കബന്ധൻ
text_fieldsസീതാന്വേഷണ യാത്രക്കിടയിൽ നിരവധി രാക്ഷസരുമായി രാമലക്ഷ്മണന്മാർക്ക് സംഘർഷത്തിലേർപ്പെടേണ്ടി വരുന്നുണ്ട്. വനത്തിൽ വെച്ച് അവർ കബന്ധൻ എന്ന രാക്ഷസനെ വധിക്കുന്നു. രാമനാൽ ശരീരം ദഹിക്കപ്പെട്ട കബന്ധന് സ്വന്തം ശുഭ രൂപം തിരികെ ലഭിച്ചു എന്നാണ് വാല്മീകിയുടെ പാഠം. ഇങ്ങനെ സ്വന്തം രൂപം തിരിച്ചുകിട്ടിയ കബന്ധൻ തന്റെ പൂർവ കഥ രാമലക്ഷ്മണന്മാരോട് പങ്കുവെക്കുന്നുണ്ട്.
വനത്തിൽ െവച്ച് ഋഷിമാരെ പേടിപ്പിച്ചതിനാൽ കിട്ടിയ ശാപമാണ് ബീഭത്സ രൂപം ലഭിക്കാൻ കാരണമെന്ന് കബന്ധൻ പറയുന്നു. ഉഗ്രതപസ്സ് ചെയ്ത കബന്ധന് ബ്രഹ്മാവ് ദീർഘായുസ്സ് നൽകി അനുഗ്രഹിച്ചു. പിന്നീട് ഇന്ദ്രനുമായുണ്ടായ യുദ്ധത്തിലാണ് തനിക്ക് ബീഭത്സ രൂപം ലഭിച്ചതെന്നും കബന്ധൻ പ്രസ്താവിച്ചു (ആരണ്യ കാണ്ഡം. 71:1-9). ആര്യനേതാവായ ഇന്ദ്രനും തദ്ദേശീയ ഗോത്ര ജനതയുമായുള്ള സംഘർഷം രാമലക്ഷ്മണന്മാരുടെ കടന്നുവരവിനെ മുമ്പുതന്നെ ആരംഭിച്ചിരുന്നതായി കബന്ധനും ഇന്ദ്രനും തമ്മിലെ യുദ്ധം തെളിയിക്കുന്നു.
മിക്കവാറും രാക്ഷസന്മാർ തപസ്സ് ചെയ്ത് വരം കരസ്ഥമാക്കുന്നത് ബ്രഹ്മാവിൽ നിന്നുമാണ്. ഇവിടെ കബന്ധൻ ദീർഘായുസ്സ് വരമായി നേടുന്നതും ബ്രഹ്മാവിൽനിന്നുതന്നെ. അസുര രാക്ഷസാദികളെന്ന് അടയാളപ്പെടുത്തുന്ന ഇതര ജനവിഭാഗങ്ങളുടെ ആരാധനാമൂർത്തിയായിരുന്നു ബ്രഹ്മാവ് എന്നും ഇതിൽ നിന്നും അറിയാം. കബന്ധൻ ഋഷിമാരെ പേടിപ്പിച്ചു എന്നതിന്റെ അർഥം, രാമന്റെ ആഗമനത്തിനു മുമ്പുതന്നെ രാക്ഷസന്മാരുടെ അധിവാസ പ്രദേശത്ത് ആര്യർ കുടിയേറിത്തുടങ്ങിയെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.