കസാഖിലെ ‘ഈദ് ഹാസം’
text_fieldsഇതൊരു പെരുന്നാൾ പുഞ്ചിരിയുടെ കഥയാണ്. കസാഖ്സ്താനിലെ അസ്താന മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർഥികളായ ഹിജാസ് ഹംദാനും മൂന്നു കൂട്ടുകാർക്കും മൂന്നുവർഷം മുമ്പുള്ള ഒരു ഈദ് ദിനത്തിൽ ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ വീണുകിട്ടിയ സൗഹൃദത്തിന്റെ സ്നേഹ നനവുള്ള കഥ. കസാഖികളുടെ തനത് ആതിഥേയ പാരമ്പര്യം വിളിച്ചോതുന്ന ആ കഥ ഇങ്ങനെയാണ്.
കസാഖിലെത്തിയ ആദ്യവർഷത്തെ പെരുന്നാൾ ദിനം. സ്ഥലവും ആളുകളും ഒക്കെയായി വലിയ പരിചയമൊന്നുമില്ല. ഫിജാസും കൂട്ടുകാരായ രാജസ്ഥാൻ സ്വദേശി ഫവാദും ഡൽഹിക്കാരൻ ഫായിസും കശ്മീരുകാരൻ അബ്രാറും ഒന്നിച്ച് പള്ളിയിലെ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ, നിറഞ്ഞ പുഞ്ചിരിയുമായി ഒരു ഖസാക്കി ചെറുപ്പക്കാരൻ സമീപിച്ചു. അവരുടെ പെരുന്നാൾ ആചാരമായ മധുരം നൽകി കുശലം പറഞ്ഞു തുടങ്ങി. വീട്ടിലേക്ക് ക്ഷണിച്ചു. വല്ല തട്ടിപ്പും ആണോ എന്ന് ശങ്കിച്ചുനിന്ന നാൽവർ സംഘത്തെ കൈപിടിച്ച് നിർബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഹോസ്പിറ്റാലിറ്റിയിൽ കസാഖികളെ കഴിഞ്ഞിട്ടേയുള്ളൂ എന്ന് ഹിജാസ് അടിവരയിടുന്നു.
ദൗലത് സൊവിയറ്റ്ബയെവ് എന്നാണ് ആ ചെറുപ്പക്കാരന്റെ പേര്. അമ്പരന്നിരിക്കുന്ന നാല് അപരിചിതരുടെ മുന്നിലേക്ക് കസാഖിലെ പരമ്പരാഗത ഭക്ഷണ വിഭവങ്ങളായ ഖസാൻ കബാബ്, കുതിരയിറച്ചി കൊണ്ട് പാകം ചെയ്യുന്ന ബേഷ്ബർമാക്ക്, കുതിരപ്പാൽ കൊണ്ടുണ്ടാക്കുന്ന കുമിസ് തുടങ്ങി അനേകം വിഭവങ്ങൾ നിരത്തി ഗംഭീര സൽക്കാരം തന്നെ നടത്തി ദൗലതും കുടുംബവും.
മനസ്സും വയറും നിറഞ്ഞ നാൽവർ സംഘം തങ്ങളെ മുമ്പൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഈ അപരിചിതനോട് എങ്ങനെ നന്ദി പറയണമെന്നറിയാതെ കുഴങ്ങി. ദൗലതും കുടുംബവുമായി അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും പൂർവാധികം ഇഴയടുപ്പത്തോടെ തുടരുന്നുണ്ട് ഇവർ. ഫിജാസിന്റെ കസാഖിലെ മലയാളി കൂട്ടായ ഇമാറാത്ത് എംബസിയിൽ ജോലിചെയ്യുന്ന പട്ടാമ്പിക്കാരൻ മൊയ്തീൻക്കയും ഇപ്പോൾ ഇവരുടെ സംഗമങ്ങളിലെ സ്ഥിരസാന്നിധ്യമാണ്. ഈ പെരുന്നാളിനും പതിവ് തെറ്റിക്കില്ല എന്ന് റമദാനിൽതന്നെ ഉറപ്പുവാങ്ങി കാത്തിരിക്കുകയാണ് സൽക്കാരപ്രിയരായ ദൗലത്തും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.