ആര്യ ടീച്ചർ നോമ്പെടുക്കാൻ തുടങ്ങിയിട്ട് ഇത് 11ാം വർഷം
text_fieldsമഞ്ചേരി: വീടിന് മുന്നിൽ വിളക്കുവെച്ച് മഗ് രിബ് ബാങ്ക് വിളിക്കാനായി ആര്യ ടീച്ചർ കാതോർത്തിരിക്കും, നോമ്പുതുറക്കാൻ. അരീക്കോട് സ്വദേശിയും പൂക്കൊളത്തൂർ സി.എച്ച്.എം ഹയർസക്കൻഡറി സ്കൂളിലെ മലയാളം അധ്യാപികയുമായ ഡോ. ആർ. ആര്യ സുരേന്ദ്രൻ കഴിഞ്ഞ 11 വർഷമായി മുടങ്ങാതെ റമദാൻ വ്രതം അനുഷ്ഠിക്കുന്നുണ്ട്.
സഹഅധ്യാപകർ നോമ്പെടുക്കുന്നത് കണ്ടാണ് ആര്യ വ്രതം എടുക്കാൻ ആരംഭിച്ചത്. ആദ്യ വർഷം രണ്ട് ദിവസം മാത്രമേ നോമ്പ് എടുക്കാനായുള്ളൂ. അപ്പോഴേക്കും ക്ഷീണം ബാധിച്ചതായി ടീച്ചർ പറഞ്ഞു. ഇപ്പോൾ നോമ്പെടുക്കുന്നത് ജീവിതത്തിന്റെ ഭാഗമായി.
അത്താഴത്തിന് പുലർച്ച എഴുന്നേൽക്കും. ചെറിയ അരി കഞ്ഞിയും കട്ടൻ ചായയുമാണ് പ്രധാന ഭക്ഷണം. നോമ്പെടുത്താലും തന്റെ ജീവിതക്രമങ്ങളിൽ മാറ്റം വരാറില്ലെന്ന് അവർ പറയുന്നു.
നൃത്താധ്യാപിക കൂടിയായ ആര്യ രാവിലെ ഒരു മണിക്കൂർ മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ പ്രാക്ടീസ് ചെയ്യും. വൈകീട്ട് വയലിൻ പഠിക്കാനും സമയം കണ്ടെത്തും. നോമ്പ് തുറക്കാൻ ഈത്തപ്പഴവും പഴങ്ങളും ജ്യൂസും കരുതും. അയൽവാസികൾ നോമ്പ് തുറ വിഭവങ്ങൾ എത്തിക്കാറുണ്ടെന്നും അവർ പറഞ്ഞു.
നോമ്പ് എടുക്കുന്നതോടെ മനസ്സിനും ശരീരത്തിനും പ്രത്യേക ഉന്മേഷം ലഭിക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു. കുടുംബം നൽകുന്ന പിന്തുണ കൊണ്ടാണ് തുടർച്ചയായ വർഷങ്ങളിൽ നോമ്പ് എടുക്കാറുള്ളത്. പൊതുമരാമത്ത് വകുപ്പിൽ നിന്നും എക്സിക്യൂട്ടീവ് എൻജിനീയറായി വിരമിച്ച ശങ്കരനാണ് ഭർത്താവ്. എം.ബി.ബി.എസ് വിദ്യാർഥി കാർത്തിക്, ബി.ടെക് വിദ്യാർഥി ഋത്വിക്ക് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.