പാതിയിൽ മുറിഞ്ഞ നോമ്പിന്റെ മധുരം
text_fields1996ലെയോ 97ലെയോ ഒരു നോമ്പുകാലം. വർഷം കൃത്യമായി ഓർമയില്ല. തിരുവനന്തപുരത്തെ കാര്യവട്ടം കാമ്പസിൽ ജേണലിസം പി.ജിക്കു പഠിക്കുകയാണ്. ഹോസ്റ്റലിൽ നോമ്പുതുറക്കാനും അത്താഴത്തിനും സൗകര്യമില്ലാത്തതിനാൽ തൊട്ടടുത്ത യതീംഖാനയിലായിരുന്നു ഭക്ഷണം. അന്ന് ശനിയാഴ്ചയായിരുന്നതിനാൽ ക്ലാസുണ്ടായിരുന്നില്ല. തിരുവനന്തപുരം ആകാശവാണിയിൽ കാഷ്വൽ അനൗൺസറുടെ ഒഴിവിലേക്കുള്ള ഇന്റർവ്യൂ അന്നായിരുന്നു. വഴുതക്കാട്ടെ ആകാശവാണി ഓഫിസിൽ ഉച്ചക്ക് രണ്ടു മണിക്ക് എത്താനാണ് പറഞ്ഞിരുന്നത്.
ഇന്റർവ്യൂവിനുവേണ്ടി തയാറെടുക്കുന്നതിനിടയിലാണ് ആ ഫോൺകാൾ വന്നത്. ഹലോ, റഹീമല്ലേ...? അപ്പുറത്തുനിന്ന് പതിഞ്ഞ സ്വരം. ഞാൻ മുജീബ് (പേര് ശരിക്കോർമയില്ല) ആണ്. കഴിഞ്ഞയാഴ്ച ട്രെയിനിൽ പരിചയപ്പെട്ടില്ലേ, കുറുമ്പത്തൂരുള്ള... ആളെ പെട്ടെന്ന് പിടികിട്ടി. കഴിഞ്ഞയാഴ്ച നാട്ടിൽനിന്ന് വരുമ്പോൾ ട്രെയിനിലുണ്ടായിരുന്ന ആളാണ്. സമപ്രായക്കാരൻ, പുള്ളിയുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ ചികിത്സക്കായി ആർ.സി.സിയിലേക്കു പോവുകയാണ്. അവരും കൂടെയുണ്ടായിരുന്നു. ബ്ലഡ് കാൻസറാണ്. ഏറെ വൈകിയാണ് രോഗം കണ്ടെത്തിയതത്രെ. ആർ.സി.സിയിലേക്ക് ഇത് രണ്ടാമത്തെ യാത്രയാണ്. അവരുടേത് ബി നെഗറ്റിവ് ബ്ലഡ് ഗ്രൂപ് ആണെന്നും കിട്ടാൻ പ്രയാസമാണെന്നും പറഞ്ഞപ്പോഴാണ് എന്റേതും അതേ ഗ്രൂപ് ആണല്ലോ എന്നോർത്തത്. ബേജാറാവേണ്ട കാര്യമില്ലെന്നും എന്റേതും അതേ ഗ്രൂപ്പാണെന്നും വേണമെങ്കിൽ നമുക്ക് മറ്റു വഴികൾ നോക്കാമെന്നും ഞാൻ പറഞ്ഞ് തമ്പാനൂരിൽ ഇറങ്ങി പിരിയാൻ നേരം എന്റെ ഹോസ്റ്റൽ നമ്പറും കൈമാറി. അതിനുശേഷം പിന്നെ ഇപ്പോഴാണ് വിളിക്കുന്നത്.
