സത്യനിഷേധികളുടെ മാതൃക
text_fieldsനന്മക്കും തിന്മക്കും മാതൃകകളുണ്ട്. നന്മയുടെ മാതൃക പരിഗണിക്കപ്പെടുകയും പിന്തുടരപ്പെടുകയും വേണം. എന്നാൽ തിന്മയുടെ മാതൃക ആരും പിന്തുടരാതിരിക്കുകയാണ് വേണ്ടത്. അതിനുവേണ്ടിയാണ് രണ്ട് തരത്തിലുള്ള ഉദാഹരണങ്ങളും നമുക്ക് ആവശ്യമായി വരുന്നത്. തിന്മയുടെയും നിഷേധത്തിന്റെയും നന്ദികേടിന്റെയും ഉദാഹരണമായി അല്ലാഹു ചൂണ്ടിക്കാണിക്കുന്നത് രണ്ട് ദൈവദൂതൻമാരുടെ ഭാര്യമാരെയാണ്. അവർ പ്രതിസന്ധിഘട്ടത്തിൽ ദൈവദൂതൻമാരെ സഹായിച്ചില്ല എന്ന് മാത്രമല്ല. സത്യനിഷേധികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.
സത്യനിഷേധികള്‍ക്ക് ഉദാഹരണമായി അല്ലാഹു നൂഹിന്റെയും ലൂത്വിന്റെയും ഭാര്യമാരെ എടുത്തു കാണിക്കുന്നു. അവരിരുവരും സദ് വൃത്തരായ നമ്മുടെ രണ്ട് ദാസന്മാരുടെ ഭാര്യമാരായിരുന്നു. എന്നിട്ടും അവരിരുവരും തങ്ങളുടെ ഭര്ത്താക്കന്മാരെ വഞ്ചിച്ചു. അതിനാല്‍ അവരിരുവര്‍ക്കും അല്ലാഹുവിന്റെ ശിക്ഷയുടെ കാര്യത്തില്‍ ഭര്ത്താക്കന്മാരൊട്ടും ഉപകാരപ്പെട്ടില്ല. ഇരുവരോടും പറഞ്ഞത് ഇതായിരുന്നു: നരകയാത്രികരോടൊപ്പം നിങ്ങളിരുവരും അതില്‍ പ്രവേശിക്കുക. (വിശുദ്ധ ഖുർആൻ 66:10).
ബഹുദൈവ വിശ്വാസികളായിരുന്ന സമൂഹത്തെ നന്നാക്കുവാൻ നൂഹ് നബി പരമാവധി ശ്രമിച്ചു. രാവും പകലും ഉപദേശിച്ചു. പക്ഷെ ധിക്കാരികൾക്ക് അതുകൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. നൂഹ് നബിയുടെ ഭാര്യ ശത്രുക്കൾക്ക് വിവരങ്ങൾ ചോർത്തിക്കൊടുത്ത കുറ്റവാളിയായിരുന്നു.
സ്വവർഗഭോഗികളായിരുന്ന തന്റെ സമൂഹത്തെ ബോധവൽക്കരിക്കാൻ ലൂത് നബി പരമാവധി ശ്രമിച്ചു. അവരുടെ അടുത്തേക്ക് വന്ന മാലാഖമാരെ വരെ ലൈംഗികമായി പീഡിപ്പിക്കാൻ അവർ മുതിർന്നു. അവസാനം മൺകട്ടകൾ കൊണ്ടും ചരൽമഴകൊണ്ടും അവർ അതി കഠിനമായി ശിക്ഷിക്കപ്പെട്ടു. അവരിൽ നിർഭാഗ്യവതിയായ ആ സ്ത്രീയുമുണ്ടായിരുന്നു.
അപ്പോള്‍ ലൂത്തിനെയും കുടുംബത്തേയും നാം രക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ. അവള് പിന്മാറിനിന്നവരില്പ്പെട്ടവളായിരുന്നു. നാം ആ ജനതക്കുമേല്‍ പേമാരി പെയ്യിച്ചു. നോക്കൂ: എവ്വിധമായിരുന്നു ആ പാപികളുടെ പരിണതിയെന്ന് (വിശുദ്ധ ഖുർആൻ 7:83,84).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.