കാൽ നൂറ്റാണ്ടിന്റെ വ്രതശുദ്ധിയിൽ ഷാജു-സംഗീത ദമ്പതികള്‍
text_fieldsഅജ്മാന്: കാല് നൂറ്റാണ്ടിന്റെ റമദാന് പുണ്യവുമായി കഴിയുകയാണ് അജ്മാനിലെ ഷാജു-സംഗീത ദമ്പതികള്‍. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഷാജു 1998ലാണ് യു.എ.ഇയില്‍ ജോലിക്കായി എത്തുന്നത്. ദുബൈയിലെ താമസ സ്ഥലത്ത് തലശ്ശേരിക്കാരുടെ റൂമിലായിരുന്നു താമസം.
അന്ന് കൂടെ താമസിക്കുന്ന സുഹൃത്തുക്കളോടൊപ്പം ഒരു രസത്തിന് നോമ്പെടുത്ത് തുടങ്ങിയ ഷാജു ഇന്ന് ആത്മനിര്‍വൃതിയോടെ അത് തുടരുകയാണ്. 25 വര്‍ഷമായി മുടക്കമില്ലാതെ നോമ്പെടുക്കാന്‍ കഴിഞ്ഞതായി ഷാജു പറയുന്നു. 2000ത്തിലാണ് എടപ്പാള്‍ ഐലക്കാട് സ്വദേശിനി സംഗീതയെ ഷാജു വിവാഹം ചെയ്യുന്നത്. 2004ല്‍ സംഗീതയെ ഷാജു അജ്മാനിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
അന്ന് മുതല്‍ സംഗീതയും ഷാജുവിന്റെ പാതയില്‍ റമദാനിലെ നോമ്പെടുക്കുന്നു. നീണ്ട വര്‍ഷങ്ങള്‍ അജ്മാനിലെ ഒരു സ്റ്റേഷനറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഷാജു കൊറോണയെ തുടര്‍ന്ന് സ്ഥാപനം പൂട്ടിയപ്പോള്‍ അജ്മാന് നുഐമിയയില്‍ സ്വന്തമായി ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന പേരില്‍ ഒരു സ്റ്റേഷനറി സ്ഥാപനം ആരംഭിച്ചു. ഇപ്പോള്‍ ഷാജുവും സംഗീതയും ചേര്‍ന്നാണ് ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത്.
ഏക മകന് ഇപ്പോള്‍ ഉപരിപഠനാർഥം നാട്ടിലാണ്. മകന് അജ്മാനിലുണ്ടായിരുന്ന സമയത്തും നോമ്പെടുക്കുമായിരുന്നു. റമദാന് മാസവും വിഷുവും ഒന്നിച്ച് വന്നപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി സദ്യ വാങ്ങി വന്ന് നോമ്പ് തുറന്നതിന് ശേഷം കഴിച്ചത് ഇന്നും മായാത്ത ഓര്‍മകളായി ഷാജുവും സംഗീതയും മനസ്സില്‍ സൂക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.