കടൽ കടന്നെത്തിയ പൊന്നാനിയിലെ നോമ്പുവിളക്കും മുത്താഴ വെടിയും
text_fields
പല നാടുകളിൽനിന്നായി, പലകാലങ്ങളിൽ കടൽ കടന്നെത്തിയ സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും മനോഹര സങ്കലനങ്ങളാൽ പൊലിവേറിയതാണ് പൊന്നാനിയുടെ നോമ്പുകാലം... പൊന്നാനിയുടെ നോമ്പുകാല പ്രതീകങ്ങളോരോന്നിനും വലിയ ചരിത്ര പശ്ചാത്തലവുമുണ്ട്.
പൊന്നാനി, മലബാറിലെ മാപ്പിള സംസ്കൃതിയുടെ ഈറ്റില്ലം. ചെറിയമക്ക എന്ന ഖ്യാതി നേടിയ പൗരാണിക തുറമുഖ നഗരി. ഈ കടലോര നഗരിയുടെ സാംസ്കാരിക വൈവിധ്യവും സമ്പന്നതയും നിറഞ്ഞുതുളുമ്പുന്ന മാസമാണ് റമദാൻ. നോമ്പുകാലത്ത് പകലിൽ ഏറക്കുറെ നിശബ്ദമാകുന്ന പൊന്നാനി നഗരി രാവിരുട്ടിയാൽ പലവിധ ചമയക്കൂട്ടുകളാൽ അലംകൃതമാകും. പുലരുംവരെ തുറന്നിടുന്ന കടകമ്പോളങ്ങൾ അതിലുണ്ട്, ജനാരവത്തിന്‍റെ തെരുവീഥികളുണ്ട്, ബഹുവർണ അലങ്കാര വിളക്കുകൾ പ്രഭ ചൊരിയുന്ന തറവാട്ടുമുറ്റങ്ങളുണ്ട്, ആത്മീയാനന്ദം പകരുന്ന പള്ളികളും ദർഗകളുമുണ്ട്, പ്രാർഥന കഴിഞ്ഞെത്തുന്നവരെ സ്വീകരിക്കാൻ വിഭവവൈവിധ്യങ്ങളുടെ രസക്കൂട്ട് ഒരുക്കുന്ന അടുക്കളകളുണ്ട്... ഇതെല്ലാം ചേരുമ്പോൾ ‘ചെറിയമക്ക’യിലെ റമദാൻ രാവുകൾ പൊലിവേറിയതാകും.
ചുരുങ്ങിയത് രണ്ടായിരം വർഷത്തിന്റെ വാണിജ്യ ചരിത്രം പറയാനുള്ള ഇന്ത്യൻ മഹാസമുദ്ര തീരത്തെ സുപ്രധാന തുറമുഖ നഗരിയായിരുന്നു പൊന്നാനി. യൂറോപ്പുമായും അറബ് നാടുകളുമായുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അന്ത്യംവരെ നിരന്തര സമുദ്രാന്തര സമ്പർക്കം നിലനിർത്തിയിരുന്ന നാട്. അതുകൊണ്ട് തന്നെ പലദേശത്തുനിന്ന് പല നാട്ടുകാർ വന്നും പോയും കുടിയേറിയും ചെയ്തുകൊണ്ടിരുന്ന ഒരു നഗരം. അക്കാരണത്താൽതന്നെ, പല ലോക സംസ്കാരങ്ങളുടെ സങ്കലനം പൊന്നാനിയിൽ ഇന്ന് ദൃശ്യമാണ്. വിശ്വാസം, ഭക്ഷണം, വേഷം, ആചാരങ്ങൾ എന്നിവയിലെല്ലാം ഈ ആഗോളാന്തരത കാണാം.
