സൗദിയുടെ റമദാൻ സമ്മാനങ്ങൾ ഇന്ത്യയിൽ എല്ലാവർക്കും -ഇസ്ലാമിക മന്ത്രാലയ വക്താവ്
text_fieldsസൗദി ഇസ്ലാമിക മന്ത്രാലയം ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ അനൈസി ഗൾഫ് മാധ്യമത്തോട് സംസാരിക്കുന്നു
റിയാദ്: ഇന്ത്യയിൽ സൗദി അറേബ്യ വിതരണം ചെയ്യുന്ന റമദാൻ സമ്മാനങ്ങൾ മുസ്ലിംകൾക്കായി മാത്രമല്ലെന്നും ഇതര മതസ്ഥർക്കും അതിന്റെ പ്രയോജനം ലഭിക്കുമെന്നും സൗദി ഇസ്ലാമിക മന്ത്രാലയം ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ അനൈസി. ഗൾഫ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി അറേബ്യ ലോകത്തിന്റെ നാനാഭാഗങ്ങളിൽ അതിന്റെ എംബസികൾ വഴി ധാരാളം മാനവിക, സാംസ്കാരിക, നയതന്ത്ര പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. റമദാൻ കാലത്ത് ഇന്ത്യയിൽ സൗദി എംബസിയിലെ കൾചറൽ അറ്റാഷെയുടെ നേതൃത്വത്തിൽ 30 ദിവസവും നോമ്പുതുറകൾ, ഭക്ഷണവിതരണം, ഖുർആൻ വിതരണം എന്നിവ നടത്തുന്നു. ഖുർആൻ പോലുള്ള സമ്മാനങ്ങൾ വിശ്വാസികൾ വളരെ സന്തോഷത്തോടെയാണ് ഏറ്റുവാങ്ങുന്നത്.
എംബസി വിശ്വാസികൾക്കിടയിൽ മതപരമായ അനുഷ്ഠാനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനൊപ്പം തന്നെ മൊത്തം സമൂഹത്തിൽ ഇസ്ലാം വിഭാവനം ചെയ്യുന്ന സാഹോദര്യവും കാരുണ്യവും നീതിയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രനിർമാണത്തിൽ നിർവഹിക്കേണ്ട വിശ്വാസികളുടെ പങ്കിനെക്കുറിച്ചും ഇസ്ലാമിന്റെ മധ്യമനിലപാടും മറ്റുള്ളവരോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇടപഴകാനുള്ള പ്രവാചകന്റെ നിർദേശങ്ങളും സംബന്ധിച്ച് മുസ്ലിംകൾക്കിടയിൽ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്നു. ഇസ്ലാമിന്റെ മൗലിക കാഴ്ചപ്പാടുകളോട് എതിരാകുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാൻ അവരെ നിരന്തരം ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഈ പ്രവർത്തനങ്ങൾ ദീർഘകാലമായി ഇന്ത്യയുടെയും സൗദിയുടെയും ഇടയിൽ നിലനിൽക്കുന്ന ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്നു. ഈയടിസ്ഥാനത്തിൽ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശാനുസരണം ലോകത്ത് വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. റമദാൻ പ്രമാണിച്ച് വിതരണം ചെയ്യപ്പെടുന്ന സമ്മാനങ്ങളും ഇഫ്താർ കിറ്റുകളും ഈത്തപ്പഴവും മുസ്ലിംകളെന്ന പോലെ ഇതരമതസ്ഥർക്കും വേണ്ടിയുള്ളതാണ്. അവർക്കും അതിന്റെ പ്രയോജനം കിട്ടുന്നുണ്ടെന്ന് സൗദി എംബസി ഉറപ്പുവരുത്തും.
ന്യൂ ഡൽഹി മുതൽ കേരളം വരെ ഇന്ത്യയുടെ എല്ലായിടത്തും സമ്മാനങ്ങൾ എത്തിക്കാൻ വേണ്ടത് ചെയ്യും. എല്ലാ വിഭാഗം ആളുകളുടെയും ഇടയിലെത്തിക്കാൻ റമദാനിൽ സൗദി എംബസി പ്രവർത്തിക്കുന്നു. ഈ പ്രവർത്തനങ്ങൾ ഇന്ത്യ ഗവൺമെന്റിന്റെയും ഇന്ത്യയിലെ മതനേതൃത്വത്തിന്റെയും പരിപൂർണ സഹകരണത്തോടെയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ രണ്ട് സുഹൃത് രാജ്യങ്ങൾ തമ്മിലുള്ള സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങളെയും ഊട്ടിയുറപ്പിക്കും -അബ്ദുല്ല അൽ അനൈസി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.