ഒഴുക്കിൽപെട്ടാൽ
text_fieldsഎന്തുകൊണ്ടാണ് മനുഷ്യൻ അരുതാത്തത് ചെയ്യുന്നത്? അരുതാത്തത് ആണ് എന്നറിഞ്ഞുകൊണ്ട് അല്ലെങ്കിൽ അത് പാപം അല്ല എന്നാണ് വേദാന്ത നീതിശാസ്ത്രം. കൊച്ചുകുട്ടി അമ്മയെ ഉപദ്രവിക്കുന്നതും മൃഗങ്ങൾ കാണിക്കുന്ന വിക്രിയകളും ഉദാഹരണം.ഇവിടെ രണ്ടു ചോദ്യങ്ങൾ വരുന്നു: തെറ്റാണെന്ന് അറിവ് എങ്ങനെയുണ്ടാകുന്നു? ആ അറിവ് ഉണ്ടായിട്ടുപോലും എന്തുകൊണ്ട് തെറ്റ് തന്നെ ചെയ്യുന്നു?
ശരിതെറ്റുകളുടെ വകതിരിവ് മനുഷ്യർക്ക് സ്വാഭാവികമായി ഉണ്ടാകുന്നു എന്നാണ് അറിവുള്ളവർ പറയുന്നത്. പടുമുള എന്നപോലെ. പിന്നെ ലോകപരിചയംകൊണ്ടും വിദ്യാഭ്യാസംകൊണ്ടും ഈ കഴിവ് വർധിക്കുന്നു. തെറ്റെന്ന് അറിവുള്ളത് ചെയ്യാൻ പുറപ്പെടുമ്പോൾ മനസ്സ് പറയും അരുത് എന്ന്. ഇതിനെ സ്ഥിരമായി അവഗണിച്ചു കൊണ്ടിരുന്നാലത്തെ കുഴപ്പം കുറച്ചു കഴിയുമ്പോൾ മനസ്സ് ഇതു പറയാതെ ആവും എന്നതാണ്.
ആകട്ടെ, എന്തുകൊണ്ട് അവഗണിക്കാൻ തോന്നുന്നു? ആഗ്രഹത്തിന്റെ ബലംകൊണ്ടുതന്നെ. കാറ്റ് പായ്ക്കപ്പലിനെ എന്നപോലെ ആഗ്രഹങ്ങൾ നമ്മെ വലിച്ചുകൊണ്ടുപോകുന്നു. വഴങ്ങിക്കൊണ്ടിരുന്നാൽ കാലക്രമേണ വിവേകം അമ്പേ തോറ്റുപോകുന്നു, അമരത്തെ പങ്കായം തന്നെ നഷ്ടപ്പെടുന്നു. പിന്നെ പിടിച്ചാൽ കിട്ടില്ല. ഈ അവസ്ഥയിലാണ് രാവണൻ. അന്നത്തെ ആ ഒരു രാവണൻ മാത്രമല്ല ഇന്നത്തെ കാലത്തെ രാവണന്മാരായ നമ്മളെല്ലാവരും തന്നെ! പരിമിതികൾകൊണ്ട് മാത്രമാണ് ഒതുങ്ങിനിൽക്കുന്നത്. ആ പരിമിതികളെ മറികടക്കാൻ അഹോരാത്രം പ്രയത്നിച്ചുകൊണ്ടുമിരിക്കുന്നു. ഈ പ്രയത്നത്തിൽ എത്തിപ്പിടിക്കുന്ന വിജയത്തെയാണ് നാമിപ്പോൾ ജീവിതവിജയം എന്ന് വിശേഷിപ്പിക്കുന്നത്.
യഥാർഥത്തിൽ ഇതാകട്ടെ, നിത്യമായ അശാന്തിയിലേക്കുള്ള വിജയമാണ്, മറ്റുള്ളവരെ കൂടി അശാന്തരാക്കുന്ന ഏർപ്പാടുമാണ്. തെറ്റായ സന്ദേശം കൊടുക്കുന്നതിനു പുറമേ അവരുടേത് എല്ലാം പിടിച്ചുപറിച്ച് അവരെ ദുരിതത്തിൽ ആക്കുകയും ചെയ്യുകയാണല്ലോ!
ആകർഷകമായ എന്ത് എവിടെയുണ്ടോ അതെല്ലാം എനിക്ക് വേണം എന്നാണ് എന്റെ നില. ശരിയും തെറ്റും ഒന്നും ഇവിടെ പ്രശ്നമല്ല. ഉപയോഗിക്കാനുള്ള ബലം ആണവായുധം വരെ! എനിക്കു ചുറ്റുമുള്ള എല്ലാവരും എന്നെ എന്റെ ആഗ്രഹനിവൃത്തിക്ക് സഹായിച്ചുകൊള്ളണം. എതിരഭിപ്രായം ആർതന്നെ പറഞ്ഞാലും വാൾ ഉറയൂരി കഥ കഴിക്കും. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു.
സമൃദ്ധമായുള്ള ശാരീരികവും മാനസികവുമായ കഴിവുകൾ എല്ലാം തന്നെ ഈ പരാക്രമത്തിനുവേണ്ടി ഉപയോഗിക്കുന്നു. ഈ പോക്ക് പ്രകൃതിവിരുദ്ധമാണ് എന്ന് മനസ്സിലാകുമ്പോഴേക്ക് വളരെ വൈകിപ്പോകുന്നു. അവസാനം, കാറ്റ് കൊടുങ്കാറ്റായി തോണി നടുക്കടലിൽ മുങ്ങിപ്പോകുന്നു. മനുഷ്യവിഭവശേഷിയുടെ ഭീമമായ ദുർവ്യയത്തിന്റെ ഈ കഥയാണ് രാമായണം കിളിപ്പാട്ട് പറയുന്നത്.
രാവണനെ നോക്കൂ: പത്തു തലച്ചോറുകൾ നിറയെ ബുദ്ധി. ദശാവധാനി എന്നു പറയും. അതായത്, പത്തു കാര്യങ്ങൾ ഒരേസമയം ആലോചിക്കാൻ കഴിവുള്ളവൻ. ഇരുപത് കൈകൊണ്ടും പണിയാനുള്ള വിരുതും ശേഷിയും. സകലകലാവല്ലഭൻ. സർവായുധ സമ്പന്നൻ. എല്ലാ ഐശ്വര്യങ്ങളും തികഞ്ഞവൻ. വൻ പടയുടെ അധിപൻ. പക്ഷേ, അത്യാഗ്രഹി. പ്രപഞ്ചത്തിൽ ആരോട് നോ പറഞ്ഞാലും തന്നോട് ഒരിക്കലും അതു പറയാൻ കെൽപില്ലാത്തവൻ. ചുരുക്കത്തിൽ, ഒന്നാന്തരം വണ്ടി, ബ്രേക്കും ബെല്ലും ഇല്ല എന്നു മാത്രം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.