ബന്ധങ്ങളുടെ ഇതിഹാസം
text_fieldsമനുഷ്യനും പ്രകൃതിയും ചരാചരങ്ങളുമെല്ലാം കണ്ണിചേരുന്ന വലിയൊരു ആഖ്യാനപാരമ്പര്യത്തിെൻറ ഉൽപന്നമാണ് രാമായണം. ഓരോ കഥാപാത്രത്തിനും അതിൽ നിർണായകമായ സ്ഥാനമുണ്ട്. രാമായണത്തിലെ കഥകളും കഥാപാത്രങ്ങളും അവക്കുവേണ്ടിമാത്രം ഉള്ളതല്ല. അവയെല്ലാം പ്രതിനിധാനപരങ്ങളാണ്, ബഹുസ്വരതയുടെ നാനാർഥങ്ങളെ അതിെൻറ എല്ലാ സാധ്യതകളോടും പ്രകാശിപ്പിക്കുന്നവയാണ്.
വേദാർഥങ്ങളെ വിശദീകരിക്കുന്നവയാണ് പുരാണേതിഹാസങ്ങൾ. അതിൽ വ്യക്തിബന്ധങ്ങൾക്ക് മിഴിവും ഹൃദ്യതയും മുൻതൂക്കവുമേകുന്നത് രാമായണമാണ്. മാതാപിതാക്കളും സന്താനങ്ങളും തമ്മിൽ, രാജാവും പ്രജകളും ഇതര രാജ്യ ഭരണാധികാരികളും തമ്മിൽ, ഭക്തരും ഭഗവാനും തമ്മിൽ, സഹോദരങ്ങൾ, ദമ്പതിമാർ, സ്ത്രീപുരുഷന്മാർ, ഗുരുശിഷ്യന്മാർ, വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർ തമ്മിലുള്ള ബന്ധങ്ങൾ അതിൽ ചിത്രീകരിക്കുന്നുണ്ട്.
ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകൾ എങ്ങനെ വിനാശത്തിലേക്ക് നയിക്കുമെന്നും അത് കാണിച്ചുതരുന്നു. അസ്തിത്വത്തിെൻറ ആയോജകബന്ധങ്ങൾ വരച്ചുകാണിക്കുമ്പോൾത്തന്നെ അതിെൻറ ധാർമികവും നൈതികവുമായ പ്രായോഗിക നിലപാടുകളിൽ മാതൃകാ പുരുഷോത്തമനെന്നും ധർമനിഷ്ഠനെന്നും പുകൾപെറ്റവർക്കുപോലും സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകളും രാമായണത്തിലുണ്ട്. ബാലിവധവും അഗ്നിപരീക്ഷയും സീതാപരിത്യാഗവും ശംബൂകവധവുമെല്ലാം അതിൽപ്പെടുന്നു.
ഇവയെ ന്യായീകരിക്കുന്നത് ഇതിഹാസകാലത്തെ സാമൂഹികാന്തരീക്ഷത്തെ, ധാർമികബോധത്തെ, മൂല്യവീക്ഷണങ്ങളെ വർത്തമാനകാല ജനാധിപത്യബോധത്തിലേക്ക് വകതിരിവില്ലാതെ ഇറക്കുമതിചെയ്യുന്ന വിക്രിയയാണ്. ഇങ്ങനെ ചെയ്തികളെ വികലമായി ന്യായീകരിച്ചും വക്രീകരിച്ചും ഉണ്ടായ പാരായണങ്ങളാണ് വർണപരവും ജാതീയവും വംശീയവുമായ ഉച്ചനീചത്വങ്ങളിലേക്ക് വഴിതുറന്നതും ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയതും. ഇത്തരം പുനരുജ്ജീവനവാദങ്ങൾ നവോത്ഥാനമൂല്യങ്ങളെ നിർവീര്യമാക്കി പാർശ്വവത്കരണത്തെ ശക്തിപ്പെടുത്തുന്നതിനും ഏകാധിപത്യത്തിലേക്കും മതരാഷ്ട്രത്തിലേക്കും ജനതയെ നയിക്കുന്നതിനും മാത്രമേ ഉപകരിക്കൂ.
ഇതിഹാസകൃതികളിൽ അന്തർലീനമായ, എക്കാലത്തും എവിടെയും ഒരുപോലെ പ്രസക്തമായ മൂല്യവീക്ഷണങ്ങൾകൊണ്ടുതന്നെ ഇത്തരം ക്ഷുദ്രപ്രവണതകൾ നിവാരണം ചെയ്യാം. ലോകത്തിലെ വിവിധ സമൂഹങ്ങളിൽപ്പെട്ടവരെ, വിരുദ്ധാശയങ്ങൾ ഉൾക്കൊള്ളുന്നവരെ വിവേചനങ്ങളില്ലാതെ സ്വാംശീകരിച്ച സമ്പന്നമായ ഐതിഹാസികജീവിതമാണ് രാമായണത്തിനുള്ളത്. ദൃഢവും സുതാര്യവും ആത്മാർഥവുമായ ബന്ധം സകലചരാചരങ്ങളുമായി ഊട്ടിയുറപ്പിക്കേണ്ട അനിവാര്യത അത് ബോധ്യപ്പെടുത്തുന്നു.
കരുതലിെൻറയും സുരക്ഷയുടെയും ഭാഗമായി ആവരണങ്ങളിലേക്ക് പോകേണ്ടി വന്നെങ്കിലും മനസ്സാക്ഷിയുടെ കൈയൊപ്പു പതിഞ്ഞ, സ്വാഭാവിക നൈർമല്യമാർന്ന പെരുമാറ്റങ്ങളെ, ഇടപെടലുകളെ, ബന്ധങ്ങളെ സമൂഹത്തോടും ആവാസവ്യവസ്ഥയോടും സാർഥകമായി സംയോജിപ്പിച്ച് പുതിയൊരു സമൂഹസൃഷ്ടിക്ക് രാമായണമുൾപ്പെടെയുള്ള ലോകോത്തരകൃതികളുടെ സന്ദേശമുൾക്കൊണ്ട് നമുക്ക് പ്രവർത്തിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.