‘നിങ്ങൾക്ക് ഇന്ന് ഉച്ചക്ക് ആർ.സി.സിയിൽ എത്താൻ പറ്റുമോ? താത്താക്ക് കുറച്ചു രക്തം വേണം അത്യാവശ്യമാണ്...’ ഞാനെന്താണ് പറയുക. ഏറെ കാത്തിരുന്നുകിട്ടിയ ജോലി അവസരമാണീ ഇന്റർവ്യൂ, അതും ഉച്ചക്കാണ്. രക്തം കൊടുക്കാൻ പോയാൽ ഇന്റർവ്യൂ നഷ്ടപ്പെടും. ഈ ജോലി അന്നേരം ഏറെ അത്യാവശ്യമായിരുന്നുതാനും. ഞാനൊന്നും മിണ്ടിയില്ല. ബുദ്ധിമുട്ടുണ്ടോ...? എന്റെ നിശ്ശബ്ദത കണ്ടിട്ടാകണം അങ്ങേ തലക്കൽനിന്ന് ചോദിച്ചു. ഇല്ല, ബുദ്ധിമുട്ടൊന്നും ഇല്ല, ആർ.സി.സിയുടെ മുന്നിലെത്തിക്കോളാം’ ഞാൻ മറുപടി പറഞ്ഞു.
ആർ.സി.സിയിൽ എത്തുമ്പോൾ മുന്നിൽതന്നെ മുജീബ് കാത്തിരിക്കുന്നുണ്ടായിരുന്നു. നോമ്പുണ്ടോ? മുജീബ് ചോദിച്ചു. ഉം, ഞാൻ മൂളി. രക്തം കൊടുക്കണേൽ നോമ്പ് മുറിക്കേണ്ടിവരില്ലേ? അവന്റെ ചോദ്യത്തിന് ഒരു ക്ഷമാപണത്തിന്റെ സ്വരമുണ്ടായിരുന്നു. സാരല്ല്യ, ഒരു നല്ല കാര്യത്തിനല്ലേ... ഞാൻ പറഞ്ഞു. രക്തം കൊടുക്കാൻ പിന്നെയും കുറച്ചുനേരം കാത്തിരിക്കേണ്ടിവന്നു. ബ്ലഡ് എടുക്കുമ്പോൾ സ്പോഞ്ചുബാളും ഞെക്കി കിടക്കേ ഞാൻ വാച്ചിലേക്ക് നോക്കി, രണ്ടു മണി... ഇപ്പോൾ ഇന്റർവ്യൂ നടക്കുകയാകും. മനസ്സ് തേങ്ങി. അതിനധികം ആയുസ്സുണ്ടായില്ല.
മനസ്സിൽ പതിയെ വല്ലാത്ത ഒരു അനുഭൂതി പടർന്നു. വല്ലാത്ത ഒരു ആത്മസംതൃപ്തി, നഷ്ടപ്പെട്ടതിനേക്കാൾ വലുതാണ് ഞാൻ നേടിയതെന്ന് ആരോ ഉള്ളിൽനിന്ന് പറയുന്നപോലെ. രക്തം കൊടുത്ത് അവിടന്നു കിട്ടിയ ഫ്രൂട്ടിയും കുടിച്ച് മുജീബിനോടും അവന്റെ ബന്ധുക്കളോടും യാത്ര പറഞ്ഞ് നേരെ ഹോസ്റ്റലിലേക്കുതന്നെ മടങ്ങി. പിന്നെ മുജീബിന്റെ വിളിയൊന്നും വന്നില്ല. നാലഞ്ചു മാസങ്ങൾ കഴിഞ്ഞു നോട്ടുബുക്ക് മറിക്കുന്നതിനിടയിലാണ് മുജീബിന്റെ നാട്ടിലെ നമ്പർ കണ്ടത്. വൈകുന്നേരം തൊട്ടടുത്ത ടെലിഫോൺ ബൂത്തിൽ പോയി വിളിച്ചു. ഹലോ, മുജീബിന്റെ വീടല്ലേ? അതേ... ഒരു പെണ്ണാണ് ഫോൺ എടുത്തതെന്ന് ശബ്ദം കൊണ്ട് മനസ്സിലായി. ഞാൻ മുജീബിന്റെ ഒരു പരിചയക്കാരനാണ്. തിരുവനന്തപുരത്ത് അവന്റെ മൂത്തച്ചിക്കു രക്തം കൊടുക്കാൻ വന്നിരുന്നു. എങ്ങനെയുണ്ട് ഇപ്പോൾ...? കുറച്ചു നേരം ഒന്നും കേട്ടില്ല. രണ്ടാഴ്ച മുമ്പ് അവരു പോയി മോനെ... മറുതലക്കൽനിന്നുള്ള സ്വരത്തിൽ കണ്ണീരിന്റെ നനവുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.