ചെലവഴിക്കുന്നവരുടെ ഉപമ
text_fieldsചെലവഴിച്ചാൽ കുറഞ്ഞുപോകുമെന്നാണ് നമ്മുടെ പൊതുവെയുള്ള ധാരണ. എന്നാൽ ക്രിയാത്മകവും പ്രയോജനപ്രദവുമായ കാര്യങ്ങളിൽ ചെലവഴിക്കപ്പെടുമ്പോഴാണ് സമൂഹം വളരുന്നതും വികസിക്കുന്നതും. സമ്പന്നരിൽ മാത്രം സമ്പത്ത് കറങ്ങുമ്പോൾ സമൂഹം മുരടിച്ചുപോകുന്നു.പാവങ്ങൾക്കും അനാഥർക്കും അഗതികൾക്കും അധസ്ഥിതർക്കും അവഗണിക്കപ്പെടുന്നവർക്കും വേണ്ടി ചെലവഴിക്കുന്നത് ഒരിക്കലും നഷ്ടമല്ല, മറിച്ച് ലാഭമാണ്. അവരെ സമൂഹത്തിന്റെ പൊതു നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് അത് വഴി നാം ചെയ്യുന്നത്. അത് ദൈവമാർഗത്തിലുള്ള ചെലവഴിക്കലാണ്. പുണ്യത്തെ വിശദീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു.
നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖംതിരിക്കുന്നതല്ല പുണ്യം. പിന്നെയോ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക; സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമ മോചനത്തിനും ചെലവഴിക്കുക; നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുക; കരാറുകളിലേര്‍പ്പെട്ടാലവ പാലിക്കുക; പ്രതിസന്ധികളിലും വിപത്ഘട്ടങ്ങളിലും യുദ്ധരംഗത്തും ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്മാര്. അവരാണ് സത്യം പാലിച്ചവര്‍. അവര്‍ തന്നെയാണ് യഥാര്‍ഥ ഭക്തന്മാര് (വിശുദ്ധ ഖുർആൻ 2:177).
ഇങ്ങനെ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നതിനെക്കുറിച്ച് മനോഹരമായ ഒരു ഉദാഹരണമുണ്ട് ഖുർആനിൽ. അതിങ്ങനെ വായിക്കാം. ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ഏഴ് കതിരുകളെ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇവ്വിധം ഇരട്ടിയായി കൂട്ടിക്കൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ് (വിശുദ്ധ ഖുർആൻ 2:177). ഇവിടെ ചെലവഴിക്കുന്നത് ലാഭകരമായ ഒരു നിക്ഷേപമായി മാറുന്നു. എഴുനൂറിരട്ടി ലാഭം ലഭിക്കുന്ന ഒരു സുരക്ഷിത നിക്ഷേപ വിസ്മയം!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.