പൊന്നാനിയുടെ അറബ് നാടുകളുമായുള്ള കച്ചവട ബന്ധത്തിന്റെ വർത്തമാന കാലത്തും നിലനിൽക്കുന്ന ഉജ്ജ്വല പ്രതീകമാണ് ‘പാനൂസ്’. റമദാനിൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുമ്പിൽ കെട്ടിത്തൂക്കുന്ന പ്രത്യേക തരം അലങ്കാര റാന്തൽ വിളക്കാണ് പാനൂസ്- പൊന്നാനിയുടെ നോമ്പുകാലത്തിന്‍റെ ഐക്കൺ. മുളച്ചീളുകൾ ഉപയോഗിച്ച് വിവിധ ആകൃതികളിൽ നിർമിച്ചെടുക്കുന്ന ഫ്രെയിമുകളിൽ വർണക്കടലാസുകൾ ഒട്ടിച്ചെടുത്താണ് പാനൂസ് തയാറാക്കുന്നത്. പെട്ടി, കപ്പൽ, പത്തേമാരി, വിമാനം, ബസ്, കാർ അങ്ങനെ പല ആകൃതികളിലും പാനൂസ് ഉണ്ടാകും. മണ്ണെണ്ണ വിളക്കോ മെഴുകുതിരിയോ ആണ് പണ്ടുകാലത്ത് വെളിച്ചത്തിന് ഉപയോഗിച്ചിരുന്നത്. ഇന്ന് ബൾബുകൾ തന്നെയാണ് മിക്കയിടങ്ങളിലും ഉപയോഗിക്കുന്നത്.
പൊന്നാനി മിസ്രി പള്ളി
പായക്കപ്പൽ കേറി വന്ന വിളക്ക്
പൊന്നാനിക്ക് സമാനമായ ‘പാനൂസ്’ സംസ്കൃതി ഈജിപ്തിലുമുണ്ട്. ഈജിപ്തിൽ ‘ഫാനൂസ്’ എന്നാണ് അത് അറിയപ്പെടുന്നത്. ഈജിപ്തുകാർക്ക് ഫാനൂസിന്‍റെ വെളിച്ചമില്ലാത്ത നോമ്പുകാലമില്ല. ഫാത്തിമി രാജവംശം തുടക്കം കുറിച്ച ഈ സംസ്കാരം ഇന്നും സജീവമായി അവിടെ നിലനിൽക്കുന്നു. റമദാൻ മാസപ്പിറ കണ്ടാൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുമ്പിൽ തൂക്കുന്ന പല ആകൃതിയിലുള്ള റാന്തൽ വിളക്കുകളാണ് അത്. പൗരാണിക ഈജിപ്ഷ്യൻ സാഹിത്യത്തിലും ഫാനൂസ് കാണാം. ഇബ്നുബത്തൂത്ത തന്‍റെ രിഹ്ലയിലും ഈ വിളക്കിനെ പരാമർശിക്കുന്നുണ്ട്. അടുത്തകാലത്തായി സൗദി അറേബ്യ അടക്കമുള്ള അറബ് നാടുകളിലും റമദാനിൽ ഫാനൂസ് തൂക്കുന്ന പതിവുണ്ട്. ഈജിപ്തിൽനിന്നുള്ളവർ തന്നെയാണ് അതിന്‍റെ പ്രധാന കച്ചവടക്കാർ.
പൊന്നാനിയിലേക്ക് പാനൂസ് എത്തിയത് ഈജിപ്തിൽനിന്ന് തന്നെയാവണം. കാരണം, പൗരാണിക കാലം മുതലേ അറബ് നാടുകളുമായി പൊന്നാനിക്ക് നിരന്തര സമ്പർക്കമുണ്ടായിരുന്നു. കേരളക്കരയിൽ ഇസ്ലാമിന്റെ ആവിർഭാവത്തോടെ പൊന്നാനി ഒരു പ്രമുഖ മുസ്ലിം കേന്ദ്രമായി മാറുകയുമുണ്ടായി. ഉമർബിൻ മുഹമ്മദ് സുഹ്റവർദി എഴുതിയ രിഹ്ലത്തുൽ മുലൂക്ക് എന്ന പൗരാണിക ഗ്രന്ഥത്തിൽ ഇസ്ലാം കേരളത്തിലെത്തിയ മാലിക് ബിൻ ദീനാറിന്റെ കാലത്തുതന്നെ പൊന്നാനി ഒരു മുസ്ലിം കേന്ദ്രമായി വളർന്നതായി രേഖപ്പെടുത്തുന്നുണ്ട്. അറബിയായ അബ്ദുൽ മജീദ് ബിൻ മാലിക് ആയിരുന്നു ഇവിടെ ആദ്യ ഖാദി.
