സൗന്ദര്യത്തിന്റെ നയതന്ത്രം
text_fieldsസൗന്ദര്യം ഏതു മഹാനെയും ശാന്തനാക്കും എന്ന് ഇതിഹാസങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ലോക വിനാശകരമായ കോപം ശമിപ്പിക്കാൻ സൗന്ദര്യത്തെ പ്രയോജനപ്പെടുത്താം, അത് തെറ്റല്ലെന്ന സൂചനയുമുണ്ട്.
സൗന്ദര്യത്തിന്റെയൊക്കെ ആകർഷണത്തിന് മുകളിൽ അല്ലേ മഹത്തുക്കൾ എന്ന് ചോദിക്കാം. അതെയെന്നും ആയിരിക്കണമെന്നും തന്നെയാണ് മഹർഷിമതം. എങ്കിലും, തനിക്കും ലോകത്തിനും വിനാശകരം അല്ല എങ്കിൽ, സൗന്ദര്യത്തെ അതിന്റെ സ്വാഭാവിക ധർമം നടപ്പിലാക്കാൻ അനുവദിക്കുന്നതുകൊണ്ട് കുഴപ്പമില്ല എന്നു സൂചിപ്പിക്കുമ്പോൾ തീർച്ചയായും മഹർഷിയുടെ മുഖത്ത് ഒരു കുസൃതിച്ചിരി തങ്ങിനിൽപുണ്ട്. ജന്തുവിന്നു തുടരുന്നു വാസനാബന്ധം ഇങ്ങ് ഉടലു വീഴുവോളവും എന്ന മഹാകവി കുമാരനാശാന്റെ സഹാനുഭൂതിച്ചിരി തന്നെ!
സീതാന്വേഷണത്തിന് രാമനെ സഹായിക്കാമെന്ന് വാക്കുകൊടുത്ത സുഗ്രീവൻ അക്കാര്യം മറന്ന് മദ്യവും മദിരാക്ഷിയും ആയി കഴിയുമ്പോൾ അയാളെയും കിഷ്കിന്ധയെയും ഒരുമിച്ച് ദഹിപ്പിക്കാൻ മതിയായ കോപത്തോടെ കടന്നുവരുന്ന ലക്ഷ്മണൻ കൊട്ടാരത്തിൽ പ്രവേശിക്കെ സ്വീകരിക്കാൻ നിൽക്കുന്നത് വിശ്വസുന്ദരിയായ താരയാണ്. വന്നാലും, ഇത് അങ്ങയുടെ ഭവനം ആണല്ലോ എന്നാണ് മധുരോദാരമായ സ്വീകരണമൊഴി!
ഹനൂമാന്റെ മുന്നറിയിപ്പിനെ തുടർന്ന് ഭയപ്പെട്ട് മദ്യലഹരി നഷ്ടപ്പെട്ട സുഗ്രീവൻ കണ്ടുപിടിച്ച ആപൽക്കാലവിദ്യയാണ് ആ സ്വീകരണം.ഈ അടവ് ഫലിക്കുന്നു. ചുട്ടുപഴുത്ത ലോഹം തണുക്കുന്നതുപോലെ ലക്ഷ്മണ കോപം കാണക്കാണേ ശമിക്കുന്നു.
(മഹാഭാരതത്തിലും ഉണ്ട് ഇങ്ങനെ ഒരു അവസരം. നാട്ടിൽ നടമാടുന്ന വരൾച്ചക്ക് പരിഹാരം ഉണ്ടാവാൻ നിഷ്കളങ്കതയുടെ അവതാരമായ ഋഷ്യശൃംഗനെ കൊണ്ടുവന്നാൽ മതി എന്നറിഞ്ഞ ഒരു മഹാരാജാവ് സുന്ദരികളായ കന്യകമാരെ അയച്ച് അത് സാധിക്കുന്നു. തനിക്ക് ഒരു അബദ്ധം പറ്റി മാൻപേടയിൽ ഉണ്ടായ കുട്ടിയെ ലൈംഗികചോദനയെ കുറിച്ച് ഒന്നും അറിയിക്കാതെ വളർത്തിക്കൊണ്ടുവരുന്ന വിഭാണ്ഡകൻ എന്ന മുനി ദിവ്യദൃഷ്ടികൊണ്ട് എല്ലാം അറിഞ്ഞ് ആ രാജാവിനെയും രാജ്യത്തെയും ശപിച്ചു ഭസ്മമാക്കാൻ പുറപ്പെടുന്നു. ഇത് ഉണ്ടാകുമെന്ന് നേരത്തേ കരുതിയ രാജാവ് വഴിയിലുടനീളം മഹാസുന്ദരിമാരെ അണിനിരത്തുന്നു, അതോടൊപ്പം അതിഗംഭീരമായ സ്വീകരണ നടപ്പന്തലും വാദ്യവും സംഗീതവും വരവേൽപ്പും വേറെയും. അരമനയിൽ എത്തുമ്പോഴേക്കും മഹർഷി താൻ എന്തിനാണ് വന്നത് എന്നതുപോലും മറന്നുപോകുന്നു! മനുഷ്യജന്മത്തിൽ സൗന്ദര്യത്തിനുള്ള സ്ഥാനം ഓർത്ത് ഒരു ഊറിച്ചിരിയാണ് ഇവിടെയും ഇതിഹാസകാരന്റെ മുഖത്ത്.)
മനുഷ്യസ്വഭാവത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് അറിയാൻ രാമായണം കിളിപ്പാട്ട് നമ്മെ സഹായിക്കുന്നു. പക്ഷേ, ഈ സഹായം ഉപയോഗപ്പെടണം എങ്കിൽ വെറുതെ ഒഴുക്കൻ വായന പോരാ, കുറച്ചൊരു ആലോചനയും അതിനു പിന്നാലെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.