തിരിച്ചറിവിന്‍റെ നേർവഴി
text_fieldsമനുഷ്യൻ ശക്തനാണോ ദുർബലനാണോ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. കരയിലും കടലിലുമുള്ള സർവ വസ്തുക്കളെയും ജീവികളെയും തന്‍റെ നിയന്ത്രണത്തിലാക്കി മനുഷ്യൻ ഉപയോഗപ്പെടുത്തുന്നു. ഗവേഷണങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും അനവധി നേട്ടങ്ങൾ അവൻ നേടിക്കഴിഞ്ഞു. ഇതെല്ലാം ശക്തിയുടെ അടയാളമാണ്. പക്ഷേ ഉറക്കം, രോഗം, മറവി, മരണം തുടങ്ങിയവയുടെ മുന്നിൽ മനുഷ്യൻ തോൽക്കേണ്ടിവരുന്നു. ഈ വെല്ലുവിളികളെ നേരിടാൻ അവന് കഴിയുന്നില്ല. ആരാധനകളിലൂടെ, വ്രതാനുഷ്ഠാനത്തിലൂടെ ഈ തിരിച്ചറിവ് നേടിയെടുക്കണമെന്നാണ് ഇസ്‍ലാം കൽപിക്കുന്നത്. വ്രതത്തിന്‍റെ സന്ദേശം ഈ തിരിച്ചറിവാണ്.
എത്ര വലിയ നിലപാടാണെങ്കിലും വിട്ടുവീഴ്ചകൾ ചെയ്ത് മനുഷ്യൻ പരസ്പരം സഹകരിച്ച് മുന്നോട്ട് നീങ്ങണം. വെല്ലുവിളികൾക്ക് മുന്നിൽ പതറാതെ ലക്ഷ്യം നേടിയെടുക്കാനാണ് ശ്രമിക്കേണ്ടത്. ഇവിടെയുള്ള എല്ലാ വസ്തുക്കളെയും കാണുക, കേൾക്കുക, നിയന്ത്രിക്കുക, കീഴടക്കുക, അവയെ നന്മക്കുവേണ്ടി ഉപയോഗിക്കുക എന്നതാണ് ഭൂമിയിൽ അവന്‍റെ ജോലി. ആ ദൗത്യം നിർവഹിക്കണമെങ്കിൽ പരാജയപ്പെട്ടുപോകുമോ എന്ന ആശങ്ക പാടില്ല. എപ്പോഴെങ്കിലും പരാജയപ്പെടുമെന്ന ആശങ്ക വരുന്നുവെങ്കിൽ അവന് മുന്നോട്ട് പോവാനുള്ള കരുത്ത് പ്രാർഥനയിലൂടെ ലഭിക്കും. സഹായങ്ങൾ നൽകുന്ന അല്ലാഹു മനുഷ്യനോടൊപ്പമുണ്ട്. ആ അല്ലാഹുവിന്‍റെ സാന്നിധ്യം മനുഷ്യന് ലഭിക്കുമ്പോൾ വെല്ലുവിളികളൊന്നും അവന് മുന്നിലുണ്ടാവില്ല. എല്ലാം മറികടക്കാൻ കഴിയും. അതാണ് വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യൻ ആർജിക്കേണ്ടത്.
ആരാധനകൾ നിർവഹിച്ച് ജനങ്ങൾക്ക് ഉപകാരം ചെയ്ത് ഒരു വ്യക്തി മുന്നോട്ടുപോകുമ്പോൾ അവന്‍റെ പ്രാർഥനക്ക് ഉത്തരം ലഭിക്കും. അപ്പോൾ അവന് ശക്തി വർധിക്കും. അവന്‍റെ ജീവിതത്തിൽ സംഭവിക്കുന്ന പോരായ്മകൾ താൽക്കാലികം മാത്രമാണ്. മരണത്തെ ഭയക്കേണ്ടതില്ല. ഈമാനോടെയുള്ള മരണം വലിയ ഭാഗ്യമാണ്. രോഗം ഭയപ്പെടേണ്ട കാര്യമല്ല. രോഗത്തിലൂടെ മനുഷ്യന് സംഭവിക്കുന്നത് വിജയമാണ് എങ്കിൽ രോഗം വരുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നത്. ഉറക്കം മനുഷ്യന് ഒരു ഭീഷണിയല്ല. ഉറക്കത്തിലൂടെ കൂടുതൽ ഊർജം ലഭിക്കുകയാണെങ്കിൽ ഉറക്കവും അവന് ഭീഷണിയല്ല. ശക്തൻ എന്ന് അവകാശപ്പെടുന്ന മനുഷ്യൻ ഇവിടെ ജീവിക്കണമെങ്കിൽ പ്രാർഥനയും വ്രതാനുഷ്ഠാനവും അനിവാര്യമാണ്. ഈ തിരിച്ചറിവാണ് ഓരോ വിശ്വാസിയും പരിശുദ്ധ റമദാനിൽ ആർജിച്ചെടുക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.