അറബ് നാടുകളിൽതന്നെ ഈജിപ്തുമായി സവിശേഷ ബന്ധം പൊന്നാനിക്കുണ്ടായിരുന്നു. പൊന്നാനി വലിയപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന ലോകപ്രശസ്ത പണ്ഡിതൻ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽനിന്ന് അക്കാലത്ത് ബിരുദം നേടുന്നുണ്ട്. പൊന്നാനിയിൽ മിസ്രി പള്ളി എന്ന ഒരു പള്ളിയുണ്ട്. മിസ്ർ എന്നാൽ ഈജിപ്ത് എന്ന് അർഥം. മിസ്രി പള്ളി എന്നാൽ ഈജിപ്തുകാരുടെ പള്ളി എന്നർഥം. സി.ഇ 1507-1509 കാലഘട്ടത്തിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെ േപാരാടാൻ പൊന്നാനിയിലെത്തിയ ഇൗജിപ്ഷ്യൻ നാവിക പോരാളികൾ തമ്പടിക്കുകയും നിർമിക്കുകയും ചെയ്ത പള്ളിയാണിത്.
പാനൂസ്
പോർച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന് നായകത്വം വഹിച്ച കോഴിക്കോട് സാമൂതിരിയുടെ നാവിക അഡ്മിറൽമാരായിരുന്നു, പൊന്നാനി കേന്ദ്രീകരിച്ച് നാവിക നീക്കങ്ങൾ നടത്തിയിരുന്ന കുഞ്ഞാലി മരക്കാർമാർ. മരക്കാർമാരുടെ നാവികപ്പടക്ക് പിന്തുണയുമായി ഇൗജിപ്ത് കേന്ദ്രമായി അറബ് നാടുകൾ ഭരിച്ചിരുന്ന മംലൂക് ഭരണകൂട തലവൻ സുൽത്താൻ അൽഅശ്റഫ് ഖൻസൂഹുൽ ഗോരി അദ്ദേഹത്തിെൻറ ജിദ്ദ ഗവർണറായിരുന്ന മീർ ഹുസൈനുൽ കുർദിയുടെ നേതൃത്വത്തിൽ വലിയ നാവികപ്പടയെ മലബാറിലേക്ക് അയച്ചു. ഗുജറാത്ത് സുൽത്താനേറ്റും ബീജാപൂർ സുൽത്താനേറ്റും ഇൗ സഖ്യത്തിൽ ചേർന്നു. സാമൂതിരിയുടെ സന്ദേശവുമായി ‘മിസ്റിൽ’ പോകുന്നതും ഖൻസൂഹുൽ ഗോരിയെ കാണുന്നതും മഖ്ദൂം ഒന്നാമൻതന്നെ ആയിരുന്നു.
ഇൗ സംയുക്ത സേന 1508ൽ ചൗൾ യുദ്ധത്തിൽ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി. കുഞ്ഞാലിമാരുടെ നാവിക കേന്ദ്രവും സാമൂതിരിയുടെ രണ്ടാം തലസ്ഥാനവും പൊന്നാനി ആയിരുന്നതുകൊണ്ട് ഈ സംയുക്ത സഖ്യത്തിന്‍റെ കേന്ദ്രം പൊന്നാനി ആയിരുന്നു. അക്കാരണത്താൽതന്നെ ധാരാളം ഈജിപ്ഷ്യൻ പടയാളികൾ അക്കാലത്ത് ഇവിടെ വന്നു. ഈ പോരാട്ടത്തിൽ രക്തസാക്ഷിയായ ഒരു ഇൗജിപ്ഷ്യൻ സൈനികന്‍റെ ഖബർ പൊന്നാനി തെരുവത്ത് പള്ളിയിലുണ്ട്. സയ്യിദ് അലിയ്യുൽ മിസ്രി എന്നാണ് അദ്ദേഹത്തിന്‍റെ പേര്. ഇൗജിപ്തുമായുള്ള പൊന്നാനിയുടെ നയതന്ത്ര ബന്ധം പിന്നെയും ഒരുനൂറ്റാണ്ട് നീണ്ടുനിന്നതായി ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ തുഹ്ഫത്തുൽ മുജാഹിദീനിൽ രേഖപ്പെടുത്തുന്നുണ്ട്. ഈ ചരിത്ര സമ്പർക്കത്തിന്‍റെ, പോർച്ചുഗീസ് വിരുദ്ധ ആഗോള സൈനികസഖ്യത്തിന്‍റെ ഓർമപ്പെടുത്തൽ കൂടിയാണ് ചെറിയമക്കയിലെ റമദാൻ രാവുകൾക്ക് പ്രഭ ചൊരിയുന്ന പാനൂസ്.
