യുദ്ധവും സമാധാനവും
text_fieldsലങ്കയിൽ അരങ്ങേറുന്നത് രണ്ടു കാഴ്ചപ്പാടുകൾ തമ്മിലെ അങ്കമാണ്. പ്രകൃതിസഹജവും പ്രകൃതിവിരുദ്ധവും എന്ന് ഈ കാഴ്ചപ്പാടുകളെ വിശേഷിപ്പിക്കാം. ഒരു അതിരുവരെ പ്രപഞ്ചശക്തിയെ നല്ലതിനും ചീത്തക്കും ഒരുപോലെ ഉപയോഗിക്കാമല്ലോ. സൃഷ്ടികർത്താവിന്റെ ൈകയിൽനിന്നും പരമശിവന്റെ പക്കൽനിന്നും ഒക്കെ രാവണൻ തപസ്സു ചെയ്ത് വിശിഷ്ടായുധങ്ങൾ നേടിയിരിക്കുന്നു.
ആധുനികകാലത്തേക്കു നോക്കൂ. മെഗാട്ടൺ ബോംബുകൾ രൂപകൽപന ചെയ്യാൻ രാപ്പകൽ ധ്യാനനിരതനായി ഇരിക്കുന്ന ശാസ്ത്രജ്ഞനും തപസ്സു തന്നെയാണ് ചെയ്യുന്നത്. ആ തപസ്സുകൊണ്ട് താൻ നേടുന്ന വിദ്യ കോടിക്കണക്കിന് നിരപരാധികളെ കൊല്ലുമെന്ന കാര്യം അദ്ദേഹത്തിന് അറിയാം, പക്ഷേ ധനവും അധികാരവും ആണ് പ്രലോഭിപ്പിക്കുന്നത്. ഇതു രണ്ടും നേടാനുള്ള പൂതിയുടെ മറ്റൊരു പേരാണ് കാമം. ഇതുതന്നെയാണ് ഒരു വൈറോളജി ലാബിൽ ആർക്കും തടുക്കാനും ചികിത്സിക്കാനും ആകാത്ത ഒരു മഹാദുഷ്ടവൈറസിനെ നിർമിച്ചെടുക്കാൻ അഹോരാത്രം സൂചിമുനയിൽ നിന്നു ധ്യാനിക്കുന്ന മഹാപണ്ഡിതനെയും പ്രചോദിപ്പിക്കുന്നത്. പക്ഷേ, ഇവിടെ ഇതൊന്നും അല്ല വേണ്ടത് എന്ന് കരുതുന്നവരും ഇവരും തമ്മിൽ ഒരു അവസാന യുദ്ധം യഥാർഥ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല. ഇവരുടെ മനസ്സിൽ നടക്കുന്ന അങ്കങ്ങൾ തങ്ങൾ ചെയ്യുന്നത് ഹീനമാണ് എന്ന വെളിപാട് ഇല്ല. അതിനാൽ രാവണശക്തിവർധനം ഇപ്പോഴും മുറപോലെ നടന്നുകൊണ്ടേ ഇരിക്കുന്നു!
പ്രകൃതിശക്തികളെ തന്നെയാണ് രാവണൻ രാമനുനേരെ അസ്ത്രങ്ങളായി പ്രയോഗിക്കുന്നത് -അഗ്നി മുതൽ സർപ്പവിഷം വരെ. ഈ അസ്ത്രങ്ങളെയൊക്കെ തടുക്കുകയും നിർവീര്യമാക്കുകയും മാത്രമാണ് രാമൻ ആദ്യത്തിൽ ചെയ്യുന്നത്. ഫലപ്രദമായ പ്രതിരോധം സാധിച്ചതിൽ പിന്നെ അധികശേഷിയുള്ള ദിവ്യാസ്ത്രങ്ങൾ പുറത്തെടുക്കുന്നു. പോര് മുന്നേറുമ്പോൾ പ്രകൃതിയുടെ രണ്ടു മുഖങ്ങളും കൂടുതൽ തെളിയുന്നു. ഞാൻ കുട്ടിക്കാലത്ത് മനസ്സിൽ കണ്ട രാമായണയുദ്ധവും ഇപ്പോൾ മനസ്സിൽ കാണുന്ന യുദ്ധവും തമ്മിൽ ഉള്ള അന്തരം ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ ഈ കാവ്യത്തിന് നടത്താൻ കഴിയുന്ന മഹാ സംഭാവനയുടെ അളവ് എന്നെത്തന്നെ ബോധ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.