പട്ടാഭിഷേകം
text_fieldsരാവണവധത്തിനുശേഷം ലങ്കാധിപനായി വിഭീഷണനെ അഭിഷേകം നടത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ ശ്രീരാമൻ ലക്ഷ്മണനോട് ആവശ്യപ്പെട്ടു. സമുദ്രജലം ഉൾപ്പെടെയുള്ള തീർഥങ്ങൾ സ്വർണക്കുടങ്ങളിലാക്കി വാദ്യഘോഷങ്ങളോടെ, ഹർഷാരവങ്ങളോടെ വാനരന്മാരും അവശേഷിച്ച രാക്ഷസന്മാരും പ്രസ്തുത ചടങ്ങിൽ പങ്കാളികളായി. തുടർന്ന് സീതയോട് നടന്ന സംഭവങ്ങളെല്ലാം വിവരിച്ച് അവരുടെ പ്രതികരണം എത്രയും പെട്ടെന്ന് അറിയിക്കാൻ ഹനുമാനോട് ശ്രീരാമൻ ആവശ്യപ്പെട്ടു.
ശ്രീരാമെൻറ വിജയവാർത്ത വലിയ ആഹ്ലാദത്തോടെയാണ് സീതാദേവി ഉൾക്കൊണ്ടത്. പല്ലക്കിൽ എഴുന്നള്ളിയ സീതയെ കണ്ടപ്പോൾ ഗൃഹങ്ങളും വസ്ത്രങ്ങളും രാജകീയാചാരങ്ങളുമല്ല, ചാരിത്യ്രമാണ് സ്ത്രീക്ക് ആവരണം എന്നാണ് രാമൻ പറഞ്ഞത്. അവിടെ കൂടി നിന്നവരെല്ലാം രാമെൻറ ഭാവമാറ്റം കണ്ട് അമ്പരന്നു. ചാരിത്യ്രസന്ദേഹം വന്നതുകൊണ്ട് മുന്നിൽ നിൽക്കുന്ന സീത നേത്രരോഗിക്ക് ദീപമെന്നപോലെ തനിക്ക് അഹിതയായി തീർന്നിരിക്കുന്നു എന്നും മറ്റാരെ വേണമെങ്കിലും ഇഷ്ടംപോലെ സ്വീകരിക്കാമെന്നുമൊക്കയാണ് അവിടെ കൂടിയിരുന്നവരുടെ മുന്നിൽവെച്ച് ശ്രീരാമൻ നിർലജ്ജം പറഞ്ഞത്!
അതുകേട്ട് തളർന്ന സീത രാമന് ഇതുവരെ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും തെൻറ ഹൃദയം അദ്ദേഹത്തിന് വിധേയമാണെന്നും ആണയിടുന്നുണ്ട്. ഒരർഥത്തിൽ രാമസന്ദേഹങ്ങളുടെ തീച്ചൂളയിലേക്കാണവർ സതിയാകാൻ സ്വയം എടുത്തു ചാടിയത്. എന്നാൽ സീതയുടെ വിശുദ്ധിയെ അഗ്നി സാക്ഷ്യപ്പെടുത്തുമ്പോൾ സത്പൂരുഷന് കീർത്തിയെ എന്നപോലെ മൂന്ന് ലോകത്തിലും വിശുദ്ധയായ മൈഥിലിയെ തനിക്ക് ഉപേക്ഷിക്കാനാകില്ലെന്ന് പറഞ്ഞ് രാമൻ അവരെ കൈക്കൊള്ളുകയാണ് ചെയ്തത്.
യുദ്ധവിജയിയായ രാമനെ ദേവേന്ദ്രൻ ഉൾപ്പെടെയുള്ളവർ വന്നുകണ്ട് അനുമോദിക്കുകയും സ്തുതിക്കുകയും ചെയ്യുന്നുണ്ട്. തനിക്കുവേണ്ടി യുദ്ധത്തിൽ മരിച്ച വാനരന്മാരെ ജീവിപ്പിക്കുന്നതിനും അവർ ഭക്ഷിക്കുന്ന ഫലങ്ങൾ മധുരമുള്ളതായി തീരുന്നതിനും കുടിനീര് തേനാകുന്നതിനുമാണ് അപ്പോൾ രാമൻ അപേക്ഷിച്ചത്. രാമലക്ഷ്മണന്മാരും സീതയും വാനരപ്രമുഖരും പുഷ്പകവിമാനത്തിൽ അയോധ്യയിലേക്ക് പുറപ്പെടുന്നു. വിമാനം പറന്നുയർന്നപ്പോൾ ശ്രീരാമൻ യുദ്ധഭൂമി കാണിച്ച് അവിടെ നടന്നതെല്ലാം വിശദീകരിച്ചുകൊടുത്തു. തുടർന്ന് ശ്രീരാമെൻറ പട്ടാഭിഷേക മഹോത്സവത്തിൽ മുഴുവൻ ജീവജാലങ്ങളും വിശ്വപ്രകൃതിയും പ്രപഞ്ചശക്തികളും ഒരുമിക്കുന്നുണ്ട്.
ഏതറ്റം വരെയും സഞ്ചരിച്ച് ധർമാർഥങ്ങളെ തിരിച്ചു പിടിക്കുന്നതിനുള്ള പരിശ്രമമാണ് ഇതിഹാസങ്ങളിൽ പരാമർശിക്കുന്ന യുദ്ധം. അതിൽ ഉന്നയിക്കുന്ന വിഷയങ്ങൾ അതത് ദേശകാലങ്ങൾക്കും സാമൂഹികവീക്ഷണങ്ങൾക്കും മൂല്യബോധത്തിനും അനുപൂരകമായിരിക്കും. അവ എക്കാലത്തും എവിടെയും ഒരുപോലെ പ്രസക്തമാണെന്നും എല്ലാവർക്കും ബാധകമാണെന്നും ആർക്കും ശഠിച്ചുകൂടാ.
അതുകൊണ്ട് ഒരു വ്യക്തിത്വം എന്നതിൽ കവിഞ്ഞ് ചില ഉൽകൃഷ്ട മൂല്യങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽവേണം ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളെ വിലയിരുത്താൻ. അവയിൽ പ്രതിപാദിക്കുന്ന രാജ്യാഭിഷേകം ഉൾപ്പെടെയുള്ള വിഷയാഖ്യാനങ്ങളാകട്ടെ, കാലികവും പരിവർത്തനനിരതവുമായ നൈതികബോധത്തിെൻറ പുനഃസ്ഥാപനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.