രാമായണ പാരായണം; സാംസ്കാരികവും വൈകാരികവുമായ ഐക്യം ഊട്ടിയുറപ്പിക്കാൻ സഹായകരം
text_fieldsമനുഷ്യജന്മത്തിന്റെ ലക്ഷ്യമെന്താണെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയുക അസാധ്യമാണ്. ഇതിന്റെ ഉത്തരം തേടി ധാരാളം മഹാൻമാർ അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ട്. പിറവി മുതൽ മരണം വരെ ലക്ഷ്യം തേടി മനുഷ്യൻ പാഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രകൃതിയോട് മല്ലടിച്ച് ദിനരാത്രങ്ങൾ നീക്കിക്കൊണ്ടേയിരിക്കുന്നു.
ചിലർ വിജയിക്കുമ്പോൾ മറ്റുള്ളവർ തോൽവിയറിയുന്നു. ഇത്തരം സമ്മിശ്രമായ അനുഭവങ്ങളിൽനിന്നും യഥാർഥ ലക്ഷ്യബോധം വീണ്ടെടുത്ത് കരുത്തോടെ ജീവിതം മുന്നോട്ട് നയിക്കാൻ രാമായണം സഹായകരമാണ്. രാമന്റെ അയനമാണ് രാമായണം. ശ്രീരാമൻ എന്ന ധർമിഷ്ഠനായ രാജാവിന്റെ കഥ.
ആധുനിക സാങ്കേതികവിദ്യകൾ ഒഴിച്ചുനിർത്തിയാൽ ഇന്നു സംഭവിക്കുന്ന എല്ലാ വിഷയങ്ങളും രാമായണത്തിൽ പറഞ്ഞുപോകുന്നുണ്ട്. ധർമവും അധർമവും തമ്മിലുള്ള സംഘർഷങ്ങളും അതിലെ ജയപരാജയങ്ങളും രാമായണത്തിൽ വിശദീകരിക്കപ്പെടുന്നു. സത്യം, നീതി, കാരുണ്യം തുടങ്ങിയ മൂല്യങ്ങൾ രാമന്റെ മുഖമുദ്രയായിരുന്നു.
എല്ലാ സംസ്കാരങ്ങളേയും ഉൾക്കൊള്ളാനും അവയെ സ്വീകരിക്കാനും സാഹോദര്യത്തോടെ സൂക്ഷിക്കാനും ശ്രീരാമൻ ശ്രദ്ധിച്ചിരുന്നു. എല്ലാവിധ കഠിനാനുഭവങ്ങളെയും രാമൻ മന്ദസ്മിതത്തോടെയാണ് സ്വീകരിച്ചത്. നമ്മുടെ ജീവിതത്തിലെ തിരിച്ചടികൾക്ക് നാം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. രാമന്റെ ജീവിതമാതൃക എല്ലാവരും സ്വീകരിക്കുകയാണെങ്കിൽ എത്ര നന്നായിരുന്നു.
ഭാരതീയസംസ്കാരത്തിന് ആധാരഭൂതമായ കൃതികളില്‍ ഒന്നായ രാമായണപാരായണം ചെയ്യുന്നതോടൊപ്പം അതിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരുകയും ചെയ്യാന്‍ സാധിക്കുക എന്നതാണ് പരമപ്രധാനം. സാംസ്കാരികവും വൈകാരികവുമായ ഐക്യം ഊട്ടിയുറപ്പിക്കാനും സമത്വവും സാഹോദര്യവും നിലനിര്‍ത്താനും ഈ കാലഘട്ടത്തില്‍ രാമായണ പാരായണത്തിലൂടെ സാധ്യമാവട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.