കടക്കാനുള്ള കടലുകൾ
text_fieldsപ്രപഞ്ചത്തിന്റെ നടത്തിപ്പിൽ വന്നുപെട്ട കോറുകേടുകൾ തീർക്കാനുള്ള ശ്രമത്തിന്റെ കൂടെ നിൽക്കുന്ന വാനരപ്പടക്കുള്ള അത്ഭുത സിദ്ധികളുടെ പൊരുൾ ഒന്നുകിൽ ഒരു പത്തുവയസ്സുകാരനോ അല്ലെങ്കിൽ ഒരു ദാർശനികനോ മാത്രമേ മനസ്സിലാവൂ.
അതിവിസ്തൃതമായ കടൽ ഹനുമാൻ ചാടിക്കടക്കുകയാണല്ലോ. ലോകമാതാവിനെ, അതായത് തങ്ങളുടെ അമ്മയെ, ആസുരശക്തികൾ ബലമായി പിടിച്ചുകൊണ്ടുപോയി തടവിൽ വെച്ചിരിക്കുന്നത് എവിടെയാണെന്ന് അറിയാനാണ് ഈ ചാട്ടം.
ഹനുമാന് ഉള്ള കഴിവുകളുടെ പരിമിതി ചാരം മൂടി കിടക്കുന്ന കനൽപോലെയാണ് എന്നതാണ് മറ്റൊരു വിശേഷത. സ്വയം പ്രകടമാകുന്നത് അല്ല അത്. മറ്റാരെങ്കിലും അത് അവിടെ ഉണ്ട് എന്ന് ചൂണ്ടിക്കാണിക്കുകയും അതിന്റെ ശേഷി എത്ര എന്ന് ഹനുമാനെ വീണ്ടും വീണ്ടും പറഞ്ഞ് ഓർമിപ്പിക്കുകയും വേണം! ഊതിയൂതി കത്തിക്കുന്നപോലെ.
കടൽ ചാടാൻ ആർക്ക് കഴിയും എന്ന് കണ്ടുപിടിക്കാൻ വാനരന്മാർ ഗൗരവപൂർവം കൂടി ആലോചിക്കുമ്പോൾ ഒന്നും മിണ്ടാതെ മാറി ഇരിക്കയായിരുന്നു ഹനുമാൻ. ആ അത്ഭുതജന്മത്തിന്റെ എല്ലാ കഴിവുകളും അറിയാവുന്ന കാരണവരായ ജാംബവാന് ഈ പരിമിതിയും അറിയാം. അദ്ദേഹം ഹനുമാൻ പണ്ടു ചെയ്ത സാഹസിക കൃത്യങ്ങൾ എണ്ണിപ്പറഞ്ഞ് ഓർമിപ്പിക്കുന്നു. പിന്നെ നാം കാണുന്നത് ചിതൽ പുറ്റിൽനിന്ന് ഹിമാലയപ്രായത്തിലേക്കുള്ള ഹനൂമാന്റെ തൽക്ഷണ വളർച്ചയാണ്.
പ്രതീകാത്മകമായ അർത്ഥത്തിൽ ഈ കടൽ ആത്യന്തികമായ അറിവിലെ ഒരു വൻവിടവാണ്. ശേഷിയുള്ള ഒരാൾക്ക് അത് ചാടിക്കടക്കാൻ കഴിഞ്ഞു എന്ന് വരാം. പക്ഷേ, അങ്ങനെ പൂരിപ്പിച്ച് കിട്ടുന്ന അറിവ് ലോകത്ത് സർവസാധാരണമാക്കാൻ എല്ലാവർക്കും പോകാവുന്ന ഒരു പാലം തന്നെ കെട്ടിയേ തീരൂ.
ഇതാണ് പിന്നീട് സംഭവിക്കുന്നത്.പ്രപഞ്ച ശിൽപിയുടെ പുത്രനാണ് അതിന്റെ രൂപരേഖ തയാറാക്കുന്നത്. പ്രകൃതിയെ ഒരുതരത്തിലും ഉപദ്രവിക്കാത്ത നിർമിതിയാണ് അത്. പക്ഷികൾ മുതൽ അണ്ണാറക്കണ്ണന്മാർ വരെ അതിന്റെ സാക്ഷാത്കാരത്തിൽ പങ്കുചേരുന്നു. അചര പ്രകൃതിയും ചരപ്രകൃതിയും തോളോടു തോൾ ചേർന്നാണ് നിർമിതി.പ്രകൃതിയെ അവമതിക്കുന്നവർക്ക് മോക്ഷം കൊടുക്കലാണ് രാമന്റെ നിയോഗം. താടക തൊട്ട് തുടങ്ങുന്നു ഇത്.
സീതാകല്യാണത്തിലൂടെ രാമൻ പ്രകൃതിയുടെ സംരക്ഷ ഏറ്റെടുക്കുന്നു. ഭാവി ദൗത്യം അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്. ആൾ മാറാതിരിക്കാനാണ് ഒരു വിൽ മുറിക്കൽ പരീക്ഷ.അതു കഴിഞ്ഞു വരുമ്പോഴാണ് അതിനു മുൻപുള്ള അവതാരത്തിന്റെ ശിഷ്ട ശക്തികൂടി മറ്റൊരു പരീക്ഷണത്തിലൂടെ ഏറ്റുവാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.