ഭേദം ഒട്ടുമില്ലാതെ
text_fieldsഭേദം ഒട്ടുമില്ലാതെജാതിയോ വർണമോ ലിംഗമോ വംശമോ ദേശമോ ഒന്നും ഭേദമില്ലാതെയാണ് ശ്രീരാമന്റെ ഇടപെടലുകൾ. കളങ്കിതമായ അവസ്ഥയിൽനിന്ന് അദ്ദേഹം വിശുദ്ധിയിലേക്ക് ഉയർത്തുന്നത് അർഹത എന്ന ഒറ്റ കാര്യത്തെ അടിസ്ഥാനപ്രമാണമായി എടുത്താണ്. ശബരി ആയാലും അഹല്യ ആയാലും ശാപഗ്രസ്തരായ ഗന്ധർവന്മാർ ആയാലും ഒരു ഭേദവുമില്ല. മിത്രങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും സഖ്യത്തിൽ ഏർപ്പെടുമ്പോഴും എല്ലാം മുറ ഇതുതന്നെ.
ഭരതനെ എന്നപോലെ തന്നെയാണ് ഗുഹൻ എന്ന വനരാജാവിനെയും ആശ്ലേഷിക്കുന്നത്. ജഡായുവിനു കിട്ടുന്നതും ഇതേ ആശ്ലേഷവും പരിചരണവും. ശിരസ്സ് പൊക്കി മടിയിൽ വെച്ച് തടവിയാണ് മരണവേദന സഹിക്കാൻ ജടായുവിനെ സഹായിക്കുന്നത്. സഹായമഭ്യർഥിച്ച് ആർ വന്നാലും നോക്കുന്നത് അർഹത മാത്രം. സുഗ്രീവനു വേണ്ടി ഹനൂമാൻ വന്നപ്പോഴും ബാലിയിൽനിന്ന് രക്ഷിക്കാൻ സുഗ്രീവൻ അപേക്ഷിച്ചപ്പോഴും ധാർമികതയുടെ തുലാസിന്റെ സൂചിയിൽ മാത്രമേ ശ്രീരാമൻ നോക്കിയുള്ളൂ.
വിഭീഷണന്റെ കാര്യം ഒന്നു പ്രത്യേകവുമാണ്. സാക്ഷാൽ മുഖ്യ ശത്രുവായ രാവണന്റെ നേർസഹോദരനാണ്, മായാവിയായ രാക്ഷസനാണ്, ചതി അല്ല ലക്ഷ്യം എന്ന് നിശ്ചയിക്കാൻ പ്രയാസമാണ് എന്നൊക്കെ സുഗ്രീവൻ താക്കീത് ചെയ്യുന്നു. ഉറക്കത്തിലെങ്കിലും കൊല്ലാൻ പ്ലാനിട്ടിട്ടുണ്ടാവും എന്നാണ് സൂചന. എന്തു വന്നാലും, രക്ഷ തേടി വരുന്നവരെ കൈയൊഴിയലല്ല ധർമം എന്ന നിലപാടിൽ രാമൻ ഉറച്ചുനിൽക്കുന്നു. തന്നെയോ സീതയെയോ ഉപദ്രവിച്ചവരോട് പോലും, അവർ രാമബാണത്തിൽനിന്ന് രക്ഷപ്പെടാൻ നിവൃത്തിയില്ലാതെ, അവസാനം ഓടിത്തളർന്നു വന്ന് കാൽക്കൽ വീഴുമ്പോൾ, ദയ കാട്ടാൻ രാമൻ അൽപവും മടിക്കുന്നില്ല.
മനുഷ്യസമത്വം പോലുമല്ല സർവ ജീവിസമത്വമാണ് രാമായണം കിളിപ്പാട്ട് അംഗീകരിക്കുന്നത്. വാനരന്മാരെ സന്തോഷിപ്പിച്ചാൽ തനിക്കു സന്തോഷമായെന്നു രാമൻ പ്രഖ്യാപിക്കുന്നിടം വരെ എത്തുന്നു ആ തുല്യതയുടെ മാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.