മാതൃകാപുത്രന്മാർ
text_fieldsമക്കൾ എങ്ങനെ ഇരിക്കണമെന്നും അച്ഛനമ്മമാരോടും മാതൃ-പിതൃസ്ഥാനീയരായ മറ്റുള്ളവരോടും എങ്ങനെ പെരുമാറണമെന്നും തന്നെത്തന്നെ ഉദാഹരണമാക്കി ശ്രീരാമൻ വിശദമാക്കുന്നു.
അനുസരണമാണ് ആദ്യ മുറ. അച്ഛനമ്മമാർ എന്തു പറയുന്നുവോ അത് അക്ഷരംപ്രതി അനുസരിക്കുന്നു. ഹിതമോ അഹിതമോ ഇഷ്ടമോ അനിഷ്്ടമോ എന്തു വന്നാലും ഒരുപോലെ.
മുനിവാടങ്ങൾ രക്ഷിക്കാൻ വിശ്വാമിത്രനൊപ്പം കാട്ടിലേക്കു പോകാൻ ദശരഥൻ നിർദേശിച്ചു, കാട്ടിൽ എങ്ങനെ കഴിയും എന്നൊന്നും രാമൻ ചിന്തിച്ചില്ല, പോയി.
ഗുരുസ്ഥാനീയനായ വിശ്വാമിത്ര മഹർഷി പറഞ്ഞു, ശൈവചാപം എടുത്തു വലിച്ചു കുലച്ചുമുറിച്ചോളാൻ. ചെയ്തു. ഇതു ചെയ്യുന്നയാൾ സീതയെ കല്യാണം കഴിക്കണം, കഴിച്ചു.
അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ അച്ഛൻ അനൗപചാരികമായി ഭരണച്ചുമതല ഏൽപിച്ചു, ഏറ്റെടുത്തു, കാര്യക്ഷമമായി നടത്തി.
ഇങ്ങനെ ഇരിക്കെ പെട്ടെന്നാണ് അച്ഛൻ കിരീടധാരണച്ചടങ്ങ് നിശ്ചയിച്ചത്. പക്ഷേ, പിറ്റേന്ന് രാവിലെ കണ്ടത് പാതിജീവനായി കൈകേയീഗൃഹത്തിൽ വെറും നിലത്തുകിടക്കുന്ന അച്ഛനെയാണ്. രാജ്യാഭിഷേകം മുടങ്ങി എന്നറിഞ്ഞപ്പോൾ ഒരു ഭാവഭേദവും കൂടാതെ രാമൻ കൈകേയിയോട് പറഞ്ഞു: ''ഇതിനാണോ വിഷമം! അച്ഛന്റെ വാക്കുപാലിക്കാൻ എന്തു ചെയ്യാനും ഞാൻ തയാറാണല്ലോ, അമ്മേ! മാത്രവുമല്ല, അമ്മക്ക് എന്നോട് പ്രത്യേക സ്നേഹം ഉണ്ടെന്ന് തീർച്ചയായിരിക്കുന്നു. കാട്ടിൽ കഴിയുന്നത് നാടുഭരിക്കുന്നതിനേക്കാൾ സുഖകരമാണ്. നാടുവാഴാൻ എന്റെ പ്രിയപ്പെട്ട അനിയൻ എല്ലാംകൊണ്ടും പ്രാപ്തനുമാണ്.''
തുടർന്ന്, മൂന്നുതരം പുത്രരെ കുറിച്ചും തനിക്കറിയാമെന്ന് രാമൻ പറയുന്നു: അച്ഛെൻറ ഇംഗിതം പറയാതെ അറിഞ്ഞ് നിറവേറ്റുന്നവൻ ഉത്തമനായ പുത്രൻ. പറഞ്ഞ് അറിയുമ്പോഴെങ്കിലും നിറവേറ്റുന്നവൻ മധ്യമൻ, പറഞ്ഞാലും ചെയ്യാത്തവൻ അധമൻ.
