ലൈലച്ചേച്ചിയും ഒറോട്ടി മണമുള്ള പെരുന്നാൾ ഓർമകളും
text_fieldsകുറച്ചു ദിവസങ്ങൾക്ക് മുമ്പ് പെരുന്നാളിനെക്കുറിച്ചൊരു കഥ വായിച്ചു. മനോഹരമായ കഥ. അതു വായിച്ചുറങ്ങാൻ കിടന്നതിനാലാവാം, ഉറക്കത്തിൽ മോളേ, പെരുന്നാളിന് വരണേയെന്ന് ആരോ പറയും പോലെ എനിക്കു തോന്നി. ലൈലച്ചേച്ചിയാണ്.. പുണ്യമാസമായ റമദാനും വ്രതശുദ്ധിയുടെ നാളുകളും പെരുന്നാളുമെല്ലാം വരുമ്പോഴെന്റെ മനസ്സിലേക്ക് ആദ്യമെത്തുന്ന മുഖം ലൈലച്ചേച്ചിയുടേതാണ്. ഇതെല്ലാം എന്റെ പുള്ളാരാണ്, ഞാൻ വളർത്തിയ കൊച്ചുങ്ങളേയുള്ളൂ ഇവിടെ.... ഞങ്ങളെയെല്ലാം കാണുമ്പോൾ ലൈലച്ചേച്ചി പറയുന്നതാണ്. വെറുതേ പറയുന്നതല്ല, അതെല്ലാം ലൈലച്ചേച്ചിയുടെ മാത്രം അവകാശങ്ങളാണ്.
ലൈലച്ചേച്ചിയുടെ മക്കളായി പലവീടുകളിലായി ഞങ്ങൾ കുറച്ചുപേരുണ്ടായിരുന്നു. ഞങ്ങളുടെയെല്ലാം വീട്ടിലെ ഒരംഗം തന്നെയായിരുന്നു, ലൈലച്ചേച്ചി. എന്റെ ഓർമയിലെ പെരുന്നാളിനു പോലും ഒരു മണമുണ്ട്, ലൈലച്ചേച്ചി കൊണ്ടുത്തന്നിരുന്ന അരി ഒറോട്ടിയുടെയും കറിയുടെയും മണം.... എത്ര കൈത്തഴക്കത്തോടെയും വേഗത്തിലുമാണെന്നോ ലൈലച്ചേച്ചി ഒറോട്ടി ഉണ്ടാക്കിയിരുന്നത്. കണ്ണിമ ചിമ്മാതെ ഞാനതു നോക്കി നിൽക്കുമായിരുന്നു. എന്റെ അമ്മക്ക് ലൈലച്ചേച്ചിയോട് ഒരുപാടിഷ്ടവും അടുപ്പവുമുണ്ടായിരുന്നു.
അമ്മ പോയതിനുശേഷം ഞങ്ങൾ തമ്മിൽ കണ്ടപ്പോഴെല്ലാം ലൈലച്ചേച്ചിക്ക് അമ്മയെക്കുറിച്ചു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ചെറുപ്പകാലത്ത് ഒരുപാടു കഷ്ടപ്പെട്ടിട്ടുള്ള ഒരാളാണ് ലൈലച്ചേച്ചി. ഈശ്വരാനുഗ്രഹത്താൽ ഇപ്പോൾ ആ കഷ്ടപ്പാടുകളെല്ലാം മാറി നല്ല നിലയിൽ ജീവിക്കുന്നു. അതുകാണുമ്പോൾ എനിക്ക് ഒരുപാടു സന്തോഷമാണ്. സർവേശ്വരൻ എന്നും ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി ലൈലച്ചേച്ചിയേയും കുടുംബത്തെയും അനുഗ്രഹിക്കട്ടേ....പ്രാർഥനകൾ...
കൊല്ലം ജില്ലയിലെ വളവുപച്ചയെന്ന ഒരു കൊച്ചു നാട്ടിൻപുറത്താണ് ഞാൻ ജനിച്ചതും വളർന്നതുമെല്ലാം. മത ചിന്തകൾക്കൊന്നും സ്ഥാനമില്ലാത്ത സുന്ദരമായ കൊച്ചുഗ്രാമം. പരസ്പരം സ്നേഹിച്ചും സഹായിച്ചും ഒരേ മനസ്സോടെ ജീവിച്ച എന്റെ സ്വന്തം നാട്. കന്നി അഞ്ചിന്റെ (ശ്രീ നാരായണ ഗുരു സമാധി ) അടപ്രഥമനും നബിദിനത്തിന്റെ പായസവും ഒരേ രുചിയോടെ സന്തോഷത്തോടെ പങ്കിട്ടിരുന്ന കാലം.
