളുകൾ സുപ്ര വിരിച്ച് ഭക്ഷണ പാനീയങ്ങൾ നിരത്തി ആളുകളെ വിളിക്കുന്നത് കാണാം. ക്ഷണം സ്വീകരിച്ചിട്ടില്ലെങ്കിൽ അവർക്ക് വിഷമമാവും. ആളുകളെ നിർബന്ധിപ്പിച്ച് ഭക്ഷണം നൽകി സൽക്കരിക്കും. ഇതാണ് ബന്ധങ്ങളുടെ ഊഷ്മളത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.