പ്രവാസത്തിലെ ആദ്യ റമദാൻ ഓർമകൾ
text_fieldsറജബിന്റെ പിറവിയോടെതന്നെ വിശ്വാസികളുടെ പ്രാർഥനകളില്‍ റജബ്, ശഅ്ബാന്‍ മാസങ്ങളില്‍ നീ ഞങ്ങള്‍ക്ക് ഗുണസമൃദ്ധി നല്‍കണേ, റമദാന് മാസത്തിലേക്ക് ഞങ്ങളെ നീ എത്തിക്കണേ എന്ന് ഇടംപിടിക്കുകയുണ്ടായി. ഗുണസമൃദ്ധി വര്‍ധനയുടെ കാലങ്ങളായ റജബിലും ശഅ്ബാനിലും നന്മനിറഞ്ഞ ജീവിതം നയിക്കാനുള്ള അവസരത്തെ ചോദിക്കുകയാണാദ്യം. രണ്ടാമതായി റമദാനിലെത്തിച്ചേരാനുള്ള ഭാഗ്യം അഥവാ ദീര്‍ഘായുസ്സാണ് തേടുന്നത്. റമദാന് വിശ്വാസി മനസ്സുകളില്‍ ലഭിച്ചിട്ടുള്ള സ്വീകാര്യതയും അത് നല്കുന്ന പ്രതീക്ഷയുമാണ് ഈ പ്രാർഥനയുടെ പ്രധാന പ്രചോദനം.
എന്റെ ബഹ്റൈനിലെ ആദ്യത്തെ റമദാൻ 2014ൽ ആയിരുന്നു. അന്ന് റമദാൻ ജൂലൈ, ആഗസ്റ്റ് മാസത്തിലായിരുന്നത് കൊണ്ടുതന്നെ നല്ല ചുട്ടുപൊള്ളുന്ന ദിനരാത്രങ്ങളായിരുന്നു. ഒരു വെൽഡിങ് വർക് ഷോപ്പിൽ ഓഫിസ് ആൻഡ് ഫോർമാൻ എന്ന ജോലിയായിരുന്നു. രാവിലെ ജോലിക്കാരുമായി സൈറ്റിൽ അവർക്കുവേണ്ട നിർദേശങ്ങൾ കൊടുക്കൽ എന്റെ ജോലിയുടെ ഭാഗമായിരുന്നു.
റമദാനിൽ ബഹ്റൈനിലെ പ്രമുഖ കമ്പനിയുടെ സ്റ്റോറിന്റെ ഘട്ടർ മാറ്റൽ, വാട്ടർപ്രോഫ് എന്നീ വർക്കുകൾ കമ്പനിക്ക് കിട്ടി. പെട്ടെന്ന് ഫിനിഷ് ചെയ്യണമെന്നുള്ളത് കൊണ്ട് ആ ജോലികൾ റമദാനിൽ എടുക്കേണ്ടിവന്നു. ഏറ്റവും കൂടുതൽ ചൂട് അനുഭവിക്കുന്ന മാസം. വെയർഹൗസിന്റെ മുകളിൽ കയറി എല്ലാം ചെക്ക് ചെയ്യുകയും മാറ്റേണ്ടത് മാറ്റിക്കൊടുക്കുകയും ചെയ്യണം.
മുകളിൽനിന്ന് സൂര്യന്റെ ചൂടും അടിയിൽനിന്ന് മിഷനറികളുടെ ചൂടും. പതിവുപോലെ ഒരുദിവസം ജോലിക്കാരു മാറി ഷെഡിന്റെ മുകളിൽ കയറി. നല്ല ക്ഷീണം അനുഭവപ്പെട്ടു. തല ചുറ്റി വീഴാൻ സമയം കൂട്ടുകാർ പിടിച്ചു മെല്ലെ താഴെയിറക്കി വെള്ളം കൊണ്ടുവന്നു. അന്നത്തെ നോമ്പ് അവിടെവെച്ച് മുറിച്ചു. ഇതറിഞ്ഞ് എന്റെ ഒരു സംഘടനാ കൂട്ടുകാരൻ അവിടെ ഓടിയെത്തി ഹോസ്പിറ്റലിൽ കൊണ്ടുപോയി. പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളില്ല. നേരെ റൂമിൽ പോയി വിശ്രമിച്ചു.
ഇത് എന്റെ ബഹ്റൈൻ നോമ്പ് വിശേഷങ്ങളിൽ മറക്കാത്ത ഓർമയായി ഇന്നും നിലനിൽക്കുന്നു. അന്ന് എന്റെ കൂടെയുണ്ടായിരുന്ന മൂന്ന് കൂട്ടുകാർ ഇന്നും ബഹ്റൈനിലുണ്ട്. എല്ലാ റമദാനിലും ഞങ്ങൾ ആ ഓർമകൾ അയവിറക്കാറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.