ആർത്തിയുടെ മൂർത്തരൂപം
text_fieldsദുര മൂത്ത മനുഷ്യൻ ചെയ്തുകൂട്ടുന്ന അതിക്രമങ്ങൾ ഒരോ ദിവസവും നാം കാണുന്നുണ്ട്. പ്രകൃതിയെ കീഴടക്കി എന്നാണ് അഹങ്കാരത്തോടെയുള്ള മനുഷ്യന്റെ വീമ്പു പറച്ചിൽ. ഒസോൺ പാളിയെ വരെ ഓട്ടയാക്കിയ വികസനം. പ്രകൃതിയെ കീഴടക്കുകയല്ല. ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഇനി വരുന്ന തലമുറക്ക് കൂടി ഉപകാരപ്പെടുന്ന രൂപത്തിൽ സൂക്ഷിക്കുകയാണ് വേണ്ടത്. പടച്ചവനെയോ പടപ്പുകളെയോ പേടിയില്ലാത്ത മനുഷ്യനോട് പക്ഷെ, പറഞ്ഞിട്ടെന്ത് കാര്യം?
മനുഷ്യൻ നന്നാവുമോ എന്ന് നോക്കാൻ ദൈവം ചില സമയങ്ങളിൽ ചില പ്രഹരങ്ങൾ നൽകും. പ്രളയമായും കൊടുങ്കാറ്റായുമൊക്കെ അത് പ്രത്യക്ഷപ്പെടും അല്ലാഹു പറയുന്നു. മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ? (വിശുദ്ധ ഖുർആൻ 30:41).
സ്വാർഥതാൽപര്യങ്ങളും ഭൗതിക താൽപര്യങ്ങളും മാത്രം പരിഗണിക്കുന്ന ദുര മൂത്ത മനുഷ്യനെ അല്ലാഹു ഉപമിക്കുന്നത് നാവ് നീട്ടി അലഞ്ഞു നടക്കുന്ന ഒരു നായ് ഒാടാണ്. അതിനെ ഓടിക്കാൻ നീ കല്ലെടുത്തെറിഞ്ഞാലും തിന്നാനുള്ള വല്ലതുമാണെന്ന് കരുതി അത് മണത്തു നോക്കുകയും നക്കിനോക്കുകയും ചെയ്യും. ആർത്തിയുടെ മൂർത്തരൂപം! അല്ലാഹു വിശദീകരിക്കുന്നു.
ആ ഒരുവന്റെ വിവരം നീ അവരെ വായിച്ചു കേള്‍പ്പിക്കുക. നാം അയാള്‍ക്ക് നമ്മുടെ വചനങ്ങള്‍ നല്കി. എന്നിട്ടും അയാള്‍ അതില്‍നിന്നൊഴിഞ്ഞുമാറി. അപ്പോള്‍ പിശാച് അവന്റെ പിറകെകൂടി. അങ്ങനെ അവന് വഴികേടിലായി. നാം ഇച്ഛിച്ചിരുന്നെങ്കില്‍ ആ വചനങ്ങളിലൂടെത്തന്നെ നാമവനെ ഉന്നതിയിലേക്ക് നയിക്കുമായിരുന്നു. പക്ഷേ, അയാള്‍ ഭൂമിയോട് ഒട്ടിച്ചേര്‍ന്ന് തന്നിഷ്ടത്തെ പിന്‍പറ്റുകയാണുണ്ടായത്. അതിനാല്‍ അയാളുടെ ഉപമ ഒരു നായുടേതാണ്. നീ അതിനെ ദ്രോഹിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് നീട്ടിയിടും. നമ്മുടെ വചനങ്ങളെ കള്ളമാക്കിയ ജനത്തിന്റെ ഉദാഹരണവും ഇതുതന്നെ. അതിനാല്‍ അവര്‍ക്ക് ഇക്കഥയൊന്ന് വിശദീകരിച്ചുകൊടുക്കുക. ഒരുവേള അവര്‍ ചിന്തിച്ചെങ്കിലോ. നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും തങ്ങള്‍ക്കുതന്നെ ദ്രോഹം വരുത്തിവെക്കുകയും ചെയ്യുന്നവരുടെ ഉപമ വളരെ ചീത്ത തന്നെ. (വിശുദ്ധ ഖുർആൻ 7:175, 176, 177).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.