ശൂർപ്പണഖത്വം എന്ന ശാപം
text_fieldsജീവിതത്തിന്റെ ലക്ഷ്യം രതിയാണ് എന്നു കരുതുന്നവരാണ് ശൂർപ്പണഖയും രാവണനും. രാക്ഷസീയതയുടെ ഭാഗമാണ് ഈ സമീപനം. ഇന്ദുലേഖയെ കിട്ടിയില്ലെങ്കിൽ തോഴി എന്ന സൂരി നമ്പൂതിരി നിലപാട്.
ഇതുകൊണ്ടാണ് 'മാംസനിബദ്ധമല്ല രാഗം' എന്ന് മഹാകവി കുമാരനാശാൻ ശഠിക്കുന്നത്. രാഗത്തിന് രതി ഇല്ലാതെയും നിലനിൽക്കാൻ കഴിയുമെന്നു മാത്രമല്ല ധർമത്തിന് വിരുദ്ധമല്ലാത്ത രതി ഈശ്വരഭാവം തന്നെയാണെന്നും രാഗമില്ലാത്ത രതി മൃഗീയമാണെന്നും ആർഷദർശനം.
കാട്ടുപാതയിലൂടെ നടക്കാനിറങ്ങിയ ശൂർപ്പണഖയിൽ അവൾ പൊടിമണ്ണിൽ പതിഞ്ഞു കണ്ട ചന്തമുള്ള കാലടിപ്പാടുകൾ ആദ്യമേ ഉണർത്തുന്നത് രതിഭാവമാണ്. അതിന്റെ വഴി പിടിച്ചാണ് രാമലക്ഷ്മണന്മാരും സീതയും വസിക്കുന്ന ആശ്രമത്തിലെത്തുന്നത്. കൂടെയുള്ളത് പത്നിയാണെന്ന് രാമൻ വെളിപ്പെടുത്തിയ ശേഷമാണ് 'നീ എന്റെ കൂടെ പോന്നു രമിച്ചുകൊള്ളണം' എന്ന് ശൂർപ്പണഖ വാശി പിടിക്കുന്നത്. വിവാഹബന്ധം, രാഗവിശുദ്ധി, കുടുംബവ്യവസ്ഥിതി എന്നിവയെക്കുറിച്ചുള്ള ചിന്തകളൊന്നും കണ്ണില്ലാക്കാമത്തിന് ഒരു തരത്തിലും തടയിടുന്നില്ല.
അതുമല്ല, തനിക്ക് ഒരുത്തി ഇപ്പോഴേ ഉണ്ട്, കൂട്ടിനാളില്ലാത്ത ലക്ഷ്മണനോട് പറഞ്ഞാൽ അവൻ നിന്നെ ഉടൻ സ്വീകരിക്കും എന്ന് ശ്രീരാമൻ സൂചിപ്പിക്കേണ്ട താമസമേ ഉണ്ടായുള്ളൂ ശൂർപ്പണഖ ലക്ഷ്മണന്റെ അരികിലേക്ക് ഓടാൻ!
ഇഷ്ടം പോലെ രൂപം ധരിക്കാനുള്ള മായാജാലം കൈവശമുള്ളത് ഉപയോഗിച്ച് ലോകൈക സുന്ദരിയായാണ് ശൂർപ്പണഖ വന്നിരിക്കുന്നത്. ആത്മനിയന്ത്രണം ഉള്ള സഹോദരന്മാർ പക്ഷേ അതിൽ വീഴുന്നില്ല. ശൂർപ്പണഖയെ ഇരുവരും കൈയൊഴിയുന്നതിൽ ഒരു സ്ത്രീയോടുള്ള നിന്ദ അല്ല സംസ്കാരരാഹിത്യത്തോടുള്ള ആക്ഷേപഹാസ്യമാണ് പ്രകടമാകുന്നത്.
രാവണൻ ഇതേ ആക്ഷേപഹാസ്യമാണ് സീതയിൽനിന്ന് ലങ്കയിൽവെച്ച് ഏറ്റുവാങ്ങുന്നത്. സീത തന്റെ ഉറച്ച നിലപാട് പ്രഖ്യാപിക്കുന്നത് ഒരു പുൽക്കൊടി നുള്ളിയിട്ടുകൊണ്ടാണ് - നിങ്ങളുടെ എല്ലാ കേമത്തത്തിനും കൂടി ഞാൻ പുല്ലുവിലയേ കൽപിക്കുന്നുള്ളൂ എന്നുതന്നെ!
ആധുനിക ലോകത്ത് ശൂർപ്പണഖക്കും രാവണനുമാണ് മുൻതൂക്കം. ജീവിതത്തിന് കൂടുതൽ പ്രകൃതിസഹജവും അതിസുന്ദരവും പാർശ്വഫലരഹിതവുമായ ഭാവങ്ങൾ അറിഞ്ഞും അറിയാതെയും ഉപേക്ഷിച്ച് നൈമിഷിക സുഖങ്ങളുടെ പിടിയിൽ നാം പെട്ടുപോകുന്നു. ഇവയെ ചൊല്ലിയുള്ള കടിപിടിയിൽ ആണവ ജൈവ ആയുധങ്ങളും ലോകമഹായുദ്ധങ്ങളും ഉണ്ടാകുന്നു.
കുടുംബം, ദേശം, നാട്, ലോകം എന്നിങ്ങനെ എല്ലാ തലങ്ങളിലും ഈ പോരുകൾ അരങ്ങേറുന്നു. ചുരുക്കത്തിൽ, ദുനിയാവ് സംഘർഷഭരിതമല്ലാതായിത്തീരണമെങ്കിൽ രാഗം പവിത്രമായേ പറ്റൂ. വികാരസംസ്കരണവും മനോനിയന്ത്രണവും സ്വഭാവരൂപവത്കരണത്തിന്റെ ഊടും പാവും ആയേ മതിയാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.