അടിമയും ഉടമയും
text_fieldsഅടിമ അസ്വതന്ത്രനാണ്. ഉടമ സ്വതന്ത്രനും. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ അടിമയാക്കിവെക്കുന്നത് ഒരിക്കലും ശരിയല്ല.
അതുകൊണ്ട് തന്നെ അടിമത്തം അഭിമാനമുള്ള ഒരു മനുഷ്യന് അംഗീകരിക്കാൻ പറ്റുന്ന ഒരു വ്യവസ്ഥയല്ല. അതേ സമയം മനുഷ്യൻ ദൈവത്തിന്റെ അടിമയാണ് എന്നാണ് ഇസ്ലാമിക കാഴ്ചപ്പാട്. മനുഷ്യന് എത്തിപ്പെടാൻ പറ്റുന്ന ഏറ്റവും വലിയ പദവി അല്ലാഹുവിന്റെ യഥാർഥ അടിമയാവുക എന്നതാണ്. മനുഷ്യൻ അല്ലാഹുവിന്റെ അടിമയാവുന്നിെല്ലങ്കിൽ സ്വഭാവികമായും മറ്റു പലതിന്റെയും അടിമയായി മാറും.
ജയിലിൽ വെച്ച് സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടയിൽ യൂസുഫ് നബി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. പരമാധികാരിയായ ഒരു യജമാനനെ സേവിക്കുന്നതാണോ ധാരാളം യജമാനമാരെ സേവിക്കുന്നതാണോ നല്ലത് എന്നായിരുന്നു ചോദ്യം.
‘എന്റെ ജയില്‍ക്കൂട്ടുകാരേ, വ്യത്യസ്തരായ പല പല ദൈവങ്ങളാണോ ഉത്തമം? അതോ സര്‍വാധിനാഥനും ഏകനുമായ അല്ലാഹുവോ?’ (വിശുദ്ധ ഖുർആൻ 12:39).
നിവൃത്തിച്ചു തരാൻ കഴിവില്ലാത്തവനോട് ആവശ്യങ്ങൾ ഉന്നയിക്കുന്നതും ആവലാതികൾ ബോധിപ്പിക്കുന്നതും നിരർഥകമാണ്. ഒരു കഴിവുമില്ലാത്ത അടിമയോട് ആരും ജീവിത വിഭവങ്ങൾക്ക് വേണ്ടി യാചിക്കുകയില്ല.
ജീവിതത്തിൽ ഈ നിലപാടു പുലർത്തുന്ന മനുഷ്യൻ എന്തേ ആരാധനയുടെ വിഷയത്തിൽ ഈ നിലപാട് പുലർത്താത്തത് എന്നാണ് വിശുദ്ധ ഖുർആന്റെ ചോദ്യം. കാര്യം വിശദമായി മനസ്സിലാക്കാൻ അല്ലാഹു രണ്ട് ഉദാഹരണങ്ങൾ നിരത്തുന്നു.
അല്ലാഹു ഒരു ഉദാഹരണം നല്കുന്നു: മറ്റൊരുവന്റെ ഉടമസ്ഥതയിലായ ഒരടിമ; അവന് സ്വന്തമായി ഒരു അധികാരവുമില്ല. നമ്മില്‍നിന്ന് ഉല്‍കൃഷ്ട വിഭവങ്ങള്‍ പ്രദാനം ചെയ്തിട്ടുള്ള മറ്റൊരുവനും; അവന് അതില്‍നിന്ന് പരോക്ഷമായും പരസ്യമായും സത്കാര്യങ്ങളില്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നു. പറയൂ! ഇവരിരുവരും തുല്യരാണോ? അല്ലാഹുവിനു സ്തുതി. പക്ഷേ, അധികമാളുകളും ലളിതമായ ഈ സംഗതി) അറിയുന്നില്ല.
അല്ലാഹു മറ്റൊരു ഉദാഹരണവും കൂടി നല്കുന്നു: രണ്ടു മനുഷ്യര്‍-ഒരുവന് ഊമയാണ്. ഒരു കാര്യവും ചെയ്യാനാവാത്തവന്‍. അവന് തന്റെ യജമാനന് ഒരു ഭാരമായിരിക്കുന്നു. അയാള്‍ അവനെ എങ്ങോട്ടു തിരിച്ചാലും ഒരു ഗുണവുമുണ്ടാകുന്നില്ല.
രണ്ടാമനോ; ഇങ്ങനെയാണ്: നീതി കല്പിക്കുന്നു. സ്വയം സന്മാര്ഗത്തില് നിലകൊള്ളുകയും ചെയ്യുന്നു. പറയൂ! ഈ രണ്ടുപേരും ഒരുപോലെയാണോ? (വിശുദ്ധ ഖുർആൻ 16:75,76).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.