ചീരക്കഞ്ഞിയും പച്ചക്കായയും മീൻ മുളകിട്ടതും
text_fieldsമറ്റു 11 മാസങ്ങളിൽനിന്ന് ഒരുപാട് വ്യത്യസ്തമാണ് റമദാൻ മാസം. അതിപ്പോൾ ഓരോ വീട്ടിലെയും ചെറിയ കുട്ടി മുതൽ ഏറ്റവും പ്രായമായവർക്കുപോലും ഒരു പ്രത്യേക ഉഷാറും നമ്മളറിയാതെതന്നെ പല മാറ്റങ്ങൾക്ക് സന്തോഷത്തോടു കൂടി വിധേയരാകുന്നതുമാണ്. റമദാൻ മാസമായാൽ രാവിലെ നാലു മണി മുതൽ തുടങ്ങും, ‘എണീക്ക് മക്കളെ അത്താഴം കഴിക്കാൻ, സുബ്ഹി ഇപ്പോൾ ബാങ്ക് കൊടുക്കുംട്ടോ അപ്പോഴേക്കും ചോറൊക്കെ കഴിച്ചു തീരേണ്ടേ’ന്നും പറഞ്ഞ്, ഒരുവിധം എണീറ്റ് പല്ലൊക്കെ തേച്ച് ഹാളിൽ വന്നിരിക്കും. ചൂടുള്ള ഭക്ഷണമെല്ലാം നമ്മളെ നോക്കിയിരിപ്പുണ്ടാകും, ഉറക്കക്കണ്ണായതുകൊണ്ട് വേണോ വേണ്ടേ എന്നപോലെ ഒരൽപം കഴിച്ചെന്നുവരുത്തും, കഴിച്ചില്ലെങ്കിൽപിന്നെ നേരം വെളുത്തശേഷം വിശക്കുന്നു എന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
സുബ്ഹ് ബാങ്ക് കേൾക്കേണ്ട താമസം പെട്ടെന്ന് പോയി നമസ്കരിച്ച് ഓടിച്ചെന്ന് കിടന്നുറങ്ങും. പിന്നെ പകൽ സ്കൂളിൽ പോയി വരുമ്പോൾ പലതരം മണങ്ങളാണ് നമ്മളെ വരവേൽക്കുന്നത്. അടുക്കളയിലെ പെണ്ണുങ്ങളുടെ ബഹളങ്ങൾ കേൾക്കുമ്പോൾതന്നെ വിശപ്പിന് ആഴംകൂടും. അന്നൊക്കെ കൂട്ടുകുടുംബമായതിനാൽ നാലോ അഞ്ചോ പെണ്ണുങ്ങൾ അടുക്കളയിൽതന്നെ ഉണ്ടാകും, സഹായത്തിനു വരുന്നവരെ കൂടാതെ. പിന്നെ നാട് പൊന്നാനിയായതുകൊണ്ട് പുതിയാപ്പിള സ്പെഷൽ ഫുഡ് വേറെയും നിർബന്ധമാണ് (എന്റെ നാട്ടിൽ മരുമക്കത്തായ സിസ്റ്റം ആയതുകൊണ്ട് പുതിയാപ്പിളമാർ ഉണ്ടാകും, അവർക്കു സ്പെഷൽ പൊന്നാനി കടികളും).
