പ്രാർഥനയും പ്രവർത്തനവും
text_fieldsപ്രാർഥനയും പ്രവർത്തനവും പരസ്പര പൂരകങ്ങളാണ്. പ്രാർഥനയില്ലാത്ത പ്രവർത്തനത്തിനോ പ്രവർത്തനമില്ലാത്ത പ്രാർഥനക്കോ അർഥമില്ല. അതുകൊണ്ടു തന്നെയാവണം വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തവർക്ക് പ്രതിഫലമുണ്ട് എന്ന് അല്ലാഹു ആവർത്തിച്ച് ഓർമപ്പെടുത്തുന്നത്. മഴക്കുവേണ്ടി പ്രാർഥിക്കാൻ മൈതാനത്ത് ആളുകൾ ഒരുമിച്ച് കൂടിയപ്പോൾ ഒരു കുട്ടിമാത്രം കുടകൊണ്ട് വന്ന കഥ നാം കേട്ടിട്ടുണ്ട്. മറ്റുള്ളവരൊന്നും പ്രാർഥനയെ അത്ര ഗൗരവത്തിൽ എടുത്തിരുന്നില്ല എന്നർഥം.
‘എനിക്ക് നല്ല ഭക്ഷണവും വസ്ത്രവും പാർപ്പിടവും നൽകേണമേ’ എന്ന് ഒരാൾ എന്നും ദൈവത്തോട് പ്രാർഥിക്കുന്നു. പക്ഷെ അയാൾ അതിനുവേണ്ടി ഒരു പണിയും എടുക്കുന്നില്ല. ഒരു ജോലിക്കും പോകുന്നുമില്ല. പിന്നെ അയാളുടെ പ്രാർഥന ദൈവം എങ്ങനെ സ്വീകരിക്കാനാണ്?.
ഒരിക്കൽ ഒരാൾ ഒട്ടകത്തെ കെട്ടിയിടാതെ നബിതിരുമേനിയുടെ അടുത്തേക്കുവന്നു. എന്താണ് ഒട്ടകത്തെ കെട്ടിയിടാത്തത് എന്ന് ചോദിച്ചപ്പോൾ ഒട്ടകത്തെ ഞാൻ അല്ലാഹുവിൽ ഭരമേൽപിച്ചിരിക്കുന്നു എന്നായിരുന്നു അയാളുടെ മറുപടി. ആദ്യം ഒട്ടകത്തെ കെട്ടിയിടുക എന്നിട്ട് അല്ലാഹുവിൽ ഭരമേൽപിക്കുക എന്നാണ് അതിന് തിരുമേനി നൽകിയ കൽപന.
ഉത്തരം നൽകാൻ കഴിവുള്ളവനോട് മാത്രമായിരിക്കണം പ്രാർഥന. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ പ്രാർഥിക്കുന്നവനിൽ നിന്നുണ്ടാവുകയും വേണം. അപ്പോഴേ പ്രാർഥന അർഥവത്താവുകയുള്ളൂ. മനോഹരമായ ഒരു ഉദാഹരണത്തിലൂടെ അല്ലാഹു ഇത് വിശദീകരിക്കുന്നത് കാണുക.
അവനോടുള്ളതുമാത്രമാണ് യഥാര്‍ഥ പ്രാര്‍ഥന. അവനെക്കൂടാതെ ഇക്കൂട്ടര്‍ ആരോടൊക്കെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ക്കൊന്നും ഒരുത്തരവും നല്‍കാനാവില്ല. വെള്ളത്തിലേക്ക് ഇരുകൈകളും നീട്ടി അത് വായിലെത്താന്‍ കാത്തിരിക്കുന്നവനെപ്പോലെയാണവര്‍. വെള്ളം അങ്ങോട്ടെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന പൂര്‍ണമായും പാഴായതുതന്നെ (വിശുദ്ധ ഖുർആൻ 13:14).
വെള്ളം വായിലെത്തിക്കാൻ കൈ വായിലേക്ക് കൊണ്ടുപോവണമല്ലോ. പക്ഷേ, അതു പോലും ചെയ്യാതെ കൈയും നീട്ടിപ്പിടിച്ചു നിൽക്കുന്ന മനുഷ്യന്റെ ചിത്രം അവന്റെ അന്തക്കേടിന്റെ ആഴം വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.