ഇണയും തുണയും തമ്മിൽ എന്ത്?
text_fieldsഭാര്യാഭർതൃബന്ധത്തിന്റെ എല്ലാ തലങ്ങളിലേക്കും രാമായണം വെളിച്ചം പരത്തുന്നു. വാല്മീകി രാമായണത്തിൽനിന്ന് കിളിപ്പാട്ട് രാമായണത്തിൽ എത്തുമ്പോൾ ഈ അന്വേഷണത്തിന്റെ സമ്പ്രദായത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിലും കാതലായ കാര്യം മാറുന്നില്ല. പരസ്പരം എങ്ങനെ കരുതണം എന്നതുതന്നെയാണ് അടിസ്ഥാനപരമായ ചോദ്യം.
കാര്യമുണ്ട്. ഇണ-തുണ ബന്ധം ജീവപരിണാമത്തിന്റെ പല ഘട്ടങ്ങൾ താണ്ടിയിട്ടുണ്ട്. ചില്ലറ നീക്കുപോക്കുകൾ ഒഴികെ, മനുഷ്യ ഇതര ജീവസമൂഹങ്ങളിൽ ലൈംഗികം മാത്രമാണ് സ്ത്രീ-പുരുഷ ബന്ധം. ബഹുഭാര്യത്വവും ബഹുഭർതൃത്വവും നിലനിന്നു. കുടുംബം എന്ന സങ്കൽപമേ ഇല്ലായിരുന്നു. ഇപ്പോഴും ചില ഇനം പാമ്പുകളും എട്ടുകാലികളും സുരതാനന്തരം ഇണയെ ഭക്ഷിക്കുക വരെ ചെയ്യുന്നു!
ഒരു ആണിന് കുറെ പെണ്ണുങ്ങളും കുറേ ആണുങ്ങൾക്ക് (പ്രത്യേകിച്ചും സഹോദരന്മാർക്ക്) ഒരു പെണ്ണും എന്ന രീതിയും ഉണ്ടായിരുന്നു. രാമായണത്തിന്റെ കാലമായപ്പോഴേക്കും രണ്ടാമത്തേത് നാമമാത്രമാവുകയും ആദ്യത്തേത് നാട്ടുനടപ്പ് ആവുകയും ചെയ്തു (മഹാഭാരതത്തിൽ പക്ഷേ രണ്ടും കാണുന്നു). എങ്കിലും ശ്രീരാമനോ സഹോദരങ്ങൾക്കോ ഒന്നിലേറെ ഭാര്യമാരില്ല. ഒരാൾക്ക് ഒരാളേ വേണ്ടൂ, ആ ബന്ധം സുദൃഢമായിരിക്കണം എന്ന ധാരണയാണ് രാമായണം പരത്തുന്നത് (യുദ്ധംകൊണ്ടോ മറ്റോ ജനസംഖ്യയിൽ പുരുഷന്മാരുടെ അനുപാതം കുറയുമ്പോൾ മറ്റൊരു പരിഗണന പ്രബലമാകുന്നു. സമാധാനകാലങ്ങളിൽ എല്ലാ ജീവജാലങ്ങളിലും ഈ അനുപാതം ഏതാണ്ട് തുല്യമായി തന്നെ കാണപ്പെടുകയും ചെയ്യുന്നു. അതിനാൽ, ഒന്നിന് ഒന്ന് എന്നാണ് പ്രകൃതി നിർദേശിക്കുന്ന ബാന്ധവനിരക്ക് എന്ന് നിശ്ചയം).
സ്ത്രീ സ്വാതന്ത്ര്യത്തിന് രാമായണം അടിവരയിടുന്നു. 'ഞാനും പിതാവും ഒക്കും ഗുരുത്വംകൊണ്ട് നൂനം നിനക്ക്' എന്നാണ് കൗസല്യ വനവാസത്തിൽനിന്ന് രാമനെ തടയാനുള്ള അവകാശവാദത്തിന് അടിത്തറയിടുന്നത്. നീ ഇവിടെ കൊട്ടാരത്തിൽ ഇരുന്നോ ഞാൻ കാട്ടിൽ പോയിട്ടു വരാം എന്നു രാമൻ പറയുമ്പോൾ പറ്റില്ല എന്നെ കൊണ്ടുപോയേ തീരൂ എന്ന് സീത പറയുന്നതും ഇതേ ന്യായത്തിന്മേലാണ്. അത്രയുമല്ല, കാട്ടിലേക്ക് അനുഗമിക്കുക എന്ന ആശയത്തിൽനിന്ന് സീതയെ പിന്തിരിപ്പിക്കാനായി, കാട്ടിലെ ഭയാനകമായ അന്തരീക്ഷവും ദുരിതപൂർണമായ ചുറ്റുപാടുകളും നരകസമാനമായ പൊറുതിയും ഒക്കെ രാമൻ വിസ്തരിച്ചപ്പോൾ സീത പറയുന്നത്, അങ്ങനെയൊക്കെ ആണെങ്കിൽ മുന്നിൽ നടക്കുന്ന എന്റെ പിറകെയേ അങ്ങു നടക്കാവൂ എന്നാണ്!
രാമൻ ഏതു വില്ല് വലിച്ചും കുലച്ചും ഒടിച്ചാലും സീത വരണാർഥമാല്യം രാമന്റെ കഴുത്തിൽ ഇട്ടെങ്കിലേ സീതാകല്യാണം നടക്കുമായിരുന്നുള്ളൂ. നേത്രോൽപ്പല മാല ഇട്ടേ സീത സ്വയംവരമാല്യം ഇടുന്നുള്ളൂ. ശരിയായി നോക്കി തൃപ്തിപ്പെട്ടു തന്നെയാണ് സ്വീകാരം എന്നർഥം.
മഹാഭാരത കാലമായപ്പോഴേക്കും തന്നെ ആ മുറ പോയി. പരാക്രമിയായ രാജാവ് അന്യ കൊട്ടാരത്തിൽ കയറിച്ചെന്ന് തനിക്കിഷ്ടമുള്ള പെൺകുട്ടികളെ (ഒന്നോ രണ്ടോ മൂന്നോ എത്രയും ആകട്ടെ) ബലമായി പിടിച്ചുകൊണ്ടു പോവുകയാണ്. ഭീഷ്മർ ചെയ്തപോലെ ഇങ്ങനെ കൊണ്ടുപോകുന്നത് ഈ പണി സ്വയം ചെയ്യാൻ ധൈര്യമില്ലാത്ത ആർക്കെങ്കിലും വേണ്ടി ആയിരുന്നാലും ചോദിക്കാൻ വ്യവസ്ഥ ഇല്ല! അതാണ് രാജധർമം! രാജ്ഞിയെ പിടിച്ച് ജീവനോടെ രാജാവിന്റെ ചിതയിൽ ഇടാൻപോലും വകുപ്പുണ്ട്!!
പിന്നീട് പിന്നീട് സ്ത്രീകളുടെ സ്ഥാനം ചങ്ങലക്കുരുക്കൾക്ക് അകത്തായി. ഈ 'ആധുനിക' കാലങ്ങളിൽ പോലും 'വധുവധം' കഥകളി പലയിടങ്ങളിലായി വീണ്ടും വീണ്ടും ആടി തിമിർക്കുകയാണല്ലോ! പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിലെ സ്ത്രീകൾ ഇപ്പോഴും വിൽപനച്ചരക്കുകൾ തന്നെയുമല്ലേ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.