പാനൂസും പാനൂസ് യാത്രയും
മുമ്പ് പാനൂസ് ഉണ്ടാക്കുന്ന ധാരാളം പേർ പൊന്നാനിയിലുണ്ടായിരുന്നു. ഇന്ന് രണ്ടോ മൂന്നോ പേർ മാത്രമേയുള്ളൂ. ദീർഘകാലം ബോംബെയിലേക്കും ഗൾഫ് നാടുകളിേലക്കും ചരക്കുമായി പായക്ക് ഒാടുന്ന പത്തേമാരികളിൽ തൊഴിലെടുത്ത പൊന്നാനി അഴീക്കലിലെ ആലിയത്താനകത്ത് കുഞ്ഞൻബാവയാണ് പൊന്നാനിയിലെ ജീവിച്ചിരിക്കുന്ന ഒരു പാനൂസ് വിദഗ്ധൻ. പത്തേമാരിയുടെയും അറേബ്യൻ ഉരുവിെൻറയും മാതൃകയിൽ അദ്ദേഹം ഉണ്ടാക്കുന്ന പാനൂസിന് ധാരാളം ആവശ്യക്കാരുണ്ട്.
കുട്ടിക്കാലത്ത് നോമ്പുരാവുകളിൽ രണ്ടോ മൂന്നോ മീറ്റർ നീളമുള്ള പത്തേമാരി പാനൂസ് ഉണ്ടാക്കി, പെട്രോമാക്സ് വിളക്ക് ഉള്ളിൽ കത്തിച്ച്, മുളയിൽ കെട്ടിത്തൂക്കി വീടുകളിലൂടെയും അങ്ങാടിയിലൂടെയും കുട്ടികൾ സഞ്ചരിക്കും. അത്താഴസമയ മുന്നറിയിപ്പ് നൽകലാണ് അവരുടെ ജോലി. ‘ചോക്കാ വറുത്തതുണ്ടോ, മഞ്ഞൾ കൊത്തമ്പാലി അത്താഴസമയമായ് എണീറ്റോളൂ’ തുടങ്ങിയ പാട്ടുകൾ പാടിയാകും ഇൗ യാത്രയെന്ന് അദ്ദേഹം ഒാർമിക്കുന്നു.
ഈ പാരമ്പര്യവും ഈജിപ്തിലെ നോമ്പുകാലവുമായി ചേർന്നുനിൽക്കുന്നതാണ്. ഈജിപ്തിൽ അത്താഴ സമയമറിയിക്കാൻ ചെണ്ടകൊട്ടി പാട്ടുപാടി വീടുകൾക്ക് മുന്നിലൂടെ നടക്കുന്നവരെ ‘മുസഹറാത്തി’ എന്നാണ് വിളിക്കുന്നത്. ചെണ്ടയടിച്ച് വീട്ടുടമസ്ഥരുടെ ലിസ്റ്റ് നോക്കി ഉച്ചത്തിൽ പേരുവിളിച്ചാണ് അത്താഴം കഴിക്കാൻ വിളിച്ചുണർത്തുക. പല ഇൗജിപ്ഷ്യൻ നഗരങ്ങളിലും ഇന്നും ഈ പതിവുണ്ട്.