പക്ഷേ, പ്രിയപ്പെട്ട ജ്യേഷ്ഠൻ അപമാനിതനായി എന്ന് കരുതുന്ന ലക്ഷ്മണൻ അത്യന്തം ക്ഷുഭിതനാവുന്നു. സ്ത്രീജിതനും ഭ്രാന്തനുമായ അച്ഛനെ അനുസരിക്കേണ്ടതില്ലെന്നും എതിർക്കുന്നവരെയെല്ലാം പിടിച്ചുകെട്ടി വധിച്ച് രാമാഭിഷേകം താൻ നടത്തുമെന്നും പ്രഖ്യാപിക്കുന്നു.
ലോകം ദഹിപ്പിക്കാൻ പോന്ന ലക്ഷ്മണെൻറ ഈ ദേഷ്യം ശമിപ്പിക്കാൻ ശ്രീരാമൻ നൽകുന്ന ഉപദേശം സുപ്രസിദ്ധമാണ്. അറിവുള്ളവർ ഒരിക്കലും കോപിക്കരുത് എന്നാണ് അതിന്റെ രത്നച്ചുരുക്കം. മനുഷ്യരുടെ എല്ലാ ദുരിതങ്ങൾക്കും കാരണം കോപമാണ്. സുഖഭോഗങ്ങളുടെയും സ്ഥാനമാനങ്ങളുടെയും ക്ഷണികത തിരിച്ചറിയണം. വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാഞ്ഞാൽ മനഃശാന്തി ഒരിക്കലും കൈവരില്ല.
ശ്രീരാമനും ലക്ഷ്മണനും സീതയും കാട്ടിലേക്കുപോയ ശേഷമാണ്, അവരുടെ അമ്മാവന്റെ കൊട്ടാരത്തിലേക്ക് പോയിരുന്ന മറ്റു രണ്ട് അനിയന്മാർ തിരിച്ചുവരുന്നത്. സംഭവങ്ങൾ അറിയുന്ന ഭരതന്റെ പ്രതികരണം ശ്രദ്ധേയം. അമ്മ ചെയ്യുന്നതായാലും തെറ്റു തെറ്റു തന്നെ. തിരുത്തേണ്ടത് മക്കളുടെ ചുമതലയാണ്. താൻ സിംഹാസനത്തിൽ ഇരിക്കണം എന്ന് അച്ഛൻ ഒരിക്കലും ആഗ്രഹിച്ചില്ല എന്ന് ഉത്തമപുത്രനായ ഭരതന് അറിയാം. അതിനാൽ, കൈകേയിയേയും കൂടെ കൂട്ടി രാമനെ തിരികെ വിളിക്കാൻ കാട്ടിലേക്കു പോകുന്നു. അവിടെ െവച്ചാണ് നാടുഭരിക്കാൻ തന്നെക്കാൾ കഴിവും അവകാശവും മറ്റേയാൾക്കാണെന്ന് ഇരുവരും കിണഞ്ഞു വാദിക്കുന്നതും അതിൽ വിജയിക്കാനാവാതെ ഭരതൻ രാമന്റെ പാദുകവും ഏറ്റുവാങ്ങി തിരികെപോരാൻ നിശ്ചയിക്കുന്നതും.
മക്കൾ എന്നാൽ എങ്ങനെ ഇരിക്കണം, സഹോദരങ്ങൾ തമ്മിൽ എങ്ങനെ പെരുമാറണം, മനുഷ്യജീവിതത്തിെൻറ ആകത്തുകയെക്കുറിച്ചുള്ള ധാരണ എന്താവണം, ചുമതലകളെയും ആഗ്രഹങ്ങളെയും തമ്മിൽ എങ്ങനെ പൊരുത്തപ്പെടുത്തണം എന്നെല്ലാം ഈ കഥാഗതിയിലൂടെ തെളിഞ്ഞുകിട്ടുന്നു. ഇതൊന്നും പഠിപ്പിക്കാൻ അക്കാലത്ത് നാട്ടിൽ പറയത്തക്ക സംവിധാനമൊന്നും ഇല്ലായിരുന്നു.
ഇപ്പോഴും ഇല്ലേല്ലാ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.