ഒരു നിമിഷം മതി!
text_fieldsമനുഷ്യന് വിവേകം ഉണ്ടാകാനും നല്ല വഴിക്ക് വരാനും എത്ര സമയം വേണം? എത്ര മോശം പാതയിൽ എത്ര ദൂരം പോയ ആളായാലും ഒരു നിമിഷം മതി എന്നാണ് രാമായണം പറയുന്നത്. കുപ്പയിൽനിന്ന് വിരിഞ്ഞ താമരപോലെ നിൽക്കുന്ന ഒരു മഹാത്മാവിന്റെ ജീവിതംകൊണ്ട് അത് ഉദാഹരിക്കുകയും ചെയ്യുന്നു. നിഷ്ഠുരനായ കൊള്ളക്കാരനാണ് മഹാ മഹർഷിയായി രൂപാന്തരപ്പെട്ടത്. കാട്ടുപാതയിൽ പതിയിരുന്ന് വഴിപോക്കരെ കൊന്നും കവർന്നും ജീവിക്കുകയായിരുന്നു അയാൾ. ഭാര്യയെയും മക്കളെയും പുലർത്തുകയും ചെയ്തു. താൻ ചെയ്യുന്നതിന്റെ ശരിതെറ്റുകളെ കുറിച്ച് ഒരിക്കലും ഒരു നിമിഷവും അയാൾ ആലോചിച്ചിരുന്നേ ഇല്ല.
ഇങ്ങനെയൊക്കെ ഇരിക്കെയാണ് ഒരുദിവസം സപ്തർഷിമാർ അതുവഴി വന്നത്. ഇയാൾ ദുരുദ്ദേശ്യത്തോടെ അവരെയും സമീപിച്ചു. അവരുടെ കൈയിൽ പിടിച്ചുപറിക്കത്തക്ക ഒന്നും ഉണ്ടായിരുന്നില്ല, അവർക്കു തെല്ലും പരിഭ്രമവും ഉണ്ടായില്ല. അവർ അയാളോട് പറഞ്ഞു: ഈ മഹാപാതകം ചെയ്തു നീ സമ്പാദിക്കുന്ന പണംകൊണ്ട് പുലരുന്ന കുടുംബത്തോട് ചെന്ന് ചോദിക്കുക, ഈ പാപത്തിനുള്ള ശിക്ഷ അവർ പങ്കിട്ടെടുക്കുമോ എന്ന്. മറുപടിയും കൊണ്ട് നീ വരുവോളം ഞങ്ങൾ ഇവിടെ നിൽക്കാം. ഇക്കാര്യം അയാൾ അന്നോളം ആലോചിച്ചിരുന്നില്ല. പാപത്തിനുള്ള ശിക്ഷയിൽ തീർച്ചയായും അവർ പങ്കുപറ്റും എന്നു തന്നെയാണ് അയാൾ കണക്കുകൂട്ടിയത്. പക്ഷേ, ഭാര്യയും മക്കളും സംശയമില്ലാതെ പറഞ്ഞത് 'താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ' എന്നാണ്! ഇത് അയാളെ കടപുഴക്കി. ചോദിക്കാൻപോയ ആളല്ല ഉത്തരവുംകൊണ്ട് മഹർഷിമാർക്കരികിലേക്ക് തിരിച്ചുവന്നത്. ഒരു നിമിഷത്തിനകം അടിമുടി മാറി.
നല്ല വഴിയിൽനിന്ന് തെന്നിപ്പോയതിൽ പശ്ചാത്തപിച്ച് അയാൾ കുത്തിയിരുന്ന് ആലോചിച്ചു, മനുഷ്യജീവിതത്തിൽ എന്താണ് ശരി, എന്താണ് തെറ്റ്? ഈ ചിന്തയോടെ തന്നെ ദൈവനാമം ഉരുവിട്ടുകൊണ്ടിരുന്നു. ഇത് അയാളെ മഹർഷിയാക്കി. രാമായണമെന്ന ആദികാവ്യമെഴുതിയ വാല്മീകി മഹർഷി. ഈ കഥ അവതരിപ്പിക്കുന്നത് അദ്ദേഹം തന്നെയാണ്. വെള്ളക്കാരുടെ ഭാഷയിൽ പറഞ്ഞാൽ കുതിരമുഖത്തു നിന്നുതന്നെയാണ് കാര്യം നാം കേൾക്കുന്നത്.
എന്തിനാണ് രാമായണം എഴുതിയത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ കഥ. നല്ല വഴിയിൽനിന്ന് മാറിപ്പോയവരൊക്കെ നേർവഴിക്ക് വരട്ടെ എന്ന് ഉദ്ദേശിച്ചുതന്നെ. ഏതറ്റം വരെ പോയി കഴിഞ്ഞാലും ഏതൊരാൾക്കും എപ്പോഴും പ്രതീക്ഷക്കു വകയുണ്ട് എന്നതിനുകൂടി അടിവരയിടുന്നു. വിവേകികളുമായി സംസർഗം ഉണ്ടായാൽ മതി ഈ മാറ്റം താനേ സംഭവിച്ചുകൊള്ളും എന്നുകൂടി നമുക്ക് ഈ കഥാകാലക്ഷേപത്തിൽനിന്ന് മനസ്സിലാക്കാം (അവിവേകികളുമായാണ് സംസർഗം ഉണ്ടാകുന്നതെങ്കിൽ ഫലം നേരെ വിപരീതമായിരിക്കും എന്നുകൂടിയും!).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.