അതുപോലെ പള്ളിയിൽനിന്ന് ഒന്നോ രണ്ടോ ഉസ്താദ് മിക്കവാറും നോമ്പുതുറക്ക് വീട്ടിലുണ്ടാകും. അവർ തന്നെയാണ് തറാവീഹ് നമസ്കാരത്തിന് ഇമാമായി വരാറുള്ളതും. നാരങ്ങവെള്ളവും ജ്യൂസും കൂട്ടത്തിൽ പൊരിച്ച കടികളും ചേർന്നുള്ള ‘കുഞ്ഞൻ നോമ്പുതുറക്ക്’ ശേഷം മഗ്രിബ് നമസ്കരിക്കും. വീട്ടിലുള്ളവർ ചേർന്ന് ഇമാമായി നിർവഹിക്കാറാണ് പതിവ്. പിന്നെ പത്തിരി ഇറച്ചി കറിയും ചീരാക്കഞ്ഞിയും പച്ചക്കായയും കൂട്ടി ‘വല്യ നോമ്പുതുറ’യാണ്. പത്തിരി ഇറച്ചിയേക്കാൾ എനിക്ക് അന്നും ഇന്നും പ്രിയം ചീരക്കഞ്ഞിയുടെ കൂടെയുള്ള പച്ചക്കായയും അതിൽ ഒഴിച്ച് കഴിക്കുന്ന മീൻ മുളകിട്ടതുമാണ്. പൊന്നാനിയിലെ മിക്ക വീട്ടിലും നോമ്പിന് സ്ഥിരം ഇതുണ്ടാകും.
അപ്പോഴേക്ക് ഇശാ ബാങ്കിന്റെ നേരമാകും. ബാങ്ക് കൊടുക്കുന്നതോടുകൂടി അയൽപക്കത്തുള്ള പെണ്ണുങ്ങളും കുട്ടികളുമൊക്കെ ഞങ്ങളുടെ വീട്ടിലേക്കു നമസ്കാരത്തിനായി വരും. പ്രായമായവരും അല്ലാത്തവരുമൊക്കെയുണ്ടാകും ആ കൂട്ടത്തിൽ. ശേഷം ഇമാമോടൊപ്പം ജമാഅത്തായി തറാവീഹ് നമസ്കാരം. എട്ടു മണിയോടുകൂടി തുടങ്ങി പത്തര, പതിനൊന്നു മണിയാകും നമസ്കാരം കഴിയുമ്പോൾ. ഹാളിൽ വലിയ പായയൊക്കെ വിരിച്ച് അതിലാണ് എല്ലാ സ്ത്രീകളും കുട്ടികളും. ഇമാമും മറ്റു ചെറിയ ആൺകുട്ടികളും വേറൊരു റൂമിലും. നമസ്കാരശേഷം വീട്ടിലുള്ളവരൊക്കെ പോയാൽ പായ മടക്കി എടുത്തുവെക്കൽ, ഞങ്ങൾ കുട്ടികളുടെ പണിയാണ്. അങ്ങനെ പായയൊക്കെ മടക്കിവെച്ച് ചെറു കടികൾ എന്തെങ്കിലും കഴിക്കും - അതാണ് ‘മുത്താഴം’ എന്ന പേരിലറിയപ്പെടുന്നത്. ഈ നേരമാകുമ്പോഴേക്കും കുട്ടികൾ മിക്കവാറും ഉറങ്ങിത്തൂങ്ങിയിട്ടുണ്ടാകും.
പള്ളി കഴിഞ്ഞ് വരുന്ന പുതിയാപ്പിളമാർക്ക് ഇതും വേറൊരു സ്പെഷൽ ആയി ഫുഡ് കരുതിവെക്കുന്ന നേരമാണ്. ‘നാളെ നോമ്പ് എടുക്കാനുള്ളതാ വയർ നിറച്ചു കഴിച്ചിട്ട് കെടന്നാൽ മതി, എന്നാലേ ഉഷാർ ഉണ്ടാകുള്ളൂ ട്ടാ’ - പാവം എന്റെ വെല്ലിമ്മാടെ ഉപദേശമാണ്. റമദാൻ മാസം, പകൽ പട്ടിണിയാണെങ്കിലും രാത്രി വായക്കും വയറിനും ഒരു റെസ്റ്റും ഉണ്ടാവാറില്ല. അങ്ങനെ രാത്രി പന്ത്രണ്ടരയോടുകൂടി ഉറക്കം, വീണ്ടും പിറ്റേന്നുള്ള നാലുമണി. അതങ്ങനെ നീണ്ടു പോകും 30 ദിവസവും.
