ആന്തരിക രാമായണം
text_fieldsരാമായണം എവിടെയോ ഏതോ കാലത്ത് നടന്ന ഒരു കാര്യമായിട്ടോ ഒരു യഥാർഥ സംഭവത്തിന്റെ എല്ലിൻകൂടിന്മേൽ പണിത വളരെ മനോഹരമായ ഒരു കഥാശിൽപമായിട്ടോ യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത ഒരു ഭാവനാസൃഷ്ടി ആയിട്ടോ ഒക്കെയാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഏതു കാഴ്ചപ്പാടാണ് ശരി എന്ന കാര്യത്തിൽ വാശിയേറിയ തർക്കങ്ങളും നിലവിലുണ്ട്. ശരി എങ്ങനെ ആയിരുന്നാലും രാമായണത്തെ നമ്മുടെ ഓരോരുത്തരുടെയും അകത്തു നടക്കുന്ന കാര്യമായിട്ടു കൂടി കാണാം. ആജീവനാന്തം നീളുന്ന ഒരു അനുഭവമായിട്ടാകാം, പലപ്പോഴായി സംഭവിക്കുന്ന പല പല ഇടപാടുകളായിട്ടും ആവാം.
മനുഷ്യന് അനുഭവിക്കാൻ കിട്ടുന്ന ഏറ്റവും വലിയ ആനന്ദം ശുദ്ധമായ ബോധത്തിന്റെതാണ്. പാരുഷ്യവും കാലുഷ്യവും ഇല്ലാത്ത സന്തോഷം. അതാണ് നമ്മുടെ യഥാർഥ സത്ത. പ്രായപൂർത്തിയാകുമ്പോൾ ദുർഘടങ്ങളായ പരീക്ഷകൾക്ക് ഒടുവിൽ നമുക്ക് ആന്തരികമായ സ്ഥായീഭാവമായ അത് കണ്ടുകിട്ടുന്നു. അഥവാ, കിട്ടണം. അതിനെ വേൾക്കണം. പ്രാണതുല്യമായ നിധിയാണ്. കൺമണി പോലെ കാത്തോളണം. പക്ഷേ, ദുഷ്ടജന്തുക്കളുടെ സ്വാഭാവികസാന്നിധ്യമുള്ള ജീവിതദണ്ഡ കാരണ്യത്തിലൂടെ മുന്നോട്ടു പോകുമ്പോൾ പലപ്പോഴും ദുർവികാരങ്ങളെന്ന രാക്ഷസന്മാർ അതിനെ ഉപദ്രവിക്കാൻ വരുകയോ തട്ടിയെടുക്കുകതന്നെയോ ചെയ്യുന്നു. അൽപം ശ്രദ്ധക്കുറവ് വരുന്ന ഏതെങ്കിലും നിമിഷത്തിൽ ആവാം ഇത്.
ഇത്തരം രാക്ഷസന്മാരുടെ രാജാവായ രാവണൻതന്നെ ആകാം ഈ ഹീനകൃത്യം നിർവഹിക്കുന്നത്. തനിക്ക് അനുഭവിക്കാനാണ് മോഷ്ടിക്കുന്നത് എങ്കിലും കൈക്കലായാലും വഴങ്ങാത്തതായതുകൊണ്ട് മോഷ്ടാവിനത് അപ്രാപ്യമായി തന്നെ തീരുകയും ചെയ്യുന്നു. ധർമത്തിന് വിരുദ്ധമായ കാമമാണ് ദുർവികാരങ്ങളുടെ രാജാവ്. എന്നുവെച്ചാൽ കണ്ണില്ലാക്കാമം തന്നെ. നാട്ടിൽ പെരുകിവരുന്ന അതിക്രമങ്ങളുടെ കാര്യംതന്നെ നോക്കൂ. ഇതിലെ പ്രതികൾ ആരും ജന്മനാ കുറ്റവാളികളൊന്നും ആകണമെന്നില്ല. ഏതോ ചില സാഹചര്യങ്ങളിൽ അവരുടെ ബോധമണ്ഡലത്തിലെ നീതിനിഷ്ഠയെ നിരങ്കുശമായ കാമം തകിടം മറിക്കുന്നു.
പക്ഷേ, നമ്മൾ പുറത്തുകാണുന്നത് ഈ മഹാവിപത്തെന്ന പടുകൂറ്റൻ മഞ്ഞുകട്ടയുടെ ഒരു ചെറിയ ശിഖരം മാത്രമാണ്. എത്രയോ പേരിൽ അധമ വികാരങ്ങൾ അനുനിമിഷം സുബോധത്തെ കവരാൻ ശ്രമം നടത്തുന്നു. ഉടനടി അവനവനിലെ കാവൽക്കാർ തടയുന്നതുകൊണ്ട് ദുരന്തമൊന്നും സംഭവിക്കുന്നില്ല. സത്യത്തിൽ ഈ ഓരോ സംഭവവും ഓരോ രാമരാവണയുദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.