ഇലച്ചാക്കുമായി വയളിന്
text_fieldsനോമ്പോർമകളെ എഴുതാം ഗൾഫ് മാധ്യമത്തിലൂടെ....
300 വാക്കുകളിൽ കവിയാത്ത കുറിപ്പുകൾക്കൊപ്പം എഴുതുന്ന ആളുടെ ഫോട്ടോയും അയക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന കുറിപ്പുകൾ മാധ്യമം പത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. ഇ-മെയിൽ വിലാസം: bahrain@gulfmadhyamam.net
രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തിനിടയിൽ ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ നോമ്പുകാലം നാട്ടിൽ ചെലവഴിച്ചിട്ടുള്ളൂ, എന്നിരുന്നാലും പഴമയുടെ ഓർമ ഇന്നും മനസ്സിനെ വിടാതെ പിന്തുടരുന്നുണ്ട്. റമദാൻ മാസം നാട്ടിൽ എന്നും ഒരു ആവേശമായിരുന്നു. ശഹബാൻ മാസം തുടങ്ങുമ്പോൾ തന്നെ നോമ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി.
പ്രധാനമായും രണ്ട് അരികൾ ചേർത്തുണക്കി അത് പൊടിച്ചുകൊണ്ടുവരും. മുളകും മല്ലിയും നനച്ച് വെയിലത്തിട്ട് ദിവസങ്ങളോളം ഉണക്കി പൊടിച്ചു കൊണ്ടുവന്ന് വ്യത്യസ്ത ടിന്നുകളിൽ ആക്കി വെക്കും. പിന്നീടങ്ങോട്ട് വീട് മുഴുവൻ മുക്കും മൂലയും വൃത്തിയാക്കൽ ആണ്. നനച്ചുകുളി എന്നറിയപ്പെടുന്ന ഈ ഒരു പരിപാടി കഴിയുമ്പോഴേക്കും വീട്ടിലുള്ള സ്ത്രീകളെല്ലാം ഒരു വഴിക്കായി കാണും. നോമ്പിന്റെ ആദ്യത്തെ പത്ത് ദിവസം വിഭവസമൃദ്ധമായ ഒട്ടനവധി ഐറ്റംസുകൾ ഉണ്ടാവും, പ്രത്യേകിച്ച് സ്വന്തം കൂട്ടിൽ വളർത്തിയ നാടൻ കോഴി കറിവെച്ചതുവരെ.
ഈ ആദ്യ പത്തിലാണ് അടുത്തിടെ കല്യാണം കഴിഞ്ഞവർക്കുള്ള നോമ്പുതുറ നടക്കാറ്. അന്ന് വിരുന്നിനെത്തുന്ന പുതിയാപ്ലമാർക്ക് പണം കൊടുക്കുന്ന ഒരു പരിപാടിയും ഞങ്ങളുടെ ഭാഗത്ത് ഉണ്ടായിരുന്നു. നോമ്പുതുറയെല്ലാം കഴിഞ്ഞ് തറാവീഹ് നമസ്കാരവും കഴിഞ്ഞു വരുമ്പോഴേക്കും ചീരോ കഞ്ഞിയും മത്തി പൊരിച്ചതും റെഡി. പിന്നെ ഒരു ചെറിയ മയക്കമാണ്. അതുകഴിഞ്ഞ് ഒരു മൂന്നുമണിക്ക് എഴുന്നേറ്റാൽ സമൃദ്ധമായ ഒരു അത്താഴം. അതിന് മുരിങ്ങ കൊണ്ടുള്ള ഒരു കറിയും രണ്ടുതരം ഉപ്പേരിയും പപ്പടവും ബീഫ് പൊരിച്ചതും നിർബന്ധമാണ്. അതും കഴിഞ്ഞ് സുബ്ഹി നമസ്കാരവും കഴിഞ്ഞ് ഒരു കിടത്തം. പിന്നെ അധികവും എഴുന്നേൽക്കുന്നത് ളുഹർ നമസ്കാരത്തിന് തൊട്ടുമുമ്പായിരിക്കും. നമസ്കാരം കഴിഞ്ഞാൽ തുടങ്ങും മഗരിബിനുള്ള വിഭവങ്ങളുടെ കോപ്പുകൂട്ടൽ. ആദ്യത്തെ 15 കഴിഞ്ഞ് 18 ആകുമ്പോൾ വർഷങ്ങളായി നടന്നുവരുന്ന ഒരു വയള് പരമ്പരയുണ്ട് ഞങ്ങളുടെ നാട്ടിൽ.
തറാവീഹ് നമസ്കാരം കഴിഞ്ഞാൽ ഇരിക്കാനുള്ള ചാക്ക് കഷണമോ തുണിയോ കൊണ്ട് പള്ളിയങ്കണത്തിലേക്ക് സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ടനിര പോകുന്നത് കാണാം. നോമ്പ് തുറക്കുമ്പോൾ കഴിച്ചതിന്റെ ബാക്കി സാധനങ്ങളുമായി ആണ് പോക്ക്. വയള് തുടങ്ങി അധികം ആകുന്നതിനുമുമ്പ് തന്നെ ഞങ്ങളെപ്പോലുള്ള കുട്ടികളെല്ലാം കൊണ്ടുപോയ സാധനങ്ങളെല്ലാം കഴിച്ച് ഉമ്മമാർക്ക് ചുറ്റും ചാക്കിൽ കിടന്ന് ഉറക്കം തുടങ്ങും.
വയള് കഴിഞ്ഞ് ഞങ്ങളെയെല്ലാം വിളിച്ചുണർത്തി തിരിച്ചു വീട്ടിലേക്ക്. ഇതുതന്നെയാണ് പിന്നീടുള്ള എല്ലാ ദിവസത്തെയും അവസ്ഥ. ഈ കാര്യങ്ങൾ എല്ലാം ഇവിടെയുള്ള കുട്ടികളോട് പറയുമ്പോൾ തമാശയാണ്. അതുകൊണ്ടുതന്നെ എത്ര പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളാണ് ഓർമയിലെ കുട്ടിക്കാലത്തെ നോമ്പുകാലങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.