നാട്ടിലെ മധുരമുള്ള നോമ്പുകൾ
text_fields1992ന് ശേഷമുള്ള ഒന്നോ രണ്ടോ നോമ്പ് മാറ്റിനിർത്തിയാൽ എന്റെ ബാക്കിയെല്ലാ നോമ്പും ഒമാനിൽ തന്നെയാണ്. അതുകൊണ്ടുതന്നെ നാട്ടിൽ കഴിഞ്ഞുപോയ എന്റെ റമദാൻ മാസം ഓർക്കുമ്പോൾ വിഷമം, പ്രയാസം, സങ്കടവുമെല്ലാം കടന്നുവരും. ആദ്യം ഉപ്പയും പിന്നെ കോവിഡ് കാലത്ത് ഉമ്മയും മരണപ്പെട്ടു. അതോടുകൂടി ജീവിതത്തിൽ ഒറ്റപ്പെടലിന്റെ ആരംഭം അനുഭവിച്ചുതുടങ്ങി. നോമ്പ് എന്താണെന്നും എന്തിനാണെന്നും അറിയാത്ത കാലം. ഒന്നറിയാം പകൽ പട്ടിണി കിടക്കണം, അസറിനുശേഷമുള്ള ഉസ്താദുമാരുടെ നീണ്ട വഅ്ള് പറച്ചിൽ. നോമ്പുതുറന്ന് തറാവീഹ് അടക്കമുള്ള നമസ്കാരം. രാവിലെ മദ്റസയിലെ ഉസ്താദ് ചോദിക്കും എത്ര പേർക്ക് നോമ്പുണ്ട്? ആരൊക്കെ എത്രനേരം നിസ്കരിച്ചു... അതുകൊണ്ടു പ്രധാനമായും ഉസ്താദിനുവേണ്ടി എണ്ണമൊപ്പിക്കാനാണ് നോമ്പ് നോറ്റിരുന്നത്.
പിന്നെ ഉമ്മ പലപ്പോഴും എന്നെ നോമ്പ് നോൽക്കാൻ വിളിക്കൂല. പക്ഷേ, രാവിലെ മൺചട്ടിയിലെ മോരുകറിയും അത്താഴച്ചോറിന്റെ മുകളിൽവെച്ച തണുത്ത പപ്പടവും കട്ടൻ ചായയും രാവിലെ ഉമ്മ വിളമ്പിത്തരുമായിരുന്നു. ഇന്നത് നെഞ്ചുപൊട്ടുന്ന ഓർമകൾ മാത്രമാണ്. കപ്പയും ചെറുപയറും പച്ചക്കായ കൂട്ടി ഉണ്ടാക്കുന്ന പുഴുക്കു കറി, വലിയ അരിപ്പത്തിരി, മീൻ കറിയും ചായയുമാണ് എന്റെ കൊച്ചുനാളിലെ പ്രധാന നോമ്പ് വിഭവങ്ങൾ. ബദ്രീങ്ങളെ ആണ്ടിന്റെ അന്നാണ് പിന്നെ നോമ്പ് ബഹളമയം. ചോറും ഇറച്ചിക്കറിയും ബഹു കുശാലാണ്. പിന്നെ ആദ്യത്തെ പത്തിലെ പുതിയാപ്പിള സൽക്കാരത്തിന്റെ നോമ്പ് തുറക്കൽ ക്ഷണമാണ്. തലയെണ്ണി ആളുകളെ കുടുംബ ബന്ധങ്ങൾക്കനുസരിച്ച് നോമ്പുതുറക്ക് ക്ഷണിക്കുന്നത്.
ഇന്നത്തെ പുതിയ തലമുറക്ക് ഊഹിക്കാൻപോലും കഴിയാത്തത്ര കുറവായിരുന്നു അന്നത്തെ ഇഫ്താർ വിഭവങ്ങളുടെ എണ്ണം. ബീഫ് കറി, നാടൻ കോഴിക്കറി, വലിയ പത്തിരി, പൊറാട്ട, തരിക്കഞ്ഞി, ജീരകക്കഞ്ഞി, ശുദ്ധമായ പാൽ ചായ എന്നിവയൊക്കെയാണ് പൊതുവെ നോമ്പിന്റെ ഭക്ഷണം. കാരക്ക കിട്ടിയാൽതന്നെ ഉണക്ക കാരക്കയാണ് ലഭിച്ചിരുന്നത് അതൊക്കെ ആലോചിക്കുമ്പോൾ ഇന്ന് ആളുകൾ കഴിച്ചു ബാക്കിയാവുന്ന സ്നാക്സിന്റെയും പഴങ്ങളുടെയും എണ്ണം തന്നെ കഴിക്കാവുന്നതിലും അധികമാണ്. നോമ്പുതുറ തന്നെയും ഇന്നത്തെപോലെ വ്യാപകമല്ല. വളരെ അപൂർവം വീടുകളിൽ മാത്രമാണ് ഇഫ്താർ പാർട്ടി ഉണ്ടായിരുന്നത്.
1992 നുശേഷം ഒമാനിൽ നോമ്പുകാലം നീണ്ട പകലും കഠിനമായ ചൂടുമാണ്. നാട്ടിൽനിന്ന് വിട്ടുനിൽക്കുന്ന വിരഹവുമെല്ലാം വല്ലാതെ പ്രയാസപ്പെടുത്തുന്നതായിരുന്നു. പിന്നീട് വർഷങ്ങൾ പിന്നിട്ടപ്പോൾ എല്ലാം ഒരു ശീലമായി. പള്ളികളിലെ അഭയം തേടിയുള്ള ഇഫ്താറുകൾ, ശർഖിയ ഭാഗങ്ങളിലെ തോട്ടങ്ങളിലെ തോട്ടം തൊഴിലാളികളുടെ നോമ്പ് തുറപ്പിക്കൽ, പിന്നീട് സാമൂഹിക സാംസ്കാരിക സംഘടനകൾ നടത്തുന്ന വിപുലമായ ആഘോഷപരിപാടികൾ കണക്കെ എത്തിനിൽക്കുന്നു നോമ്പുതുറകളുടെ പരിണാമഘട്ടം. ഇന്ന് നോമ്പിന് ആഘോഷ പൊലിമ കൈവന്നു. നോമ്പിന്റെ പേറ്റന്റ് മുസ്ലിം സമൂഹത്തിൽനിന്ന് പൊതുസമൂഹത്തിന്റെ മൊത്തമായി മാറിയ സന്തോഷകരമായ കാഴ്ചയാണ് ഇന്ന് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.