ദൂരദിക്കിൽ നിന്നും ഓടിവന്ന ഒരാൾ
text_fieldsവിശുദ്ധ ഖുർആനിലെ യാസീൻ എന്ന അധ്യായത്തിൽ പട്ടണത്തിന്റെ വിദൂര ദിക്കിൽ നിന്നും ഓടി വന്ന ഒരാളെ പരാമർശിക്കുന്നുണ്ട്. പട്ടണവാസികളിലേക്ക് നിയോഗിതരായ ദൈവദൂതൻമാരെ അവർ തള്ളിക്കളഞ്ഞപ്പോൾ അവരെ നിങ്ങൾ സ്വീകരിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടാണ് അദ്ദേഹം ഓടി വരുന്നത്. പക്ഷെ ആ നാട്ടുകാർ ആ നല്ല മനുഷ്യനെ കൊന്നുകളയുകയാണ് ചെയ്തത്. സ്വർഗത്തിലെത്തിയിട്ടും അദ്ദേഹം തന്റെ ജനതയെ ഗുണകാംക്ഷാപൂർവം സ്മരിക്കുന്ന രംഗം ഖുർആൻ മനോഹരമായി ചിത്രീകരിക്കുന്നു.
ഒരു ഉദാഹരണമെന്ന നിലയില്‍ ആ നാട്ടുകാരുടെ കഥ ഇവര്‍ക്ക് പറഞ്ഞുകൊടുക്കുക: ദൈവദൂതന്മാര് അവിടെ ചെന്ന സന്ദര്‍ഭം!. നാം അവരുടെ അടുത്തേക്ക് രണ്ടു ദൈവദൂതന്മാരെ അയച്ചു. അപ്പോള്‍ അവരിരുവരെയും ആ ജനം തള്ളിപ്പറഞ്ഞു. പിന്നെ നാം മൂന്നാമതൊരാളെ അയച്ച് അവര്‍ക്ക് പിന്‍ബലമേകി.
അങ്ങനെ അവരെല്ലാം ആവര്‍ത്തിച്ചു പറഞ്ഞു: ‘ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ട ദൈവദൂതന്മാരാണ്’ ആ ജനം പറഞ്ഞു: ‘നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്.
പരമദയാലുവായ ദൈവം ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കള്ളം പറയുകയാണ്’. അവര്‍ പറഞ്ഞു: ‘ഞങ്ങളുടെ നാഥന്നറിയാം; ഉറപ്പായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്കയക്കപ്പെട്ട ദൈവദൂതന്മാരാണെന്ന്. സന്ദേശം വ്യക്തമായി എത്തിച്ചുതരുന്നതില്‍ കവിഞ്ഞ ഉത്തരവാദിത്തമൊന്നും ഞങ്ങള്‍ക്കില്ല’. ആ ജനം പറഞ്ഞു: ‘തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ദുശ്ശകുനമായാണ് കാണുന്നത്. നിങ്ങളിത് നിറുത്തുന്നില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ എറിഞ്ഞാട്ടും.
ഞങ്ങളില്‍നിന്ന് നിങ്ങള്‍ നോവുറ്റ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും’. ദൂതന്മാര് പറഞ്ഞു: "നിങ്ങളുടെ ദുശ്ശകുനം നിങ്ങളോടൊപ്പമുള്ളതു തന്നെയാണ്. നിങ്ങള്‍ക്ക് ഉദ്ബോധനം നല്കിയതിനാലാണോ ഇതൊക്കെ? എങ്കില്‍ നിങ്ങള്‍ വല്ലാതെ പരിധിവിട്ട ജനം തന്നെ’.
ആ പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നു പറഞ്ഞു: ‘എന്റെ ജനമേ, നിങ്ങള്‍ ഈ ദൈവദൂതന്മാരെ പിന്‍പറ്റുക. നിങ്ങളോട് പ്രതിഫലമൊന്നും ആവശ്യപ്പെടാത്തവരും നേരെ ചൊവ്വെ ജീവിക്കുന്നവരുമായ ഇവരെ പിന്തുടരുക. ആരാണോ എന്നെ സൃഷ്ടിച്ചത്; ആരിലേക്കാണോ നിങ്ങള്‍ തിരിച്ചുചെല്ലേണ്ടത്; ആ അല്ലാഹുവെ വഴിപ്പെടാതിരിക്കാന്‍ എനിക്കെന്തു ന്യായം?. അവനെയല്ലാതെ മറ്റുള്ളവയെ ഞാന്‍ ദൈവങ്ങളായി സ്വീകരിക്കുകയോ? ആ പരമകാരുണികന് എനിക്കു വല്ല വിപത്തും വരുത്താനുദ്ദേശിച്ചാല്‍ അവരുടെ ശിപാര്‍ശയൊന്നും എനിക്കൊട്ടും ഉപകരിക്കുകയില്ല. അവരെന്നെ രക്ഷിക്കുകയുമില്ല. അങ്ങനെ ചെയ്താല്‍ സംശയമില്ല. ഞാന്‍ വ്യക്തമായ വഴികേടിലായിരിക്കും. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ നാഥനില്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളെന്റെ വാക്ക് കേള്‍ക്കുക’.
‘നീ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക’ എന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു: ‘ഹാ,എന്റെ ജനത ഇതറിഞ്ഞിരുന്നെങ്കില്‍!
"അഥവാ, എന്റെ നാഥന് എനിക്കു മാപ്പേകിയതും എന്നെ ആദരണീയരിലുള്‍പ്പെടുത്തിയതും (വിശുദ്ധ ഖുർആൻ 36:13 -27).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.