ചൂഷകരുടെ വഞ്ചനകളെ സൂക്ഷിക്കുക
text_fieldsപ്രതീക്ഷകളും പരീക്ഷണങ്ങളും പ്രയാസങ്ങളും ആശ്വാസങ്ങളും എല്ലാം നിറഞ്ഞതാണ് മനുഷ്യജീവിതം. വിവിധതരം പരീക്ഷണങ്ങള്‍ അനുഭവിക്കുന്ന വിശ്വാസികള്‍ക്ക് എന്നും ആശ്വാസതീരമാവുന്നത് സ്രഷ്ടാവിലുള്ള അഭയമാണ്. എന്നാല്‍, പുതിയ കാലത്ത് മനുഷ്യരുടെ കഷ്ടതകള്‍ മുതലെടുത്ത് വിവിധ തരം ചൂഷണങ്ങള്‍ക്ക് അവരെ ഉപയോഗപ്പെടുത്തുന്ന ഒരു വിഭാഗംതന്നെയുണ്ട്. പരസ്പര സ്നേഹവും കരുണയും മറന്ന് സ്വതാത്പര്യങ്ങള്ക്കും ലാഭേച്ഛക്കും വേണ്ടി ചികിത്സ, ആത്മീയത, ധനം തുടങ്ങി വിവിധ മേഖലകളില്‍ ഇത്തരം ചൂഷണക്കാര്‍ വിഹരിക്കുന്നുണ്ട്.
ജീവിതപ്രതീക്ഷകള്‍ അസ്തമിച്ച് വിഷാദം ബാധിച്ചവര്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് ഇരയാവുന്നത് നിത്യ വാര്‍ത്തയാണ്. പ്രതീക്ഷ നഷ്ടപ്പെട്ട ഹൃദയങ്ങള്‍ക്ക് ആത്മീയതയിലൂടെ പരിഹാരം എന്ന വാചകങ്ങളിലൂടെയോ പകുതി വിലക്ക് വാഹനം, മറ്റു സാമഗ്രികള്‍ തുടങ്ങി വ്യത്യസ്ത പരസ്യങ്ങളിലൂടെയോ മോടിയുള്ള ഉടയാടകളും മേല്വസ്ത്രവുമണിഞ്ഞ വ്യാജ സിദ്ധന്മാര്ക്കും മോഹന വാഗ്ദാനങ്ങളുമായി വരുന്ന വിദ്വാന്മാര്ക്കും പ്രാചുര്യവും സ്വീകാര്യതയും ലഭിച്ചുകൊണ്ടിരിക്കുന്ന കാലമാണിപ്പോള്‍. അവരുടെ ആധികാരികതയോ ജീവിത രീതികളോ പാരമ്പര്യമോ അന്വേഷിക്കാതെ പിറകെ പോയി വഞ്ചിതരാവുന്നവരും അനേകമാണ്. എന്നാല്‍, ആത്മീയരംഗത്ത് നിറഞ്ഞുനില്ക്കുന്ന അകളങ്കരായ മഹത്തുക്കളെയും സൂഫിവര്യന്മാരെയും പണ്ഡിതരെയും സാദാത്തീങ്ങളെയും തള്ളിപ്പറയുകയും ചെയ്യരുത്.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം ചൂഷണങ്ങളില്‍ പെടാതെ സര്‍വതും അല്ലാഹുവിങ്കല്‍ ഭരമേല്പിക്കുന്നതാണ് ഉചിതം. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘‘ഭയം, വിശപ്പ്, ധനക്കമ്മി, ജീവനാശം, കായ്കനീ ദൗര്‍ലഭ്യം തുടങ്ങി ചിലതുവഴി നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. വല്ല വിപത്തും സംഭവിക്കുമ്പോള്‍, ‘ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്കു മടങ്ങുന്നവരുമാണ്’ എന്നു പറയുന്ന ക്ഷമാശീലര്‍ക്ക് താങ്കള്‍ ശുഭവാര്‍ത്തയറിയിക്കുക. തങ്ങളുടെ നാഥങ്കല്‍നിന്നുള്ള അനുഗ്രഹങ്ങളും കാരുണ്യവും അവരില്‍ വര്‍ഷിക്കും. അവര്തന്നെയത്രേ സന്മാര്ഗം കൈവരിച്ചവര്‍’’. (ഖുർആൻ: 2: 155, 156)
ഏതൊരു പ്രയാസത്തിന്റെ കൂടെയും ആശ്വാസമുണ്ടെന്ന ഖുര്‍ആനിക പാഠം തിരിച്ചറിഞ്ഞ്, ധനതൃഷ്ണകൊണ്ട് അപരന്റെ കഷ്ടത പോലും മുതലെടുക്കുന്ന ആധുനിക ചൂഷകന്മാരിലും തട്ടിപ്പുകാരിലുംനിന്ന് അകന്നു ജീവിക്കാന്‍ നമുക്ക് സാധിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.