അറിവ് എന്ന ഒറ്റമൂലി
text_fieldsമേലാള കീഴാള ഭേദം ഉൾപ്പെടെ ദുരാചാരം നിറഞ്ഞ വ്യവസ്ഥിതിയെ അല്ല മനുഷ്യാവസ്ഥയിൽ നേടാവുന്ന വിവേകത്തെയാണ് എഴുത്തച്ഛൻ കരുപ്പിടിപ്പിക്കാൻ ശ്രമിച്ചത്. എല്ലാ ഉപനിഷത്തുകളിലും കാതലായി ഉള്ള ദർശനം വളരെ സരളമായി അദ്ദേഹം പ്രതിപാദിക്കുന്നു. ഈ ലോകം എന്ന ആഴക്കടലിൽ നിന്നു പൊറുക്കാൻ വേണ്ടുന്ന വകതിരിവ് കണ്ടെത്താനുള്ള കൈസഹായം.
അദ്ദേഹം അവതരിപ്പിക്കുന്ന വേദാന്തം ഏത് കൊച്ചുകുട്ടിക്കും മനസ്സിലാവും. അത് ഇങ്ങനെയാണ്: ഈ പ്രപഞ്ചത്തിന് അടിസ്ഥാനമായി ശാശ്വതമായ ഒരു ഊർജം ഉണ്ട് എന്ന് തീർച്ച, ആ ഊർജം പ്രപഞ്ചത്തിലെങ്ങുമുണ്ട്, അതിനാൽ എന്നിലുമുണ്ട് എന്ന കാര്യവും അത്രതന്നെ ഉറപ്പ്. അപ്പോൾ അതാണ് എന്നിലെ ശാശ്വതമായ ഞാൻ. അല്ലാതെ ജനനമരണങ്ങൾ ഉള്ള ഈ ശരീരം അല്ല. ആ ഊർജത്തിന്റെ ആവിഷ്കാരമാണ് ഈ ദേഹം. ഒരു പ്രവാഹത്തിലെ ഒരു കണം പോലെ ഉള്ള ഇതിന് നൈസർഗികമായ ചില പ്രവൃത്തികൾ ചെയ്യാനുണ്ട്. ഗുണദോഷങ്ങൾ നോക്കാതെ അതിൽ മുഴുകുക. ഞാൻ ആ ഊർജം ആണ് എന്ന ബോധം ഊട്ടിയുറപ്പിക്കുക. തോൽവി എന്നോ സങ്കടം എന്നോ ഒന്നും പിന്നെ ഇല്ല.
വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളുമൊക്കെ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത് എന്നും സാധാരണക്കാർക്ക് ഇവ എങ്ങനെ മനസ്സിലാക്കിക്കൊടുക്കാം എന്നും കാണിക്കുക കൂടിയാണ് മഹാജ്ഞാനിയായ എഴുത്തച്ഛൻ.
പ്രപഞ്ചത്തിലെ അടിസ്ഥാന ഊർജവുമായി തന്മയീഭാവം കൈവരിക്കുകയാണ് മനുഷ്യ ജന്മത്തിന്റെ സാഫല്യം എന്ന് വേദാന്തം പറയുന്നു. അതിന് മൂന്നു വഴികൾ നിർദേശിക്കുന്നു. ഒന്ന് അത്യന്തികമായ അറിവ് നേടൽ. ആ അറിവ് തന്നെയാണ് ഈശ്വരൻ. രണ്ട്, എല്ലാ പ്രവൃത്തികളും തന്നെത്തന്നെയും പ്രപഞ്ചത്തിലെ അടിസ്ഥാന ഊർജത്തിൽ സമർപ്പിക്കുക. നൂറുശതമാനവും നിസ്വാർഥനാവുക. മൂന്ന്, അടിസ്ഥാന ഊർജത്തോട് നിരുപാധികമായ പ്രിയം വളർത്തിയെടുക്കുക. ഈ മൂന്നാമത്തെതിനെയാണ് ഭക്തിയോഗം എന്ന് പറയുന്നത്. മൂന്നു വഴികളും ഒപ്പം സ്വീകരിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം ഇവ മൂന്നും പരസ്പരപൂരകങ്ങളാണ്. കൂട്ടത്തിൽ ഏറ്റവും എളുപ്പം ഭക്തിയോഗമാണ് എന്നും പറയപ്പെടുന്നു. ഇന്ത്യയിൽ ഉടലെടുത്ത ഭക്തിപ്രസ്ഥാനം ഇതിന്റെ വെളിച്ചത്തിലാണ് ശ്രദ്ധേയമാകുന്നത്. ദൈവത്തിനെ അറിയാൻ അർഹതയില്ലാത്തവർ എന്ന് പറയപ്പെട്ട വിഭാഗങ്ങളായിരുന്നു ഇതിന്റെ പ്രണേതാക്കളും പ്രയോക്താക്കളും. ഇതിലൂടെയാണ് ഉപനിഷത്തുകൾ ഇന്ത്യയിലെ സാമാന്യജനങ്ങളിലേക്ക് ഇറങ്ങി എത്തിയത്. ഇവരെ ആദരവോടെ ഓർക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.