കാലം മാറിയിട്ടും കോലം മാറാതെ
text_fieldsമന്ത്രിമാരും മന്ത്രിസഭകളും പണ്ടേ ഇവിടെ ഉണ്ടായിരുന്നു. രാജാവിന് പകരം മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഒക്കെയാണ് ഇപ്പോൾ എന്നേയുള്ളൂ. പക്ഷേ, സൂക്ഷിച്ചുനോക്കിയാൽ ഒരു കാര്യം മനസ്സിലാവും: മന്ത്രിസഭ യോഗങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളിൽ അന്നും ഇന്നും തമ്മിൽ വലിയ മാറ്റമൊന്നുമില്ല!
രാവണ മന്ത്രിസഭയുടെ ഒരു യോഗത്തിന്റെ ചിത്രം രാമായണത്തിൽ കാണുന്നത് ശ്രദ്ധിക്കുക. വാലിൽ തീ കൊളുത്തപ്പെട്ട ഹനുമാൻ ലങ്ക നഗരം മുഴുക്കെ ചുട്ടു പൊട്ടിച്ച് ഒരു കുഴപ്പവും കൂടാതെ തിരികെ പോയതിനെ തുടർന്ന് രാമനും വാനരസേനയും കടൽ കടന്ന് എത്തിയിരിക്കുന്നു എന്ന വാർത്തക്കു പിേമ്പയാണ് ഈ യോഗം ചേരുന്നത്. ഇനി എന്തു ചെയ്യണം എന്നാണ് ആലോചിച്ചു നിശ്ചയിക്കാൻ ഉള്ളത്.
മതിയായ അറിവും കഴിവും ഉള്ളവരാണ് മന്ത്രിമാർ. കരുത്ത് തെളിയിച്ച സൈന്യാധിപന്മാർ കൂടിയാണ് അവർ. ഇതൊന്നും പോരെങ്കിൽ എങ്ങനെയാണ് ഒരു നല്ല സഭ പെരുമാറേണ്ടത് എന്ന് രാവണൻ ആമുഖമായി വിശദീകരിക്കുന്നുമുണ്ട്. അദ്ദേഹം പറയുന്നു: സൗഹാർദപരമായ അന്തരീക്ഷത്തിൽ, എല്ലാവരും ഏക മനസ്സും ഏക ലക്ഷ്യവുമായി, സൃഷ്ടിപരമായി കൂടിയാലോചിച്ച് ഏകകണ്ഠമായി തീരുമാനം പറയുന്നത് ഉത്തമമായ ആലോചന. കുറച്ചൊക്കെ അഭിപ്രായ ഭിന്നതയും വാശിയേറിയ വാദവും ഒക്കെ നടന്നാലും അവസാനം സമഗ്രവും ശരിയുമായ തീരുമാനത്തിലെത്തി പിരിയുന്നത് മധ്യമമായ ആലോചന. അവനവന്റെ കഴിവ് തെളിയിക്കാൻ വേണ്ടിയോ രാജാവിനോട് കൂടുതൽ കൂറ് തനിക്കാണെന്ന് കാണിക്കാൻ വേണ്ടിയോ ദുർബോധനങ്ങൾ ഉന്നയിച്ച് ഒന്നും തീരുമാനിക്കാൻ ആകാതെ പിരിയുന്നത് അധമം.
ഈ ഗീർവാണമൊക്കെ വെറുതെ ആണെന്നും തനിക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ മട്ട് മാറും എന്നും എല്ലാവർക്കുമറിയാം! ധർമപത്നിയും അനിയന്മാരും കാരണവന്മാരും ഗുരുക്കളും ഒക്കെ നല്ലത് പറഞ്ഞപ്പോൾ വജ്രായുധം ഉറയൂരി വധിക്കാൻ ചെന്ന ആളാണ്. സീതയെ തിരിച്ചുകൊടുത്താലേ യുദ്ധം ഒഴിവാക്കാൻ പറ്റുകയുള്ളൂ എന്ന് പകൽവെളിച്ചം പോലെ വ്യക്തം. പക്ഷേ, എത്ര നല്ല ഭാഷയിൽ ആണെന്നാലും ഈ കാര്യം പറഞ്ഞാൽ പറഞ്ഞവന്റെ തല കഴുത്തിൽ ഉണ്ടാവില്ല!
അതുകൊണ്ട് അവർ രാവണന് പഥ്യമാകാവുന്നത് മാത്രം പറയുന്നു: ഇതിപ്പോൾ ഇത്ര ആലോചിക്കാൻ എന്തിരിക്കുന്നു! യമരാജാവിനെയും ദേവേന്ദ്രനെയും പോലും ജയിച്ച അങ്ങേക്ക് ഈ മഹാ പ്രപഞ്ചത്തിൽ ആരെയെങ്കിലും പേടിക്കേണ്ടതുണ്ടോ? വിരലോളം പോന്ന രണ്ടു മനുഷ്യരും കുറച്ച് കുരങ്ങന്മാരും കൂടി അങ്ങയോട് എന്ത് ചെയ്യാനാണ്! പോരെങ്കിൽ ഞങ്ങളൊക്കെ ഇല്ലേ ഇവിടെ, അങ്ങ് ഒരു വാക്ക് പറഞ്ഞാൽ ഞങ്ങൾ ഈ നിമിഷം പോയി അവരുടെ കഥ കഴിച്ച് മടങ്ങിവരാം. കൽപിച്ചാലും! കൽപിച്ചാലും!!
ഈ ആധുനിക കാലത്തും പരിഷ്കൃത ലോകത്ത് എവിടെയെങ്കിലും ഏതെങ്കിലും നാട്ടിൽ ഒരു മന്ത്രിസഭയിലെ ആരെങ്കിലും അവരുടെ മുഖ്യനോട് എതിർത്ത് ഒരു കാര്യം പറയാൻ മുന്നിട്ടു വരുമോ? ജനായത്തം ഒക്കെ ഇതാ ഇവിടെ വരെ എന്നല്ലേ? എന്നുെവച്ചാൽ തൊലിപ്പുറം വരെ!
മന്ത്രിസഭകളിൽ മാത്രമല്ല, എല്ലാ നയരൂപവത്കരണ ചർച്ചകളിലും ഇതുതന്നെയാണ് മുറ. ബന്ധപ്പെട്ട അധികാരി തീരുമാനം ഒക്കെ നേരേത്ത എടുത്തിരിക്കും. കൂടിയാലോചിച്ചേ ചെയ്യാവൂ എന്നു പറയുന്ന നിയമത്തെ മറികടക്കാൻ ഒരു വെറും നാടകം. ഇത് എല്ലാവർക്കും അറിയാവുന്നതുകൊണ്ട് ചായയും സ്നാക്സും കഴിച്ച് അംഗങ്ങൾ യാത്രപ്പടിയും വാങ്ങി അവരുടെ പാട്ടിന് സ്ഥലംവിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.