എവിടെ ആ ചിരഞ്ജീവി?
text_fieldsഹനൂമാൻ ചിരഞ്ജീവിയാണ്. എന്നുവെച്ചാൽ, പ്രപഞ്ചം ഉള്ള കാലം വരെ മരണമില്ല. ആകട്ടെ, എന്നിട്ട് ഈ കാലങ്ങളിൽ ആ ഹനൂമാൻ എവിടെ? കൗമാരപ്രായം കഴിഞ്ഞപ്പോൾ എനിക്ക് ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം ഇതായിരുന്നു. അതിന് മുത്തശ്ശൻ തന്ന ഉത്തരം കൂടി ഇനി പങ്കുവെക്കാം. കപിലമുനിയുടെ സാംഖ്യശാസ്ത്രപ്രകാരം പ്രകൃതിക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന് ദേഹമായിത്തീരുന്നു, മറ്റേത് ജീവനായും. ആദ്യത്തേതിന് എട്ടാണ് ഘടകങ്ങൾ.
പദാർഥത്തിന്റെ ഖന, ദ്രവ, ബാഷ്പ രൂപങ്ങൾ, ആകാശം അഥവാ സ്പേസ്, ഈ നാലും തമ്മിലുള്ള ഊർജ്ജ വിനിമയം അഥവാ അഗ്നി, മനസ്സ്, ബുദ്ധി, അഹങ്കാരം അഥവാ ഞാൻ എന്ന ഭാവം (അഹന്ത അല്ല). ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ജീവനായി എല്ലാ ദേഹങ്ങളിലും കുടികൊള്ളുന്നതാണ് മറ്റേ ഭാഗം. മനുഷ്യരിൽ ഞാനെന്ന ഭാവം മറ്റുള്ള എല്ലാത്തിനെയും ഭരിക്കുന്നു. അപ്പോൾ, സാധാരണഗതിയിൽ, ബാക്കിയുള്ള ഏഴു കാര്യങ്ങളുടെ കഴിവുകളെ പരിമിതമായേ പ്രയോഗത്തിൽ വരുത്താൻ ആവൂ. എന്നാലോ, നിയന്ത്രണാധികാരം പരിശീലനംകൊണ്ട് ജീവന് നൽകാൻ സാധിക്കും. പിന്നെ പരിമിതികളില്ല. അതിനുള്ള വഴിയാണ് യോഗവിദ്യ. അപ്പോഴും പക്ഷേ ഓർക്കാപ്പുറത്ത് നിയന്ത്രണം കൈവിട്ടു പോവാം.
എന്നാൽ, ജന്മനാതന്നെ ജീവനാണ് നിയന്ത്രണാധികാരം എങ്കിൽ ജീവന്റെ മൂലസ്രോതസ്സായ അടിസ്ഥാനസത്ത ഉൾപ്പെടെ എല്ലാറ്റിനെയും വരുതിയിൽ കൊണ്ടുവരാം. അങ്ങനെ ഒരു വർഗത്തെ സങ്കൽപിച്ചിരിക്കുകയാണ് ആദികവി. അതാണ് വാനരവംശം. അടിസ്ഥാന ഊർജ്ജവുമായി ഇവർ എപ്പോഴും നിരുപാധിക ഭക്തിയിലൂടെ ഏകീഭവിച്ചാണിരിക്കുക. അതിനാൽ, ഇവർക്ക് എന്ത് അത്ഭുതവും കാണിക്കാം, കൽപാന്തകാലം വരെ മരണവുമില്ല.
ഇവർ മനുഷ്യരിൽതന്നെ ജീവിക്കുന്നുണ്ട് എന്നാണ് മഹർഷി തുടർന്നു സൂചിപ്പിക്കുന്നത്. യോഗം, സാംഖ്യം എന്ന രണ്ടു വിദ്യകളാണ് മനുഷ്യജീവിത സാക്ഷാത്കാരത്തിന് വേദാന്തദർശനം നിർദേശിക്കുന്നത്. രണ്ടും ഒന്നു തന്നെയാണെന്നും ഏതെങ്കിലും ഒന്നുകൊണ്ട് രണ്ടിന്റെയും ഫലം ഉണ്ടാകും എന്നുകൂടിയും പറയുന്നു. ഇതു രണ്ടുമോ ഏതെങ്കിലും ഒന്നോ ഉപയോഗിച്ച് അവനവന്റെയും പ്രപഞ്ചത്തിലേയും എല്ലാ കോറുകേടുകളും തീർക്കാം എന്നാണ് ഫലശ്രുതി. രണ്ട് ഇതിഹാസങ്ങളും ഈ കാര്യം അടിവരയിടുന്നു.
യോഗമോ സാംഖ്യമോ വേദാന്തം മൊത്തമായോ നാമിന്ന് അറിയുന്ന അർഥത്തിൽ മതമല്ല എന്നുകൂടി ധരിച്ചാൽ ചിത്രം പൂർത്തിയായി. ഗീത പറയുന്ന അവസാനവാക്ക് ഇങ്ങനെയാണ്: എല്ലാം നന്നായി വിലയിരുത്തി ഏതാണ് ശരി എന്ന് സ്വയം കണ്ടെത്തി അത് അംഗീകരിക്കുക. ഇങ്ങനെതന്നെ ചെയ്യാൻ മറ്റുള്ളവർക്കും സ്വാതന്ത്ര്യമുണ്ട് എന്നുകൂടി കരുതിക്കോളുക. പിന്നെ എല്ലാം മംഗളം ശുഭം!!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.