അതായത്, 12 മാസത്തിലെ വേറിട്ട ഒരു മാസം റമദാൻ മാസം, എല്ലാ അർഥത്തിലും സ്പെഷൽ തന്നെ. ഈ മാസത്തിൽ കൊച്ചുകുട്ടികളെപ്പോലും നിർബന്ധമായും ഖുർആൻ പാരായണം ചെയ്യാനും കൂടുതൽ പഠിക്കാനും പ്രേരിപ്പിക്കും. ഒരു ഖത്തം മുഴുവൻ ഓതി തീർക്കുന്നവർക്ക് പെരുന്നാൾ പൈസ കൂടുതൽ കിട്ടും. അതും റമദാനിൽ മാത്രമുള്ള പ്രത്യേകതയാണ്.
27ാം രാവിന്, അതായത് 28ാമത്തെ നോമ്പിന്റെ അന്ന് മുതിർന്നവരിൽനിന്ന് പൈസ കിട്ടും. ഖത്തം ഓതി തീർത്തവർക്ക് കുറച്ചു കൂടുതൽ പൈസ തരും. അതൊക്കെ കൂട്ടിവെച്ച് പെരുന്നാൾ രാവിന് എല്ലാരും കൂടെ രാത്രിയിൽ അങ്ങാടിയിലേക്ക് പോകും.
പെരുന്നാൾ സ്പെഷൽ തെരുവുകച്ചവടം എല്ലാ റമദാനിലും മുടങ്ങാതെ ഇപ്പോഴും ഞങ്ങളുടെ നാട്ടിലുണ്ട്. ഇഷ്ടപ്പെട്ടതൊക്കെ അന്ന് വാങ്ങിക്കും. എല്ലാം കഴിഞ്ഞു പുലർച്ചെ ഒരു മണി, രണ്ടു മണിയൊക്കെയാകും തിരിച്ചു വീട്ടിലെത്താൻ. പിന്നെ, മൈലാഞ്ചി ഇടാനുള്ള തിരക്കാണ്. പെരുന്നാൾ രാവിന് രാത്രി ഒരാൾക്കും ഉറക്കമില്ല, ഇടക്കെങ്ങാൻ ഒന്ന് കെടന്നു എണീക്കും.
അഞ്ചു മണിക്ക് സുബ്ഹി നമസ്കാരം, പിന്നെ പെരുന്നാൾ നമസ്കാരത്തിനായി ഈദ് ഗാഹിനു പോകാനുള്ള ഒരുക്കങ്ങൾ, രാവിലെ വെളിച്ചെണ്ണ പത്തിരീം ബീഫും കഴിച്ചാണ് പെരുന്നാൾ ആരംഭിക്കുന്നത്. നമസ്കാരം കഴിഞ്ഞു അടുത്തുള്ള വീടുകളിലെല്ലാം ഒന്ന് പോയിവരും.
എല്ലാരേം പെരുന്നാൾ ഡ്രസ്സ് കണ്ടും, ആരുടെ മൈലാഞ്ചിയാണ് കൂടുതൽ ചുവന്നത് എന്ന് നോക്കിയും വിശേഷങ്ങൾ പങ്കുവെച്ചും, വിരുന്നുകൾ കൂടിയും അങ്ങനെയങ്ങനെ ഒരു മാസത്തെ റമദാൻ അവസാനിക്കും. അടുത്ത കൊല്ലത്തെ റമദാനെ വരവേൽക്കാനായി കാത്തിരുന്നുകൊണ്ട്, പുണ്യങ്ങളുടെ പൂക്കാലത്തെ വരവേറ്റുകൊണ്ട്...
(ഇബ്നു അൽ ഹൈഥം സ്കൂൾ അധ്യാപികയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.