ഷറഫുക്കായുടെ കടയുടെ (താഴേക്കട) മുമ്പിലായിരുന്നു, നബിദിനത്തിന് പായസം വെച്ചിരുന്നത്. തൂക്കുപാത്രത്തിൽ പകർന്നു കിട്ടിയിരുന്ന രുചിയുള്ള ആ പായസം കുടിക്കാൻ കൊതിയോടെ കാത്തിരിക്കുമായിരുന്നു. ഓണവും പെരുന്നാളുമെല്ലാം ഒരു കുടുംബം പോലെ ആഘോഷിച്ചിരുന്ന കാലം ലൈലച്ചേച്ചിയുടെ ഉമ്മയേയും മറക്കാൻ പറ്റില്ല. എന്നും സാധനങ്ങൾ വാങ്ങാൻ താഴേക്കടയിലേയ്ക്ക് പോകുമായിരുന്ന ആ ഉമ്മയുടെ രൂപം ഇപ്പോഴും മനസ്സിലുണ്ട്.
പോകും വഴി ഞങ്ങളുടെ വീട്ടിലും കയറും. അമ്മയോട് വലിയ സ്നേഹവും ബഹുമാനവുമായിരുന്നു ആ ഉമ്മയ്ക്കും. വീട്ടിലേക്കാവശ്യമുള്ള മുട്ടകൊണ്ടുത്തന്നിരുന്നത് ആ ഉമ്മയാണ്. സാറേയെന്നു വിളിച്ചു അമ്മയോടു വർത്തമാനം പറഞ്ഞുനിൽക്കുന്നതെല്ലാം ഇന്നലത്തെപ്പോലെ ഞാനോർക്കുന്നു.
റമദാൻ മാസത്തെ കുറിച്ചോർക്കുമ്പോൾ നസീമത്തയെയും മറക്കാൻ കഴിയില്ല. ഞങ്ങളുടെയെല്ലാം തുണികൾ തയ്ച്ചുതരുന്ന ചേച്ചിയായിരുന്നു നസീമത്ത. അതിനുമപ്പുറം നസീമത്ത എന്റെ സ്വന്തം ചേച്ചിയെപ്പോലെ തന്നെയായിരുന്നു. നസീമത്തയുടെ അനുജനും അനുജത്തിയും ഞാനും സഹപാഠികളുമായിരുന്നു. (തയ്ക്കാനുള്ള ആവശ്യങ്ങളുമായി ഞാൻ മിക്കപ്പോഴും അവരുടെ വീട്ടിൽ പോകും.
നോമ്പിനു മുമ്പുള്ള ഒരുക്കങ്ങളെല്ലാം കണ്ടും അറിഞ്ഞും നോമ്പിന്റെ മഹത്വത്തെക്കുറിച്ച് നസീമത്ത പറഞ്ഞറിഞ്ഞും എനിക്കും നോമ്പുപിടിക്കാൻ ആഗ്രഹമായി. നസീമത്താ, ഞാനും നോമ്പു പിടിക്കട്ടേ, ഒരു ദിവസം ഞാൻ ചോദിച്ചു. ഒരെണ്ണം പിടിച്ചുനോക്ക്, ഒട്ടും പറ്റാതായാൽ നോമ്പു മുറിയ്ക്കണം കേട്ടോ... നസീമത്ത പറഞ്ഞു.അങ്ങനെ ഞാനും നോമ്പു പിടിച്ചു. ഇത്തിരി പ്രയാസമായിരുന്നെങ്കിലും നോമ്പു പൂർത്തിയാക്കി. നോമ്പു മുറിക്കാറായപ്പോഴേയ്ക്കും ഒരു തൂക്കുപാത്രത്തിൽ നോമ്പുകഞ്ഞിയുമായി നസീമത്തയെത്തി.
എന്റെ മനസ്സിനെ തൊട്ടുണർത്തുന്നവയാണ് ആ പഴയകാലവും ഓർമകളുമെല്ലാം. കാലങ്ങൾ കഴിഞ്ഞുപോയെങ്കിലും ആ ഓർമകൾക്കൊന്നും അൽപം പോലും മങ്ങലേറ്റിട്ടില്ല.
ആ ഓർമകൾക്കിന്നും മഴവില്ലിന്റെ മനോഹാരിതയാണ്. ഇപ്പോഴും ലൈലച്ചേച്ചിയുടെ ഒറോട്ടിയും കറിയും നസീമത്തയുടെ നോമ്പുകഞ്ഞിയും ഉമ്മുക്കുലുസുവുമൊക്കെ മറക്കാതെ മനസ്സിലുണ്ടാവണമെങ്കിൽ അതിനുമപ്പുറം അവർ പകർന്നുനൽകിയ കലർപ്പില്ലാത്ത സ്നേഹവും വാത്സല്യവും ഒന്നു കൊണ്ടുതന്നെയല്ലേ.. പ്രവാസജീവിതത്തിന്റെ വിരസമായ ഈ ചുറ്റുപാടിൽ ആ ഓർമകളെല്ലാം ഒരു തേന്മഴപോലെ പെയ്തൊഴിയുകയാണ്.... നിഷ്കളങ്ക ബാല്യത്തിന്റെ ആഹ്ലാദ നിമിഷങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.