പല്ല്യേക്കാ..കുളിക്കാ, പെര്ന്നാക്കോടിയിടാ....
text_fieldsനേരം വെളുക്കാ.. പല്ല്യേക്കാ..കുളിക്കാ മാറ്റാ..എന്ന വൈറൽ റീലിനാൽ മലയാളികളുടെ ശ്രദ്ധയാകർഷിച്ച, രണ്ട് മില്യനിലധികം വ്യൂവേഴ്സിനെ തന്റെ വാചക-പാചക കസർത്തുകൊണ്ട് കൈയിലെടുത്ത ഹിബ ഫാത്തിമ എന്ന ഹിബൂസ് 11ന്, ഈ നോമ്പ് പെരുന്നാൾ സ്പെഷലാകുന്നത്, സോഷ്യൽ മീഡിയ സെലിബ്രിറ്റിയായിട്ടുള്ള ആദ്യ പെരുന്നാളായതുകൊണ്ടു മാത്രമല്ല. പന്ത്രണ്ട് വർഷങ്ങൾക്കുശേഷം ഹൈസു വന്നതിനുശേഷം ഉള്ള ആദ്യത്തെ പെരുന്നാൾ ആയതുകൊണ്ടുകൂടിയാണ്.
മലപ്പുറം ജില്ലയിലെ തിരൂർ പഞ്ചാരമൂല സ്വദേശി ശാഹുൽ ഹമീദ് നൂറാനിയുടെയും മോണ്ടിസോറി അധ്യാപിക ഉമൈറ വി.യുടെയും മൂത്ത മകളാണ്, ജി.എച്ച്.എസ്.എസ് നിറമരുതൂറിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഈ കൊച്ചു മിടുക്കി. ഏറെനാൾ കാത്തുകിട്ടിയ സന്തോഷമാണ് അവൾക്ക് അവളുടെ കുഞ്ഞനിയത്തി. ഹിബുവിന്റെ വിഡിയോകളിലെ നായികയായ ‘ഹെയ്സു’!
ഈ പെരുന്നാൾ അവളെ കുളിപ്പിച്ചണിയിച്ചൊരുക്കി മൈലാഞ്ചിയൊക്കെ ഇട്ട് ആഘോഷിക്കാൻ പോകുന്ന ത്രില്ലിലാണ് ഹിബു. ഒപ്പം ആളുകൾ അറിയാൻ തുടങ്ങിയതിലുള്ള സന്തോഷവും. ഉമ്മാന്റെ വീട്ടിൽ പോകുക, ബീച്ചിൽ കറങ്ങുക, കൂട്ടുകാരോടൊപ്പം കളിക്കുക തുടങ്ങി സാധാരണ പെരുന്നാൾ ആഘോഷങ്ങളോടൊപ്പം, തന്റെ വിശേഷങ്ങൾ അറിയാനും പങ്കുവെക്കാനും ഒത്തിരി പേരെ കിട്ടിയപ്പോൾ, തന്റെ വ്യൂവേഴ്സിന്, നല്ല പെരുന്നാൾ കാഴ്ചകൾ കൂടി സമ്മാനിക്കാനുള്ള ആവേശത്തിലാണ്. ഡ്രസ് എടുത്തോ, എങ്ങനെയാണ് പെരുന്നാൾ, സ്പെഷലുകൾ തീരുമാനിച്ചോ തുടങ്ങി തന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ കമന്റുകളയച്ച്, കാത്തിരിക്കുമ്പോൾ ഇതെന്റെ സാധാരണ പെരുന്നാളിനേക്കാൾ ഒരു ഗംഭീര പെരുന്നാൾ തന്നെയായിരിക്കുമെന്നവൾ.
വ്ലോഗ് തുടങ്ങിയതിനുശേഷം വിശേഷങ്ങളും കാര്യങ്ങളും അറിയാൻ കുറെ ആൾക്കാരുണ്ടായി. പണ്ട് ഉപ്പ, ഉമ്മ, അടുത്ത കുടുംബങ്ങൾ മാത്രമായിരുന്നിടത്തുനിന്ന് ഒരുപാട് കൂട്ടുകാരെയും കുടുംബക്കാരെയും കിട്ടി. ഇനി എന്റെ മൈലാഞ്ചി ഒക്കെ കാണിക്കാൻ ഒരുപാട് ആളായല്ലോ..നാപ്പിഴ കൂടാതെ,ഒറ്റ ശ്വാസത്തിൽ ഒരുപാട് കാര്യങ്ങൾ രസകരമായി സംസാരിക്കുന്ന ഹിബു ഇത് തനിക്ക് ജന്മനാ കിട്ടിയ കഴിവാണെന്ന്. ഉപ്പയും ഉമ്മയും അത്യാവശ്യം സംസാരിക്കും. ഉപ്പ ഗൾഫിലാണ്. പാചകം ചെയ്യുന്നതും വിഡിയോസ് എടുക്കുന്നതും ഉമ്മയാണ്.
റീൽസുകളിൽ കാണുന്ന നർമവും താളവും ചാലിച്ച വരികളിലും പുതുമയുള്ള വിഡിയോ ആശയങ്ങളിലും ഉമ്മ സഹായിക്കാറുണ്ടെന്ന് ഹിബു. പെരുന്നാളിന് ഇനി ഒരു അടിപൊളി ബിരിയാണി വെക്കണമെന്നാണ് അവൾ പറയുന്നത്. നിങ്ങളെല്ലാരും ഞമ്മക്ക് വേണ്ടി ദുആ ചെയ്യണം, നിങ്ങളെല്ലാരും നമ്മളെ ദുആയിലും ഉണ്ടെന്ന സ്നേഹവും സന്തോഷവും അറിയിക്കുന്നുണ്ട്, പാഠ്യ -പാഠ്യേതര വിഷയങ്ങളിൽ കഴിവ് തെളിയിച്ച ഈ സർവകലാ വല്ലഭ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.