ഭീമൻ പാനൂസ്കൾ ഉണ്ടാക്കി വീടുകൾക്ക് മുമ്പിൽ വെക്കുന്ന പതിവും പൊന്നാനിയിൽ ഉണ്ടായിരുന്നു. വലിയ ചെലവുള്ളതിനാൽ സമ്പന്ന തറവാട്ടുമുറ്റങ്ങളിലാണ് ഇത്തരം ഭീമൻ പാനൂസുൾ സ്ഥാപിച്ചിരുന്നത്. പണ്ടത്തെപോലെ റമദാൻ എല്ലാ വീടുകൾക്കും മുമ്പിൽ ഇപ്പോൾ കാണാനാവില്ലെങ്കിലും ഇൗ ദേശത്തിെൻറ സംസ്കൃതി നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ ഇൗ രീതി ഇപ്പോഴും പിന്തുടരുന്നു.
പത്തേമാരി മാതൃകയിൽ ആലിയത്താനകത്ത് കുഞ്ഞൻബാവ നിർമിച്ച പാനൂസ്
ചരിത്രം പറയുന്ന പീരങ്കി മുഴക്കം
പൊന്നാനിയുടെ റമദാൻ സംസ്കൃതിയുടെ മറ്റൊരു ശേഷിപ്പാണ് മുത്താഴ വെടി. റമദാനിലെ ഐച്ഛിക നമസ്കാരമായ തറാവീഹ് കഴിഞ്ഞുള്ള ഭക്ഷണമാണ് ‘മുത്താഴം’. വീടിന്‍റെ പടാപുറത്തും കോലായിലും കാരണവന്മാർ ഒത്തുകൂടി സൊറ പറയുന്ന സമയമാണിത്. അന്നേരമാണ് മുത്താഴവെടി മുഴങ്ങുക. ഒരു തരം മിനി പീരങ്കിയാണിത്. മണ്ണെണ്ണയാണ് ഇന്ധനം. അത്യാവശ്യം നല്ല ശബ്ദത്തിൽ വെടിപൊടുന്ന ശബ്ദമുണ്ടാക്കാൻ ഇതിന് സാധിക്കും.
മുത്താഴവെടിയും പൊന്നാനിയുടെ പൈതൃക ശേഷിപ്പാണ്. അതിന്‍റെയും പകർപ്പ് ഈജിപ്ഷ്യൻ സംസ്കാരത്തിൽ കാണാം. നോമ്പെടുക്കാനും മുറിക്കാനുമുള്ള സമയം അറിയിക്കാൻ മദ്ഫഉൽ ഇഫ്താർ എന്ന പീരങ്കി ശബ്ദം ഈജിപ്തുകാർ മൂന്നോ നാലോ പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രയോജനപ്പെടുത്താറുണ്ടായിരുന്നു. പൊന്നാനി അധിനിവേശ വിരുദ്ധ പോരാട്ടത്തിന്‍റെ മണ്ണുകൂടിയാണ്. ഇത്തരം സൈനിക കോപ്പുകൾ ഇൗ നാടിന്‍റെ പൈതൃകത്തിന്‍റെ ഭാഗമായതിന് പിന്നിൽ പൊന്നാനിയുടെ അധിനിവേശ വിരുദ്ധ യുദ്ധ പശ്ചാത്തലവും ഒരു കാരണമായിരിക്കാം.
മുത്താഴ വെടി
പൗരാണിക തുറമുഖ നഗരിയുടെ തനിമയും പെരുമയും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ പൊന്നാനിക്കാർ ശ്രദ്ധാലുക്കളാണ്. പ്രാദേശിക ഭരണകൂടത്തിെൻറ മുൻകൈയിൽ നോമ്പ്-പെരുന്നാൾ കാലത്തെ പൊന്നാനിപ്പെരുമ വീണ്ടെടുക്കാൻ പരിപാടി ആസൂത്രണം ചെയ്തപ്പോൾ അതിന്‍റെ പേരായതും ‘പാനൂസ്’ തന്നെ. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിൽ. പൊന്നാനിയുടെ തനത് സാംസ്കാരിക ആവിഷ്കാരങ്ങളെല്ലാം തിരിച്ചാനയിക്കപ്പെട്ടു. അനുഭവിച്ചുതന്നെ അറിയേണ്ടതാണ് പൊന്നാനിയുടെ ഈ പൊലിവേറിയ നോമ്പുകാലം. അതിന്‍റെ ഓരോ അടയാളങ്ങൾക്കും നോമ്പുതീൻമേശയിലെ ചെറുപലഹാരത്തിനുപോലും വലിയ ചരിത്രം പറയാനുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.